Home Blog Page 931

കേന്ദ്രസർവീസിൽ മെഡിക്കൽ ഓഫീസർ തിരഞ്ഞെടുപ്പ്; പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി യു.പി.എസ്.സി.

കേന്ദ്ര ഗവൺമെന്റ് സർവീസിലേക്ക് മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള 2026-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

1358 ഒഴിവാണുള്ളത്. രാജ്യത്താകെ 48 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് രണ്ടിന് പരീക്ഷനടത്തും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങളുണ്ടാകും. എഴുത്തുപരീക്ഷയ്ക്കുശേഷം അഭിമുഖംകൂടി നടത്തിയാകും തിരഞ്ഞെടുപ്പ്.

ഒഴിവുകൾ

സെൻട്രൽ ഹെൽത്ത് സർവീസസ് -864, റെയിൽവേസ് -450, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ -14, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി -30. ഓരോ കേന്ദ്രത്തിലും നിശ്ചിതയെണ്ണം ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്. ശമ്പളസ്‌കെയിൽ: 56,100-1,77,500 രൂപ.

യോഗ്യത
എം.ബി.ബി.എസ്. ബിരുദം (എഴുത്തുപരീക്ഷയും പ്രായോഗികപരീക്ഷയും വിജയിച്ചിരിക്കണം). അവസാനവർഷ വിദ്യാർഥികൾക്കും നിശ്ചിതസമയപരിധിക്കകം സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന ഉപാധിയോടെ അപേക്ഷിക്കാം.

അപേക്ഷ
upsconline.gov.in വഴി അപേക്ഷിക്കണം. അവസാനതീയതി- മാർച്ച് 31-ന് വൈകീട്ട് ആറുവരെ. വിവരങ്ങൾക്ക്: upsc.gov.in

സ്‌ട്രോക് വരുന്നത് തടയാൻ കുടിക്കേണ്ട 5 പാനീയങ്ങൾ

സ്‌ട്രോക് വന്നാൽ അത് തലച്ചോറിനെ ബാധിക്കുകയും എന്തെങ്കിലും തരത്തിലുള്ള അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ മരണവരെ സംഭവിക്കാനും സാധ്യതയുണ്ട്. സ്‌ട്രോക് വരുന്നത് തടയാൻ ഈ പാനീയങ്ങൾ കുടിക്കൂ.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം കൂട്ടുകയും ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

സിട്രസ് ജ്യൂസ്
സിട്രസ് ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട് എന്നിവ ജ്യൂസടിച്ച് കുടിക്കാം. ഇത് സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കും.

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതിലൂടെ സ്‌ട്രോക് വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

മാതള ജ്യൂസ്

മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുകയും സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറി സ്മൂത്തി

രുചി മാത്രമല്ല ഇതിൽ ധാരാളം ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം

കുവൈത്ത്: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിന അൽ അഹ്മദി റിഫൈനറിയിലെ ഒരു ഓപ്പറേഷണൽ യൂണിറ്റിന് നേർക്ക് ഇന്ന് രാവിലെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര പ്രതികരണ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തീ നിയന്ത്രണവിധേയമാക്കി. സ്ഥിതിഗതികൾ ബന്ധപ്പെട്ട അധികൃതർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കുമെന്നും കെപിസി അറിയിച്ചു.

Also Read: നട്ടെല്ല് വളയ്ക്കാതെ ട്രംപിന് യൂറോപ്യൻ രാഷ്ട്രങ്ങളുടെ മറുപടി; ‘ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ ആരുടെയും ദാസന്മാരല്ല’

അതേസമയം ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന ഖത്തറി സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം ഉത്പാദനം നിർത്തലാക്കുന്നതിനു മുമ്പ് ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തോളം നൽകിയിരുന്ന എൽഎൻജി പ്ലാന്റ് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. നാല് മിസൈലുകളെ തടഞ്ഞെങ്കിലും ഒന്ന് നിർവീര്യമാക്കാൻ സാധിച്ചില്ലെന്ന് അധികൃതർ ബുധനാഴ്ച വൈകി അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം, അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് അവ അടച്ചുപൂട്ടി.

വ്യാഴാഴ്ച പുലർച്ചെ റാസ് ലഫാനിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായി. തീ നിയന്ത്രണവിധേയമായെന്ന് ഖത്തർ അധികൃതർ പറഞ്ഞു. ഇറാനിലെ ഭീമൻ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ഇസ്രായേൽ ആക്രമിച്ചതിനെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെയും പ്രകൃതി വാതകത്തിന്റെയും വില ഇന്നലെ രാവിലെ കുതിച്ചുയർന്നു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ നിരവധി ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. റാസ് ലഫാനെതിരെയുള്ള പ്രതികാര ആക്രമണം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വുഡ് മക്കെൻസി ലിമിറ്റഡിന്റെ കൺസൾട്ടൻസിയിലെ യൂറോപ്പ് ഗ്യാസ് ആൻഡ് എൽഎൻജി ഡയറക്ടർ ടോം മാർസെക്-മാൻസർ പറഞ്ഞു.

