Home Blog Page 926

ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി ഇന്ന്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ്‌ സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊലപാതകക്കേസിൽ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.

2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.

also read:



സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ആരോഗ്യകേരളം: മലപ്പുറം നാഷനൽ ഹെൽത്ത് മിഷനിൽ 93+ ഒഴിവ്

മലപ്പുറത്ത് നാഷനൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എംഎൽഎസ്പി), ഓഡിയോളജിസ്റ്റ് കം സ്പീച് തെറപ്പിസ്റ്റ് തസ്തികകളിൽ 91 ഒഴിവ്. കരാർ നിയമനം. മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:

∙മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (90): ബിഎസ്‌സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം; 20,500.

ഓഡിയോളജിസ്റ്റ് കം സ്പീച് തെറപ്പിസ്റ്റ്- അനുയാത്ര (1): ബിഎഎസ്എൽപി, ആർസിഐ റജിസ്ട്രേഷൻ, 3 വർഷ പരിചയം; 30,000.

∙പ്രായപരിധി: 40.

∙മലപ്പുറത്ത് നാഷനൽ ഹെൽത്ത് മിഷനിൽ ഡവലപ്മെന്റ് തെറപ്പിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ് തസ്തികകളിൽ അവസരം. 2+ ഒഴിവ്. കരാർ നിയമനം. മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗർഭിണിയായ ഹിപ്പൊപൊട്ടമസിനെ പരിശോധിക്കുന്നതിനിടെ ആക്രമണം; 26 വയസ്സുകാരിയായ മൃഗഡോക്ടർക്ക് ദാരുണാന്ത്യം

ഷിമോഗ: ഹിപ്പൊപൊട്ടാമസിന്റെ ആക്രമണത്തിന് ഇരയായി 26 വയസ്സുകാരിയായ മൃഗഡോക്ടർ മരിച്ചു. കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയൺ ആൻഡ് സഫാരി പാർക്കിൽ ചികിത്സ നൽകുന്നതിനിടെയാണ് ഹിപ്പൊപൊട്ടമസിന്റെ ആക്രമണമുണ്ടായത്. ഗർഭിണിയായിരുന്ന ഹിപ്പൊപൊട്ടമസിനെ കൂട്ടിലേക്ക് കയറി പരിശോധിക്കുന്നതിനിടെയാണ് ഡോ. സമീക്ഷ റെഡ്ഡിക്ക് നേരെ ആക്രമണമുണ്ടായത്.


വ്യാഴാഴ്ച രാത്രി 11:30ഓടെ കൂട്ടിനുള്ളിൽ വച്ചാണ് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച ഡോ. സമീക്ഷ റെഡ്ഡിക്ക് നേരെ ആക്രമണമുണ്ടായത്. ഉടൻ തന്നെ ഷിമോഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അനുശോചനം രേഖപ്പെടുത്തി.


സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും ഡോക്ടർമാർ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധമായും ചട്ടങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകി. കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് മുതിർന്ന മൃഗഡോക്ടർമാരും വനം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു സംഘം അന്വേഷിക്കാൻ ഖണ്ഡ്രെ ഉത്തരവിട്ടു, ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു.

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി

ചെന്നൈ: തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
ഈ മാസം 11-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാമനാഥപുരം സായൽകുടി സ്വദേശിയായ ധർമ്മ മുനീശ്വരൻ എന്ന ‘മാവീരൻ’ ആണ് അറസ്റ്റിലായത്. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണ്. 2022-ൽ സമാനമായ രീതിയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, 2025 ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി ഇയാൾ പുറത്തിറങ്ങുകയായിരുന്നു.

