Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ|2026 | മേയ് 26,|1201 | ഇടവം 12, അത്തം

പത്രം മലയാള ദിനപത്രങ്ങളിലൂടെ|2026 | മേയ് 26,|1201 | ഇടവം 12, അത്തം

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 | മേയ് 26, ചൊവ്വ  |  1201 | ഇടവം 12, അത്തം
വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി

പെട്രോൾ, ഡീസൽ വിലവർദ്ധനവ്: നികുതി കുറയ്ക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നത് സര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും നികുതി കുറയ്ക്കുന്നതു പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. 11 ദിവസത്തിനിടെ നാലു തവണയായി എട്ടു രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ നികുതിയനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 1,100 കോടി രൂപ അധികമായി ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്.

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി വർദ്ധിപ്പിച്ചു

അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട ഹൈക്കോടതി മറ്റു 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം തടവുശിക്ഷയാക്കി വര്‍ധിപ്പിച്ചു. മണ്ണാര്‍ക്കാട് വിചാരണ കോടതി പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയായിരുന്നു വിധിച്ചിരുന്നത്. രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി കുരിക്കള്‍ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് ജീവിപര്യന്തമാക്കിയത്. മൂന്നു മാസം തടവിനു ശിക്ഷിക്കപ്പെട്ട 16-ാം പ്രതി ഒരു വര്‍ഷം ജയിലില്‍ കിടക്കണം. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം; മന്ത്രി എൻ. ഷംസുദീൻ ഫലപ്രഖ്യാപനം നടത്തും

പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞു മൂന്നിന് മന്ത്രി എന്‍. ഷംസുദീന്‍ ഫലപ്രഖ്യാപനം നടത്തും.

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളും ബാച്ചുകളും വർദ്ധിപ്പിച്ചു; ജൂൺ 3 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം സീറ്റാണു വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ രീതിയിലാണ് വര്‍ധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകള്‍ തുടരും. പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ മൂന്നുവരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.

കുന്നംകുളം കസ്റ്റഡി മർദ്ദനം: അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ 2023 ഏപ്രില്‍ ആറിന് കസ്റ്റഡിയില്‍ മര്‍ദിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചക്കം നല്‍കാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. പ്രതികളായ അഞ്ചു പൊലീസുകാരെ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് സുജിത്തും കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നിവേദനം നല്‍കി.

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്: പരാതിക്കാരി മൊഴി മാറ്റി

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയും മൊഴി മാറ്റി. എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതി നെയ്യാറ്റിന്‍കര കോടതിയില്‍ മൊഴി നല്‍കിയത്. പരാതിക്കാരി ഉള്‍പ്പെടെ നാലു സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെ ജാമ്യം റദ്ദാക്കി, റിമാൻഡ് ചെയ്യാൻ ഉത്തരവ്

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും റിമാന്‍ഡ് ചെയ്യാന്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രവര്‍ത്തകരായ 17 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനാലാണ് ജാമ്യം റദ്ദാക്കിയത്.

വഖഫ് ബോർഡിനെ പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി

വഖഫ് ബോര്‍ഡിനെ പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി. കരം അടയ്ക്കുന്ന ഭൂമി എങ്ങനെ ഉമീദ് പോര്‍ട്ടലില്‍ ചേര്‍ത്തെന്നും തര്‍ക്കമുള്ള ഭൂമി ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നും സമരസമതി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണും. സമരം ഇപ്പോഴില്ല, അതിന് മുന്‍പ് വിഷയങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്നം: താമസക്കാരുടെ ഭൂമി സംരക്ഷിക്കുകയായിരുന്നു എൽഡിഎഫ് നിലപാടെന്ന് പി. രാജീവ്

മുനമ്പത്തു താമസിക്കുന്നവരുടെ ഭൂമി സംരക്ഷിക്കണമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്ന് മുന്‍ മന്ത്രി പി രാജീവ്. കോടതി അത് അംഗീകരിച്ചില്ല. സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പഠിച്ചു തീരുമാനമെടുക്കണം. രാജീവ് പറഞ്ഞു.

