Home News Breaking News ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി… പലയിടത്തും ബസ്സുകൾ തടഞ്ഞു

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി… പലയിടത്തും ബസ്സുകൾ തടഞ്ഞു

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡ‍െന്റല്‍ കോളജിലെ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ ആത്മഹത്യയില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദലിത്, ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറിന് സമാപിക്കും. അവശ്യ സര്‍വീസുകളെ ഒഴിവാക്കി തീര്‍ത്തും സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കുമെന്നാണ് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുള്ളത്.
അടൂരിലും നെടുമങ്ങാടും വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.  സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
ഡെന്റല്‍ കോളജിലെ അധ്യാപകരായ ഡോ. റാം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, നിതിന്‍ രാജിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക, പത്ത് കോടി രൂപയുടെ അടിയന്തര സഹായം നല്‍കുക, ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കുക, ഡെന്റല്‍ കോളജിന്‍റെ അംഗീകാരം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍.
ഹർത്താൽ ആഹ്വാനമുണ്ടെങ്കിലും കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഹർത്താലുകളോട് സഹകരിക്കില്ലെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. കേരള ഗാർമെന്റ്സ് ഫെഡറേഷനും വസ്ത്രവ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.