മാർച്ച് 10-ന് വൈകുന്നേരം വിറക് ശേഖരിക്കാൻ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുറ്റവാളിയെ കണ്ടെത്താൻ 10 പ്രത്യേക സംഘങ്ങളാണ് തമിഴ്‌നാട് പോലീസ് രൂപീകരിച്ചത്. ശാസ്ത്രീയ തെളിവുകളുടെയും നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

അമിതവണ്ണം ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം

അമിതവണ്ണം ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം. സംസ്കരിച്ച മാംസം, കുറഞ്ഞ അളവിൽ വിറ്റാമിൻ ഡി എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഈ പഠനത്തിൽ, യുകെ ബയോബാങ്കിൽ നിന്നുള്ള 412,690 പങ്കാളികളെ ഗവേഷകർ നിരീക്ഷിച്ചു. പങ്കെടുത്തവരിൽ ഭൂരിഭാഗവും 56 വയസ്സ് പ്രായമുള്ളവരായിരുന്നു. അവർക്ക് മുൻകാല വൈജ്ഞാനിക അവസ്ഥകളൊന്നുമില്ലായിരുന്നു, ഗവേഷകർ 9 വർഷത്തേക്ക് അവരെ പിന്തുടർന്നു. പഠനത്തിന്റെ തുടക്കത്തിൽ, ഗവേഷകർ അരക്കെട്ടിന്റെയും ഇടുപ്പിന്റെയും വലുപ്പം, പിടിയുടെ ശക്തി, അസ്ഥികളുടെ സാന്ദ്രത എന്നിവ പരിശോധിച്ചു. ഒമ്പത് വർഷത്തിനുശേഷം എത്ര പേർക്ക് ഡിമെൻഷ്യ, പ്രധാനമായും അൽഷിമേഴ്സ് രോഗം അല്ലെങ്കിൽ പാർക്കിൻസൺസ് രോഗം എന്നിവ ഉണ്ടായെന്ന് കണ്ടെത്തുകയായിരുന്നു ​ഗവേഷകരുടെ ലക്ഷ്യം.

വയറിലെ കൊഴുപ്പ് കൂടുതലുള്ളവരിൽ നാഡീസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 13 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. കൈയിൽ അമിതമായി കൊഴുപ്പ് ഉള്ളവരിൽ ഈ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത 18% കൂടുതലാണ്. ബലഹീനമായ പേശികളുള്ളവരെ അപേക്ഷിച്ച്, ശക്തമായ പേശികളുള്ളവരിൽ വൈജ്ഞാനിക രോഗങ്ങൾ വരാനുള്ള സാധ്യത 26% കുറവാണ്.

35-65 വയസ്സിനിടയിലുള്ള പൊണ്ണത്തടിയുള്ളവരിൽ ഭാവിയിൽ ഡിമെൻഷ്യ സാധ്യത ഏകദേശം 30% വർദ്ധിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു. ഡിമെൻഷ്യ ആഗോളതലത്തിൽ വളർന്നുവരുന്ന ഒരു പൊതുജനാരോഗ്യ വെല്ലുവിളിയാണ്.

ഓർമ്മക്കുറവ്, ചിന്താശേഷി കുറയൽ, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവില്ലായ്മ എന്നിവയുണ്ടാക്കുന്ന മസ്തിഷ്ക രോഗങ്ങളുടെ ഒരു കൂട്ടമാണ് ഡിമെൻഷ്യ (Dementia) . വാർദ്ധക്യത്തിൽ സാധാരണയായി കണ്ടുവരുന്ന ഈ അവസ്ഥ (പ്രത്യേകിച്ച് അൽഷിമേഴ്സ്) സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് വാർദ്ധക്യത്തിന്റെ സ്വാഭാവിക ഭാഗമല്ല, മറിച്ച് ചികിത്സ ആവശ്യമുള്ള ഒരു ന്യൂറോളജിക്കൽ രോഗമാണ്.

ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മേയർ വിവി രാജേഷ്; പരിഹാരമാകാതെ വന്നതോടെ ജനം തെരുവിൽ; വാട്ടർ അതോറിറ്റിക്ക് മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ രണ്ടാഴ്ചക്കാലമായി കുടിവെള്ള വിതരണം താറുമാറായതോടെ വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം ശക്തം. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, ഉള്ളൂർ മേഖലകളിൽ പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങൾ സമരവുമായി തെരുവിലിറങ്ങി. 14 ദിവസക്കാലമായി ആക്കുളം മേഖലയിലേക്ക് വെള്ളമെത്തിയിട്ടില്ലെന്നും കിടപ്പ് രോഗികളടക്കം ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സബ് ഡിവിഷണൽ ഓഫീസിന് മുന്നിൽ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതീകാത്മകമായി പൈപ്പും കുടവും സ്ഥാപിച്ച് റോഡിൽ നിന്നും കുളിച്ചുമാണ് പ്രതിഷേധം. ബിജെപി പ്രവർത്തകരും കൗൺസിലർമാരും പ്രതിഷേധത്തിന് പിന്തുണയുമായെത്തി.