ഹർഷിനയ്ക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകും; മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും നടത്തിയ ചർച്ചയിൽ തീരുമാനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തിയ ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കും. ചികിത്സ പിഴവിന് ഇരയായ ഹര്‍ഷിന മുഖ്യമന്ത്രി വിഡി സതീശനെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും കണ്ട് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.

‘ഓപ്പറേഷൻ തൂഫാൻ’: ലഹരിക്കെതിരെ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി

ലഹരിക്കെതിരെ കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലവും പുനര്‍മൂല്യനിര്‍ണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രാധാന് കത്തയച്ചു.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. ആകെയുള്ള 37 സീറ്റുകളില്‍ 35 സീറ്റും എസ്എഫ്‌ഐ യൂണിയന്‍ നേടി. എസ്എഫ്‌ഐയുടെ എസ് ശിവനാണ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍.

തിരുവനന്തപുരം പാളയത്ത് എസ്എഫ്ഐ-കെഎസ്യു സംഘർഷം; പോലീസ് ലാത്തിവീശി

തിരുവനന്തപുരം പാളയത്ത് എസ്എഫ്ഐ-കെ എസ് യു സംഘര്‍ഷം. കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരു സംഘടനകളിലെയും പ്രവര്‍ത്തകര്‍തമ്മില്‍ ഏറ്റുമുട്ടിയത്. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇന്ന് എസ്എഫ്ഐയുടെ സെക്രട്രിയേറ്റ് മാര്‍ച്ച്.

അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന്റെ പേരിൽ സപ്ലൈകോ നോട്ടുബുക്കുകൾ പുറത്തിറക്കുന്നു

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ പേരില്‍ സപ്ലൈകോ നോട്ടുബുക്കുകള്‍ പുറത്തിറക്കുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇവ വിപണിയിലിറക്കും.

“മുകളിലിരിക്കുന്നവരാണ് സിപിഎമ്മിനെ തകർക്കുന്നത്, പാർട്ടിയിൽ ആത്മവിമർശനമില്ല”: ജി. സുധാകരൻ എംഎൽഎ

മുകളിലിരിക്കുന്നവരാണ് സിപിഎമ്മിനെ തകര്‍ക്കുന്നതെന്നും സിപിഎമ്മില്‍ ആത്മവിമര്‍ശനമില്ലെന്നും ജി സുധാകരന്‍ എംഎല്‍എ. സിപിഎമ്മില്‍ തുടരാനാകാത്ത സാഹചര്യമായതുകൊണ്ടാണ് പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്നത്. തങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാലത്തെ പാര്‍ട്ടിയല്ല ഇപ്പോഴത്തെ പാര്‍ട്ടി. കമ്യൂണിസവും ആദര്‍ശവും പ്രസംഗത്തിലേയൂള്ളൂ. പണമുണ്ടാക്കുക, ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കുക എന്നതാണ് പാര്‍ട്ടി നേതാക്കളുടെ ചിന്ത. സുധാകരന്‍ പറഞ്ഞു.

പെട്രോൾ, ഡീസൽ വിലവർദ്ധനവ് കേന്ദ്രത്തിന്റെ പകൽക്കൊള്ളയെന്ന് പിണറായി വിജയൻ

പെട്രോള്‍, ഡീസല്‍ വില അടിക്കടി വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: രണ്ട് യുവതികൾ അഞ്ചലിൽ അറസ്റ്റിൽ

ആര്‍ച്ചലില്‍ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് സ്വദേശിനി ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി സ്വദേശിനി ഗായത്രി മോഹനന്‍(26) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റുചെയ്തത്. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് ബൈക്കാണ് കത്തിച്ചത്. ആരതിയും വിവേകുമായുള്ള വിവാഹാലോചന മുടങ്ങിയതിന്റെ വൈരാഗ്യമാണ് കാരണം. കസ്റ്റഡിയിലിരിക്കേ എലിവിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ആരതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 16 വർഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 35,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്ദുല്‍ മിഹ്‌റാജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ. മനോജ് ശിക്ഷിച്ചത്.