ഐപിഎസുകാരിക്കും രക്ഷയില്ല, അറസ്റ്റ് വിവരം വിശദമാക്കി വീഡിയോ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബോഡി ഷേമിംഗ് രൂക്ഷം,കമന്റ് ബോക്സ് പൂട്ടേണ്ട ഗതികേടിൽ പൊലീസ്

മിർസപൂർ: അറസ്റ്റ് വാർത്തയെക്കുറിച്ച് വിശദമാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷേമിംഗ്. അധിക്ഷേപം പരിധികൾ ലംഘിച്ചതോടെ കമന്റ് ബോക്സ് പൂട്ടി പൊലീസ്. ഉത്തർ പ്രദേശിലെ മിർസപൂരിലാണ് പൊതുസേവന രംഗത്തുള്ള വനിതകൾ നേരിടേണ്ടി വരുന്ന അധിക്ഷേപത്തേക്കുറിച്ച് മാതൃകയാക്കാവുന്ന സംഭവം നടന്നത്. ഏറെക്കാലമായി പൊലീസിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ പിടികൂടിയ സംഭവത്തേക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മിർസാപൂരിലെ പൊലീസ് സൂപ്രണ്ട് അപർണ രജത് കൌഷിക് ഐപിഎസിനാണ് രൂക്ഷമായ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥയുടെ മികച്ച പ്രവർത്തനത്തിന് അഭിനന്ദനം ലഭിക്കുന്നതിന് പകരം അശ്ലീല പരാമർശമാണ് അപർണ രജത് കൌഷിക് നേരിടേണ്ടി വന്നത്.

Also Read: ‘കേദാർനാഥ് ക്ഷേത്രത്തിൽ കയറണമെങ്കിൽ സാറ അലി ഖാന്‍ വിശ്വാസം തെളിയിക്കുന്ന സത്യവാങ്മൂലം നൽകണം

വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്. കമന്റ് ബോക്സ് അടച്ച പൊലീസ് നടപടിക്ക് നേരെയും വിമർശനം ശക്തമാണ്. അശ്ലീല പരാമർശം നടത്തിയവരെ പിടികൂടുന്നതിന് പകരം കമന്റ് ബോക്സ് അടയ്ക്കുന്നതാണോ പൊലീസിന്റെ കൃത്യനിർവ്വഹണമെന്നാണ് ഉയരുന്ന വിമർശനം. സൈബർ ബൂള്ളിയിംഗിനെതിരെ വലിയ രീതിയിലുള്ള ചർച്ചയുയരാൻ സംഭവം കാരണമായിട്ടുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഇത്തരം അധിക്ഷേപം നേരിടുമ്പോൾ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്നാണ് നിരവധി ആളുകൾ ചോദിക്കുന്നത്.

2018ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് അപർണ. നിലവിൽ മിർസാപൂരിലെ പൊലീസ് സൂപ്രണ്ടാണ് അപർണ. ഗുരഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അപർണ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നത്. വർഷത്തിൽ 18 ലക്ഷം രൂപയോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അപർണ ജനസേവനത്തിന് ഇറങ്ങിയത്. മുൻപ് അമേഥിയുടെ പൊലീസ് സൂപ്രണ്ടായിരുന്ന അപർണ കാസാഗഞ്ച്, ഔറേയ്യ എന്നിവിടങ്ങളിൽ നിരവധി പൊലീസ് നടപടികളുടെ ഭാഗമായിട്ടുണ്ട്. ലക്നൌവ്വിലെ ഡെപ്യൂട്ടി കമ്മീഷണർ ചുമതലയും അപർണ നിർവ്വഹിച്ചിട്ടുണ്ട്. എൻഐടി അലഹബാദിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കിയ ശേഷമാണ് അപർണ സിവിൽ സർവീസിലേക്ക് എത്തിയത്.

നട്ടെല്ല് വളയ്ക്കാതെ ട്രംപിന് യൂറോപ്യൻ രാഷ്ട്രങ്ങളുടെ മറുപടി; ‘ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ ആരുടെയും ദാസന്മാരല്ല’

ബെർലിൻ: പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം വ്യക്തമാക്കി. “ഇത് ഞങ്ങളുടെ യുദ്ധമല്ല” എന്ന കർശന നിലപാടാണ് ജർമ്മനിയും ഫ്രാൻസും ഉൾപ്പെടെ പ്രമുഖ യൂറോപ്യൻ ശക്തികളെല്ലാം ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ വിന്യസിക്കണമെന്ന ട്രംപിന്റെ ആവശ്യം ഇതിലൂടെ യൂറോപ്യൻ നേതാക്കൾ തള്ളിക്കളഞ്ഞു.