Also Read: ‘സിഎം വിളിച്ചിട്ടില്ല’; മൂന്ന് തവണ വിളിച്ചെന്ന പിണറായി വിജയൻ്റെ അവകാശവാദം തള്ളി ജി സുധാകരൻ

പരീക്ഷാസമയത്ത് കുട്ടികൾക്ക് കുളിക്കാനോ കുടിക്കാനോ കഴിയാതെയാണ് സ്കൂളിലേക്ക് പോകുന്നതെന്നും നാട്ടുകാർ പറയുന്നു. കോർപ്പറേഷനെ വിവരം അറിയിച്ചപ്പോൾ ടാങ്കർലോറികൾ വിട്ടുനൽകി. എന്നാൽ ലോറി കടന്നുവരാത്ത സ്ഥലങ്ങളിലും ഫ്ലാറ്റുകളിൽ താമസിക്കുന്നവരുമൊക്കെ സമീപത്തെ കിണറുകളിലും വീടുകളിൽ നിന്നുമെല്ലാം ശേഖരിച്ചാണ് നിലവിൽ പ്രാഥമിക കൃത്യങ്ങളടക്കം നിർവഹിക്കുന്നതെന്നും ഇവർ പറയുന്നു. എയർ ബ്ലോക്ക് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ രണ്ടാഴ്ചക്കാലം കുടിവെള്ളമെത്തിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ കോർപ്പറേഷന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും വാട്ടർ അതോറിറ്റിയാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും മേയർ വി.വി രാജേഷ് പ്രതികരിച്ചു.

വിഷയം പലതവണ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ നടപടിയുണ്ടാകുമെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും ടാങ്കറിൽ സൗജന്യമായി വെള്ളമെത്തിക്കാൻ കഴിയുന്നിടത്തെല്ലാം കോർപ്പറേഷൻ വെള്ളമെത്തിക്കുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി ഇന്ന് രാത്രിയോടെ പ്രശ്നം പരിഹരിച്ച് നാളെ വെള്ളമെത്തിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ജനങ്ങൾ പിന്മാറിയത്.

അതേസമയം, നാളെ രാത്രിവരെ നഗരത്തിൽ കുടിവെള്ളം വീണ്ടും തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി മറ്റൊരു അറിയിപ്പ് പുറപ്പെടുവിച്ചു. വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജല ശുദ്ധീകരണശാലകളുടെ പ്രവർത്തനം വൈദ്യുതി തകരാർ മൂലം രണ്ടുമണിക്കൂറോളം തടസപ്പെട്ടതിനാൽ ഇന്ന് രാത്രി എട്ടു മണി മുതൽ നാളെ രാത്രി 10 മണി വരെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി .ടി .പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, നെട്ടയം, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, ഞാലിക്കോണം, തൃക്കണ്ണാപുരം, കുന്നപ്പുഴ, മണാലയം, മലമുകൾ, മൂന്നാമൂട്, കാച്ചാണി, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായും ജലവിതരണംതടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

‘സിഎം വിളിച്ചിട്ടില്ല’; മൂന്ന് തവണ വിളിച്ചെന്ന പിണറായി വിജയൻ്റെ അവകാശവാദം തള്ളി ജി സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയൻ്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറിൽ നിന്ന് കാൾ വന്നിട്ടില്ലെന്നാണ് ജി സുധാകരൻ പ്രതികരിച്ചത്. വിളിച്ചു എന്ന പറയുന്നതിന് രണ്ടാഴ്ച മുമ്പ് ആലപ്പുഴയില്‍ വരുമ്പോള്‍ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു. അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഒന്നും അറിയിച്ചില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേര്‍ക്കുന്നു. മൂന്ന് തവണ വിളിച്ചെന്നായിരുന്നു മുഖ്യമന്ത്രിയും അവകാശവാദം.