എഐഎഡിഎംകെ വിമതപക്ഷത്തെ മൂന്ന് എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു

എഐഎഡിഎംകെ വിമതപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവച്ച് ടിവികെയില്‍ ചേര്‍ന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎല്‍എ എസ്.ജയകുമാര്‍, ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം എംഎല്‍എ മരകതം കുമാരവേല്‍, തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരം എംഎല്‍എ പി.സത്യഭാമ എന്നിവരാണ് ടിവികെയില്‍ ചേര്‍ന്നത്.

കേരളത്തിൽ ബിജെപിയുടെ മുന്നേറ്റത്തെ ചെറുത്തു; പരാജയം പരിശോധിക്കുമെന്ന് എം.എ. ബേബി

കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെ ചെറുത്തെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി. തമിഴ്നാട്ടില്‍ ബിജെപി പൂര്‍ണ്ണമായി തകര്‍ന്നു. എന്നാല്‍ രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി മാറി. കേരളത്തിലുണ്ടായ പരാജയം പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച അദ്ദേഹം, പാര്‍ട്ടിയും മുന്നണിയും അതേക്കുറിച്ചു പരിശോധിക്കുന്നുണ്ടെന്നും പറഞ്ഞു.

കോയമ്പത്തൂർ പീഡനക്കേസ് പത്രസമ്മേളനത്തിൽ പോലീസുകാരുടെ കളിചിരി; വിവാദമായി പെരുമാറ്റം

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസ് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ കളിചിരിയുമായി പോലീസ് ഓഫീസര്‍മാര്‍. വെസ്റ്റ് സോണ്‍ ഐജി ആര്‍.വി. രമ്യ ഭാരതി, കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി പി. സാമിനാഥന്‍, കോയമ്പത്തൂര്‍ എസ്പി അല്ലട്ടിപ്പള്ളി പവന്‍കുമാര്‍ റെഡ്ഡി തുടങ്ങിയവരാണ് ഇങ്ങനെ പെരുമാറി വിവാദമായത്.

ഇന്ത്യക്കാർക്ക് സൗജന്യ വിസയോടെ ശ്രീലങ്ക സന്ദർശിക്കാം; 30 ദിവസത്തേക്ക് അനുമതി

ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസ അടക്കം ഒരു ഫീസുമില്ലാതെ 30 ദിവസത്തേക്ക് ‘ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍’ വഴി ശ്രീലങ്ക സന്ദര്‍ശിക്കാം. യാത്ര തിരിക്കുന്നതിന് മുന്‍പായി ഡിജിറ്റല്‍ ഇലക്ട്രോണിക് ട്രാവല്‍ അതോറിറ്റി വഴി അനുമതി തേടിയിരിക്കണം.

ആദ്യ ഘട്ട പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി

ആദ്യ ഘട്ട പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വിതരണം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകിയമ്മ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവില്‍ നിന്ന് പത്മശ്രീ ഏറ്റുവാങ്ങി. മമ്മൂട്ടി, വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള മറ്റ് ജേതാക്കള്‍ക്ക് അടുത്ത ഘട്ടത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

ഓൺലൈൻ എയർ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകളിലെ അമിതചൂഷണം: കേന്ദ്ര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

ഓണ്‍ലൈന്‍ എയര്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ അമിതമായി ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നുവെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം. എയര്‍ലൈനുകള്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ‘അന്യായമായ വ്യാപാര രീതി’ ആണോ എന്ന് പരിശോധിക്കും. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നാണ് ഈ നടപടി.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധനവ്: ഇന്ത്യയുടെ ഇറക്കുമതി ചെലവ് 52.3% ഉയർന്നു

യുദ്ധം കാരണം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ, അളവ് കുറഞ്ഞിട്ടും ഏപ്രിലില്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് 52.3% വര്‍ധിച്ചു. ഖത്തറില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടത് പ്രകൃതി വാതക ഇറക്കുമതിയെയും സാരമായി ബാധിച്ചു. എന്നാല്‍, ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചത് കയറ്റുമതി വരുമാനം വര്‍ധിക്കാന്‍ കാരണമായി.

