കൊച്ചി: എളമക്കര റെയില്വേ ട്രാക്കില് മരിച്ച നിലയില് കണ്ട ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32കാരനെ ഇയാളുടെ ഭാര്യയായ നാല്പതുകാരി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെയും പതിനാറുകാരിയായ മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച പുലര്ച്ചെയാണ് എളമക്കര ഭാഗത്ത് റെയില്വേ ട്രാക്കില് യുവാവിന്റെ മൃതദേഹം ഉണ്ടെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
തിരുവനന്തപുരത്തു നിന്ന് തൃശൂര് ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് റെയില്വേയിലും പൊലീസിലും വിവരം അറിയിക്കുന്നത്. തുടര്ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധിച്ചു. മൃതദേഹത്തിനൊപ്പം മദ്യക്കുപ്പിയും ഗ്ലാസും കണ്ടതിനാല് മദ്യപിച്ച് വീണപ്പോള് ഹൃദയസ്തംഭനമുണ്ടായതോ ആത്മഹത്യ ചെയ്തതോ ആകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല് മൃതദേഹത്തിന്റെ കിടപ്പില് സംശയം തോന്നിയ പൊലീസ് കൊലപാതക സാധ്യത മുന്നില് കണ്ട് അന്വേഷണം ആരംഭിച്ചു.
ഇയാള് താമസിച്ചിരുന്നത് റെയില്വേ ട്രാക്കിന് സമീപത്താണെന്ന് കണ്ടെത്തി. വീട്ടിലെത്തിയപ്പോള് യുവാവിന്റെ ഭാര്യയെയും മകളെയും കാണാതെ വന്നപ്പോള് സംശയമായി. ഇവര് ഒഡിഷയിലേക്ക് പോവാന് സാധ്യതയുള്ളതിനാല് റെയില്വേ സ്റ്റേഷന് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ഇവരുടെ ഒരു ബന്ധു നല്കിയ വിവരം അനുസരിച്ച് റെയില്വേ പരിസരത്ത് നിന്ന് അമ്മയെയും മകളെയും പിടികൂടുകയും ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് യുവതിയും മകളും കുറ്റം സമ്മതിക്കുന്നത്. തന്റെ ആദ്യ ഭര്ത്താവിനെ ഒഴിവാക്കി എട്ടു വയസ് പ്രായം കുറവുള്ള യുവാവുമായി ഒഡിഷയില് നിന്ന് മകളുമായി നാടുവിട്ട് കേരളത്തില് എത്തിയതാണ്. എന്നാല് തന്റെ മകളെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതോടെ മാനസികമായി തകര്ന്നു. മദ്യപിച്ച് അവശനിലയിലായ ഭര്ത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി മൃതദേഹം റെയില്വേ ട്രാക്കില് കൊണ്ടിടുകയായിരുന്നു.
