ജി സുധാകരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്നാണ് പിണറായി വിജയൻ്റെ പ്രതികരണം. മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും പാര്‍ട്ടി നിബന്ധനകള്‍ക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലാണെന്നും പിണറായി വിജയൻ പറഞ്ഞു. ‘’വാര്‍ത്തകള്‍ വന്നപ്പോള്‍ സുധാകരനെ വിളിച്ചു. ആദ്യം എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോള്‍ എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും കിട്ടാതായതോടെ മനപ്പൂര്‍വം എടുക്കാതിരിക്കുന്നതാണെന്ന് മനസിലായി. അദ്ദേഹവുമായി സംസാരിക്കുന്നതിനായി ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ചു. നാസര്‍ സുധാകരനോട് മുഖ്യമന്ത്രി വിളിച്ചിരുന്ന കാര്യം പറഞ്ഞപ്പോള്‍ വിളിച്ചില്ലെന്നാണ് സുധാകരൻ മറുപടി നൽകിയത്. മുഖ്യമന്ത്രിയെ കണക്ട് ചെയ്ത് തരാമെന്ന് നാസര്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും വിളിച്ചോളാമെന്നുമാണ് സുധാകരൻ പറഞ്ഞത്. ഇടപെട്ടില്ലെന്ന് പറയുന്നത് കള്ളമാണ്.” പിണറായി വിജയന്‍റെ വാക്കുകള്‍.

പ്രായ പരിധിയടക്കം പൊതുമാനദണ്ഡങ്ങളുടെ പേരിലെ സ്ഥാനമാറ്റം ഒരിക്കലും ആരോടുമുള്ള അവഗണനയല്ല. ഏറ്റവും അധികം അംഗീകരിക്കപ്പെട്ട ആളുകളിൽ ഒരാളാണ് ജി.സുധാരൻ. എല്ലാ ഘട്ടത്തിലും മികച്ച പരിഗണന നൽകി. ആലുപ്പുഴയിലെ പാർട്ടി വേദികളിൽ സഹകരണം ഉറപ്പാക്കി. പാർട്ടി ഓഫീസിൽ പ്രത്യേകം മുറി നൽകി. സ്ഥാനമാറ്റം സ്വാഭാവികമാണെന്നും അത് മനസിലാക്കാൻ കഴിയാത്ത ആളാണ് സുധാകരനെന്ന് കരുതുന്നില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.

യുദ്ധം അവസാനിക്കുന്നു? ‘സൈനിക നീക്കങ്ങള്‍ ലക്ഷ്യത്തിനരികെ’, യുദ്ധം തീര്‍ക്കാന്‍ ആലോചിക്കുന്നതായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെ എന്ന് അവകാശ വാദം. ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടത്.

ഇറാന്‍റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചു, ഇറാന്‍റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു, ഇറാന്‍റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി എന്നിങ്ങനെയാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം, ഇറാനുമായി വെടിനിർത്തൽ കരാറിലെത്താനുള്ള സാധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. ഹോർമൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണൾ‍ഡ് ട്രംപ് പറഞ്ഞു.

ഇറാൻ്റെ സൈനിക ശേഷി അവസാനിപ്പിക്കുന്നതിൽ അമേരിക്ക ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് ട്രംപിന്‍റെ അവകാശ വാദം. അതേസമയം, വെടിനിറുത്തല്‍ കരാര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപറി. എതിരാളിയെ പൂർണമായി ഇല്ലാതാക്കുമ്പോൾ വെടിനിർത്തലിന് സാധ്യതയില്ലെന്നാണ് ട്രംപ് പറയുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തുന്നത്.

ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക സഹായം നൽകാൻ നാറ്റോ സഖ്യം തയ്യാറായില്ലെന്ന് ട്രംപ് ആവർത്തിച്ചു. അതേസമയം, വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി ഓർമിപ്പിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്സ് പോസ്റ്റും പുറത്ത് വന്നു. വിയറ്റ്നാമിൽ നൂറുകണക്കിന് യുഎസ് സൈനികർ മരിക്കുമ്പോഴും അമേരിക്ക ജയിക്കുകയാണെന്നാണ് അവകാശപ്പെട്ടിരുന്നതെന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്. അമേരിക്ക ആക്രമണം തുടർന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെക്കാർച്ചി പറഞ്ഞു.