ഇറാനിൽ വൻ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്; ഹോർമുസ് കടലിടുക്കിന് സമീപം പരിഭ്രാന്തി

ഇറാനില്‍ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലും സമീപ പ്രദേശങ്ങളിലും ചില സ്ഥലങ്ങളില്‍ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലെ കപ്പലുകളിൽ നിന്നുള്ള ഈടാക്കൽ യാത്രാ നികുതിയല്ലെന്ന് ഇറാൻ

ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് ഇടാക്കുന്നത് യാത്രാ നികുതിയല്ലെന്നും മറിച്ച് നാവിഗേഷന്‍ സേവനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള സേവന നിരക്കുകളാണെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേല്‍ ബഖായിയാണ് തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലെ ന്യൂ ഓർലിയൻസ് നഗരം പൂർണ്ണമായും കടലെടുക്കുമെന്ന് പഠനം

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് നഗരം പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠനം. സമുദ്രനിരപ്പ് ഉയര്‍ന്ന് ഇവിടെ ജനവാസം അസാധ്യമാവുമെന്നും നേച്ചര്‍ സസ്‌റ്റൈനബിലിറ്റി ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വിലയിരുത്തുന്നു. വലിയ ദുരന്തം ഒഴിവാക്കാന്‍ ഇപ്പോള്‍ത്തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും പഠനം അധികൃതരോട് ആവശ്യപ്പെടുന്നു.

നിർമ്മിത ബുദ്ധിയുടെ നിയന്ത്രണം ചിലരുടെ കൈകളിൽ ഒതുങ്ങരുത്: ലെയോ മാർപ്പാപ്പ

നിര്‍മ്മിതബുദ്ധിയുടെ നിയന്ത്രണം ചിലരുടെ മാത്രം കൈകളില്‍ ഒതുങ്ങരുതെന്ന് ലെയോ മാര്‍പ്പാപ്പ. അദ്ദേഹം പുറത്തിറക്കിയ ആദ്യ ദൈവശാസ്ത്ര രേഖയിലൂടെയാണ് എ ഐയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് ധരംശാലയിൽ തുടക്കം; ആർസിബി ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

ഐപിഎല്ലില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ഇന്ന് തുടക്കം. ഒന്നാം സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയി 31 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് യോഗ്യത നേടും. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് ഫൈനലിലെത്താന്‍ ഒരവസരം കൂടി ലഭിക്കും. നാളെ നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിലെ വിജയികളെ 31 നടക്കുന്ന മത്സരത്തില്‍ തോല്‍പിച്ചാലും ഇവര്‍ക്ക് ഫൈലിലെത്താനാകും.

ലയണൽ മെസിക്ക് ശതകോടീശ്വര പദവി; ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഫുട്ബോൾ താരം

കരിയറിലെ മറ്റൊരു വലിയ സുവര്‍ണ നേട്ടമായി മെസിക്ക് ശതകോടീശ്വര പദവി. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം ‘ബില്യണയര്‍’ (ശതകോടീശ്വരന്‍) പദവി കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഫുട്‌ബോള്‍ താരമാവുകയാണ് ഇന്റര്‍ മയാമി ക്യാപ്റ്റന്‍ കൂടിയായ മെസി. പുതിയ ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയിലാണ് മെസിയുടെ ആകെ ആസ്തി 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) പിന്നിട്ടതായി വ്യക്തമാക്കുന്നത്. 2007 മുതല്‍ ശമ്പള ഇനത്തിലും ബോണസായും 700 മില്യണ്‍ ഡോളറിലധികം (ഏകദേശം 5,800 കോടി രൂപ) മെസി സമ്പാദിച്ചിട്ടുണ്ട്. നികുതി കിഴിവുകള്‍ക്ക് ശേഷമുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം, ആഗോള ബ്രാന്‍ഡുകളുടെ പരസ്യ കരാറുകള്‍, വിപണിയിലെ മികച്ച പ്രകടനം എന്നിവയാണ് മെസിയുടെ ആസ്തി 100 കോടി ഡോളര്‍ എന്ന മാന്ത്രികസംഖ്യ കടക്കാന്‍ സഹായിച്ചത്. 2023-ലാണ് റൊണാള്‍ഡോ ഈ നേട്ടത്തില്‍ ആദ്യമെത്തിയത്.