അമേരിക്കയുടെ നീക്കങ്ങളിലുള്ള സംശയം പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടാണ് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രസംഗിച്ചത്. അയൽരാജ്യങ്ങൾക്ക് ഇറാൻ ഭീഷണിയാകരുത് എന്ന നിലപാടിലാണ് യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ ഇപ്പോഴത്തെ യുദ്ധത്തിന് പിന്നിലെ യുക്തി ബോധ്യപ്പെടുന്നില്ലെന്ന് മെർസ് പറഞ്ഞു. ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് അതിരൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ തുടങ്ങിയ യുദ്ധവുമല്ല’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ആദ്യം യുദ്ധമുഖത്തേക്ക് സൈന്യത്തെ അയച്ച് അമേരിക്കയുടെ ഗുഡ് ബുക്കിൽ ഇടംനേടാൻ ശ്രമിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നിലപാട് മാറ്റി. ഈ സംഘർഷത്തിൽ ഫ്രാൻസ് കക്ഷിയല്ലെന്നാണ് പുതിയ പ്രതികരണം. സ്പെയിനിലെ ഉപപ്രധാനമന്ത്രി മരിയ ജോസ് മൊണ്ടേറോ സ്പെയിൽ ‘ആരുടെയും ദാസന്മാരല്ല’ എന്നാണ് ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ചത്. സ്പെയിനിലെ 68 ശതമാനം ജനങ്ങളും യുദ്ധത്തെ എതിർക്കുന്നുവെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. തന്റെ സഹായ അഭ്യർത്ഥന യൂറോപ്യൻ രാജ്യങ്ങൾ തള്ളിയതോടെ, ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. തങ്ങൾക്ക് നാറ്റോ രാജ്യങ്ങളുടെയോ ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളുടെയോ സഹായം ആവശ്യമില്ലെന്നും, ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.

യുദ്ധത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നതാണ് യൂറോപ്പിന്റെ പ്രധാന പരാതി. അമേരിക്കയുടെ ലക്ഷ്യം പ്രതിരോധമാണോ അതോ ഇറാനിലെ ഭരണമാറ്റമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യൂറോപ്യൻ നേതാക്കൾ സംശയിക്കുന്നു. ഇന്ധനവില വർദ്ധനവും അഭയാർത്ഥി പ്രവാഹവും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾ കരുതുന്നു. യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞത് ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി. ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നത് യൂറോപ്പിൽ കടുത്ത വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. സമാധാനപ്രേമിയെന്ന് സ്വയം അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് “യുദ്ധ പ്രസിഡന്റായി” മാറിക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകർ കുറ്റപ്പെടുത്തുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇപ്പോൾ അതിനേക്കാൾ വലിയ യുദ്ധത്തിലേക്ക് ലോകത്തെ നയിക്കുന്നുവെന്ന വിമർശനമാണ് ശക്തമാകുന്നത്.

‘കേദാർനാഥ് ക്ഷേത്രത്തിൽ കയറണമെങ്കിൽ സാറ അലി ഖാന്‍ വിശ്വാസം തെളിയിക്കുന്ന സത്യവാങ്മൂലം നൽകണം

ന്യൂഡൽഹി: ബോളിവുഡ് നടി സാറ അലി ഖാൻ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രത്തിൽ അനുഗ്രഹം തേടണമെങ്കിൽ വിശ്വാസിയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു. അഹിന്ദുക്കൾക്കായി ക്ഷേത്ര കമ്മിറ്റി പുതിയ നിയമം കൊണ്ടുവന്നുവെന്ന് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ ഹിന്ദുക്കളല്ലാത്തവർ ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

കേദാർനാഥിൽ പ്രവേശിക്കാൻ സാറ അലി ഖാൻ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന തെളിവുകൾ അഹിന്ദു ഭക്തർ നൽകണമെന്ന് ദ്വിവേദി കൂട്ടിച്ചേർത്തു. സാറാ അലി ഖാൻ സനാതന ധർമ്മത്തോടുള്ള തന്റെ ഭക്തി പ്രകടിപ്പിക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്താൽ, ഞങ്ങൾ അവർക്ക് പ്രാർത്ഥന നടത്താൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ സിനിമയുടെ പേര്, കേദാർനാഥുമായി സാറാ അലി ഖാന്റെ ദീർഘകാല ബന്ധം