ആറ് മാസമായ ഗർഭം അലസിപ്പിക്കാൻ അമിതമായ അളവിൽ ഗുളിക കഴിച്ചു, പിന്നാലെ പ്രസവിച്ചു, കുഞ്ഞ് മരിച്ചു; കൊലക്കുറ്റം ചുമത്തി യുവതിക്കെതിരെ അമേരിക്കയിൽ കേസ്

അറ്റ്‌ലാന്റ: ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ മുപ്പത്തിയൊന്നുകാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ അലക്സിയ മൂർ എന്ന യുവതിക്കെതിരെയാണ് പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ജോർജിയയിലെ കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നശേഷം ഇതാദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Also Read: വായയുടെ ആരോ​ഗ്യത്തിനായി ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തെല്ലാം

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസത്തോളം ഗർഭിണിയായിരുന്ന അലക്സിയ, ഗർഭഛിദ്രത്തിനായി ‘മിസോപ്രോസ്റ്റോൾ’ (Misoprostol) എന്ന ഗുളികയും വേദനസംഹാരിയായ ‘ഓക്സിക്കോഡോണും’ (Oxycodone) അമിത അളവിൽ കഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്നും യുവതി സ്വബോധത്തോടെ എടുത്ത തീരുമാനം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് വാദിക്കുന്നത്. കുഞ്ഞിന്റെ രക്തത്തിൽ ഓക്സിക്കോഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തിയാൽ (സാധാരണയായി ആറ് ആഴ്ചയ്ക്ക് ശേഷം) ഗർഭഛിദ്രം നിരോധിക്കുന്ന ജോർജിയയിലെ നിയമമാണ് ഇവിടെ യുവതിക്ക് തിരിച്ചടിയായത്.

അലക്സിയ മൂറിനെ കാംഡെൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തിയതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഗർഭഛിദ്ര അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഗർഭഛിദ്രം നടത്തുന്ന സ്ത്രീകളെ ക്രിമിനലുകളായി കാണുന്നത് ദൗർഭാഗ്യകരമാണെന്നും ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും അവകാശങ്ങളെയും ബാധിക്കുമെന്നും ഇവർ വാദിക്കുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ, ഇത് അമേരിക്കയിൽ ഗർഭഛിദ്ര നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.

‘വീട്ടുജോലി ചെയ്യാനല്ല വിവാഹം കഴിക്കുന്നത്, പാചകം രണ്ടുപേരുടെയും ഉത്തരവാദിത്വം’: സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യ പാചകം ചെയ്യാതിരിക്കുകയോ വീട്ടുജോലികൾ ചെയ്യുകയോ ചെയ്യാതിരിക്കുന്നത് ദാമ്പത്യത്തിലെ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. അത്തരം പ്രതീക്ഷകൾ കാലഹരണപ്പെട്ടതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.


ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. നിങ്ങൾ ഒരു വേലക്കാരിയെയല്ല, ഒരു ജീവിത പങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും പാചകം ഭാര്യയുടേയും ഭർത്താവിന്റെയും ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു.


വിവാഹം കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഭാര്യയുടെ മനോഭാവം മാറിയെന്നും ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു. ഭാര്യ തന്റെ മാതാപിതാക്കൾക്കും തനിക്കുമെതിരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും കുഞ്ഞിന്റെ ആദ്യ ചടങ്ങിന് ഭർത്താവിനെയും കുടുംബത്തെയും ക്ഷണിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു.


എന്നാൽ, ഭർത്താവിന്റെ എല്ലാ ആരോപണങ്ങളെയും ഭാര്യ നിഷേധിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയത്. അവർ മനപ്പൂർവം ചടങ്ങിൽ പങ്കെടുക്കാതെ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ മറുപടി നൽകി.


കേസിൽ കുടുംബ കോടതി നേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്ത തീയതിയിലേക്ക് മാറ്റി.