അജ്ഞാത കോളർമാരെ നിശ്ശബ്ദമാക്കാൻ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

‘അജ്ഞാത കോളര്‍മാരെ നിശബ്ദമാക്കുക’ എന്ന സവിശേഷത ഇറക്കി വാട്ട്‌സ്ആപ്പ്. നിങ്ങളുടെ വാട്ട്‌സ്ആപ്പ് കോള്‍ ലോഗിനെയും കോണ്‍ടാക്റ്റ് ലിസ്റ്റിനെയും അടിസ്ഥാനമാക്കിയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അജ്ഞാത നമ്പറുകളില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുന്നു. ഇത് നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത ഒരു നമ്പറില്‍ നിന്ന് നിങ്ങള്‍ക്ക് വാട്ട്‌സ്ആപ്പില്‍ ഒരു കോള്‍ ലഭിക്കുകയും നിങ്ങള്‍ ആ നമ്പറുമായി വാട്ട്‌സ്ആപ്പില്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കില്‍, വാട്ട്‌സ്ആപ്പ് ആ വോയ്‌സ്/വീഡിയോ കോള്‍ മ്യൂട്ട് ചെയ്യും. എന്നാല്‍, നിങ്ങള്‍ സംസാരിച്ച നമ്പറുകളില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല. ഈ ഫീച്ചര്‍ ലഭിക്കാന്‍ ആദ്യം വാട്ട്‌സ്ആപ്പ് ആപ്പ് തുറക്കുക. ഇനി മുകളില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം സെറ്റിംഗ്സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ സ്വകാര്യതാ ഓപ്ഷനിലേക്ക് പോകുക. ഇവിടെ നിങ്ങള്‍ക്ക് ‘അജ്ഞാത കോളര്‍മാരെ നിശബ്ദമാക്കുക’ എന്ന ഓപ്ഷന്‍ ലഭിക്കും. ഇനി ഈ ബട്ടണ്‍ ഓണ്‍ ചെയ്യുക. ടാസ്‌ക് പൂര്‍ത്തിയായി.

2026 ഫിഫ ലോകകപ്പ് ഔദ്യോഗിക ഗാനത്തിന്റെ വീഡിയോ ആൽബം പുറത്തുവിട്ട് ഷക്കീറ

2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനത്തിന്റെ വിഡിയോ ആല്‍ബം പുറത്തുവിട്ട് ഷക്കീറ. ഷക്കീറയും നൈജീരിയന്‍ കലാകാരനായ ബെര്‍ണ ബോയ്യും ചേര്‍ന്ന് ഒരുക്കിയ ‘ദായ് ദായ്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ‘വക്കാ വക്കാ’ എന്ന ഹിറ്റ് ലോകകപ്പ് ആന്തത്തിന് ശേഷം ഷക്കീറ പാടുന്ന ഔദ്യോഗിക ഗാനമാണ് ‘ദായ് ദായ്’. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഗാനം, ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലാന്‍ഡ് തുടങ്ങിയ ഫുട്ബോള്‍ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. ‘ഞങ്ങള്‍ തയ്യാറാണ്’ എന്ന് ഫുട്ബോള്‍ താരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. തുടര്‍ന്ന് മെക്സico സിറ്റിയിലെ എയ്ഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് സ്തൂപത്തിന് മുകളിലിരിക്കുന്ന ഷക്കീറയെ വിഡിയോയില്‍ കാണാം. ഒരു കൂട്ടം കുട്ടികളും ഷക്കീറയ്ക്കൊപ്പം കലക്കന്‍ ഡാന്‍സുമായി ചേരുന്നുണ്ട്. ബെര്‍ണ ബോയ്യും വിഡിയോ ഗാനത്തിലുണ്ട്. ജൂണ്‍ 11-ന് മെക്സിക്കോയിലാണ് 2026 ഫിഫ ലോകകപ്പ് ആരംഭിക്കുന്നത്. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