2017ൽ തന്റെ ആദ്യചിത്രമായ കേദാർനാഥ് ഇറങ്ങിയതുമുതൽ എല്ലാ വർഷവും സാറാ അലിഖാൻ ക്ഷേത്രത്തിൽ എത്താറുണ്ട്. കേദാർനാഥ് ക്ഷേത്ര സന്ദർശനം, വ്യക്തിപരമായ ആത്മീയ അനുഭവമാണെന്ന് സാറ നേരത്തെ പറഞ്ഞിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,583 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഉയർന്ന ക്ഷേത്രത്തിലേക്ക് ട്രെക്കിംഗ് അല്ലെങ്കിൽ ഹെലികോപ്റ്റർ യാത്രകൾ വഴിയാണ് അവർ സാധാരണയായി എത്താറുള്ളത്. പുലർച്ചെയുള്ള ദർശനം, വഴിപാടുകൾ എന്നിവയുൾപ്പെടെയുള്ള പതിവ് ആചാരങ്ങളിൽ അവർ പങ്കെടുക്കും.

മുൻ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകൻ  ദിനകർ കോട്ടക്കുഴി കോൺഗ്രസിൽ നിന്നും ബിജെപിയിൽ;

കുന്നത്തൂർ: മുൻ കുന്നത്തൂർ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകനും കോൺഗ്രസ് നേതാവും, ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ ദിനകർ കോട്ടക്കുഴി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദിനകറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു..

മുൻപ് കോൺഗ്രസ് നേതൃത്വവുമായി വിയോജിച്ച് നിന്ന ദിനകറിനെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നടപടിക്ക് വിധേയനാക്കിയിരുന്നു.  കുന്നത്തൂർ അസംബ്ലിസീറ്റിനു വേണ്ടി ദിനകർ ശ്രമം നടത്തിയെങ്കിലും പരിഗണിച്ചില്ല.  ഇതിനിടെയാണ് ദിനകർ,  ബിജെപി പാളയത്തിലെത്തുന്നത്.

അദ്ദേഹം, കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് പാർട്ടി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും ബിജെപി നേതൃത്വം നൽകുന്ന കരുത്ത് തിരിച്ചറിഞ്ഞാണ് തന്റെ ഈ തീരുമാനമെന്ന് ദിനകർ വ്യക്തമാക്കി.

ട്വൻ്റി 20യ്ക്ക് വീണ്ടും തിരിച്ചടി, ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായ വീണാനായർക്കും വോട്ടില്ല

കൊച്ചി: വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി. ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന നടി വീണാ നായര്‍ക്ക് വോട്ട് ഇല്ല. കോട്ടയം പരിപ്പിലാണ് വീണാ നായരുടെ വീട്. വോട്ട് ചേര്‍ക്കാനുള്ള സാധ്യതകള്‍ നേതൃത്വം പരിശോധിക്കുകയാണ്. കിഴക്കമ്പലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മി പ്രിയ.

സ്ഥാനാർത്ഥിപ്പട്ടികയിലില്ല; കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവെച്ചു, കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു

തിരുവനന്തപുരം:സ്ഥാനാർത്ഥി പട്ടികയിൽ തഴഞ്ഞതിന് പിന്നാലെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിവച്ചു. നേരത്തെ പൂഞ്ഞാർ‌, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു. രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായതോടെയാണ് അലോഷ്യസ് സേവ്യർ രാജിവച്ചത്. കെ എസ് യു പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയും വരാനിരിക്കുന്ന തലമുറയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് എൻഎസ് യു ദേശീയ പ്രസിഡൻ്റിന് അയച്ചുകൊടുത്ത രാജി കത്തിൽ പറയുന്നു.

CR. മഹേഷ് നോമിനേഷൻ സമർപ്പിച്ചു

കരുനാഗപ്പള്ളി. Udf സ്ഥാനാർത്ഥിയായി. CR. മഹേഷ് നോമിനേഷൻ സമർപ്പിച്ചു. വരണാധികാരി സുജാതക്ക് മുൻപാകെയാണ് 12 മണിയോട് കൂടി പത്രിക സമർപ്പിച്ചത്. നേതാക്കളായ കെ.സി.രാജൻ,കെ.എ ജവാദ് അനിൽ, മഠത്തിനേത്ത് വിജയൻ , തൊടിയൂർ താഹ, M അൻസർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. CR. മഹേഷിന്റെ മാതാവും ചടങ്ങിൽ സന്നിഹിതയായിരുന്നു.

കോൺഗ്രസ് ഭവനിൽ നിന്ന് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. മൂന്നാം തവണയാണ് മഹേഷ് മത്സര രംഗത്തിറങ്ങുന്നത്. ആദ്യ വണത്തെ തെരഞ്ഞെടുപിൽ നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.