പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ ആൺ സുഹൃത്ത് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മകൾക്ക് യുവാവുമായി പ്രണയബന്ധമുള്ളതായ് അറിയില്ലായിരുന്നുവെന്ന് അമ്മ ഷീജാ ബീവി പറഞ്ഞു.പെൺകുട്ടിയുടെ സംസ്കാരം ബുധനാഴ്ചയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയ കൊല്ലം കുളത്തൂപ്പുഴ സ്വദേശി ദിൻഷയെ കോഴഞ്ചേരി കീഴുകര സ്വദേശി ജിത്തു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതാണ് അരുംകൊലയ്ക്ക് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. എന്നാൽ ദിൻഷയും ജിത്തുവും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് ദിൻഷയുടെ അമ്മ ഷീജബീവി പറഞ്ഞു.
മകൾ എല്ലാ കാര്യങ്ങളും തന്നോട് പറയാറുണ്ടായിരുന്നെങ്കിലും പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കമ്മൽ പണയം വച്ചാണ് കഴിഞ്ഞദിവസം ദിൻഷയ്ക്ക് പണം അയച്ചു നൽകിയത്. വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടിരുന്നതായും അമ്മ പറയുന്നു.
ദിൻഷയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് 6 മണിയോടെ കുളത്തൂപ്പുഴടൗൺ മുസ്ലീം ജമാഅത്തിൽ ഖബറടക്കും. പ്രതി ജിത്തുവിനെ ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കും.





