പൂർണ്ണമായും എഐ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ മലയാള സിനിമ ‘വാഗ്ദത്ത ഭൂമി’ റിലീസിന് ഒരുങ്ങുന്നു

പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ സിനിമ ‘വാഗ്ദത്ത ഭൂമി’ റിലീസിന് ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ ആദ്യ എ ഐ ആര്‍ട്ട് ഹൗസ് സിനിമ എന്ന പ്രത്യേകതയും വാഗ്ദത്ത ഭൂമിക്ക് അവകാശപ്പെട്ടതാണ്. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പന്‍ നിര്‍മ്മിച്ച് സിദ്ധിക്ക് പറവൂര്‍ രചന, ആനിമേഷന്‍, സംവിധാനം എന്നിവ നിര്‍വഹിച്ച സിനിമയാണ് ഇത്. ഭാര്യ ക്ലാരയോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന സോളമന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റായി മകന്‍ സാം കടന്നു വരുന്നു. തൊഴില്‍ തേടി കാനഡയിലേക്ക് കുടിയേറിയ സാം അവിടെ പുതിയ ജീവിതം കെട്ടിപ്പടുക്കുവാനായി സോളമന്റെ പേരിലുള്ള വീടും കൃഷിസ്ഥലവും വില്‍ക്കുവാന്‍ സോളമന്റെ അനുവാദം ചോദിക്കാതെ കരാറില്‍ ഏര്‍പ്പെടുന്നു. കുടുംബ ബന്ധങ്ങളുടെ നിശബ്ദ വേദനയും തലമുറകളുടെ സ്വപ്നങ്ങളും പ്രകൃതിയോട് ചേര്‍ന്ന മനുഷ്യന്റെ അടുപ്പവും ആഴത്തില്‍ സ്പര്‍ശിക്കുന്ന സിനിമയാണ് വാഗ്ദത്ത ഭൂമി.

ട്രയംഫിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ ‘സ്ട്രീറ്റ് ട്രിപ്പിൾ 765 ആർഎക്സ്’ ഇന്ത്യയിലെത്തി

ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്, പുതിയ ലിമിറ്റഡ് എഡിഷന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എക്സ് പുറത്തിറക്കി. 2026 അണ്‍ലീഷ്ഡ് കാമ്പെയ്‌നിന്റെ ഭാഗമായാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചത്. 13.91 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്സ്-ഷോറൂം വില. 2025 നവംബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് മോഡല്‍ ഇപ്പോള്‍ ഇന്ത്യയില്‍ എത്തുന്നത്. കമ്പനിയുടെ പുതുക്കിയ ബോണവില്ലെ സീരീസിനും സ്പീഡ് ട്വിന്‍ 1200 കഫേ റേസര്‍ എഡിഷനും ഒപ്പം ഇത് ലഭ്യമാകും. നിലവിലുള്ള സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എസ് ന്റെ കൂടുതല്‍ ട്രാക്ക്-ഫോക്കസ്ഡ് പതിപ്പായിട്ടാണ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 ആര്‍എക്സ് അവതരിപ്പിച്ചിരിക്കുന്നത്. 765 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍-ട്രിപ്പിള്‍ എഞ്ചിന്‍ ഉണ്ട്. ഈ എഞ്ചിന്‍ 12,000 ആര്‍പിഎമ്മില്‍ 130 ബിഎച്പി പവറും 9,500 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

പുസ്തക പരിചയം: സോഹൻ ലാലിന്റെ ‘ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി’

ഇന്ത്യ കാണാന്‍ മോഹിച്ച ഒരു അന്ധബാലന്റെ കഥ. 15,000 കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ മകനെയും കൊണ്ട് യാത്ര ചെയ്ത ഒരച്ഛന്റെ കഥ. അനിതരസാധാരണമായ ഒരു ചലച്ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റെ ഹൃദയസ്പര്‍ശിയായ യാത്രാനുഭവവും. ‘ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി’. സോഹന്‍ ലാല്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here