Home Blog Page 4

ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം . മലപ്പുറത്തെ മഴക്കെടുതി ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളില്‍പോകാന്‍ ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ ഒഴിഞ്ഞുമാറി. ഇതു സംബന്ധിച്ച മാധ്യമപ്രവ‍ത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി.

പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റാണ്. മലയാളി ആയ ഒരാൾ അറേഞ്ച് ചെയ്ത ഫ്ലൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ എന്താണ് തെറ്റ്. പിണറായിയും ഉമ്മൻ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് ഞാൻ പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപറ്റുന്നവരല്ല. അങ്ങനെ സഹായിക്കുന്ന ഒരു സര്‍ക്കാരുമല്ല ഇവിടുള്ളത്. ഇനിയും ഞാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

മന്ത്രിമാര്‍ വിദേശത്ത് പോയത് എന്‍റെ അനുമതിയോടെയാണ്. ആയിരക്കണക്കിന് വിദേശ മലയാളി അസോസിയേഷനുകളുണ്ട്. അവരുടെ ക്ഷണം സ്വീകരിച്ച് പോയി മറ്റു നാടുകളിലെ കാര്യങ്ങള്‍ അവര്‍ പഠിച്ചുവരട്ടെയെന്നും സതീശന്‍ പറഞ്ഞു. കെഎം ഷാജി ഉപയോഗിച്ച കാര്‍ വര്‍ക്ഷോപ്പിലായി. പകരം സുഹൃത്തിന്‍റെ കാറില്‍പോയത് അനുമതിയോടെയാണ്. അത് അല്‍പസമയം കൂടുതലായിപ്പോയി എന്നൊക്കെ പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ ചിന്തിക്കണം.

കൊല്ലത്ത് കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്ക് 55 ദിവസത്തിന് ശേഷം അന്ത്യകർമം…  മകന്റെ രൂപം തടിയിൽ തീർത്ത് ചിതയിൽ ദഹിപ്പിച്ച് അമ്മ

കൊല്ലം: മത്സ്യബന്ധനത്തിനിടെ നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകർമങ്ങൾ വീട്ടിൽ നടത്തി. മൃതദേഹം കണ്ടെത്താനാകാത്തതിനെ തുടർന്ന് മകന്റെ രൂപം തടിയിൽ തീർത്താണ് അമ്മ രേഷ്മ അന്ത്യകർമങ്ങൾ നടത്തിയത്. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം തടിയിൽ കൊത്തിയെടുത്ത രൂപം ചിതയിൽ ദഹിപ്പിച്ചു.
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കടലിൽ കാണാതായിട്ട് 55 ദിവസം പിന്നിട്ടിരുന്നു. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് മരിച്ചതായി കണക്കാക്കി അന്ത്യകർമങ്ങൾ നടത്താൻ രേഷ്മ തീരുമാനിച്ചത്.
രേഷ്മയുടെ ഭർത്താവും അച്ഛനും നേരത്തേ കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടങ്ങളിൽ മരിച്ചിരുന്നു. ഇതോടെ കുടുംബത്തിന് ഗൗതം കൃഷ്ണയുടെ തിരോധാനം തീരാവേദനയായി.
കടലിൽ കാണാതായ മകനെ കണ്ടെത്തുന്നതിൽ അധികൃതർ നിസ്സംഗത കാട്ടുന്നുവെന്ന് ആരോപിച്ച് രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തിൽ ഇടപെട്ടതോടെ തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്താനായില്ല.

രാജഗിരി യമുനയിൽ നെൽസൺ അന്തരിച്ചു

ശാസ്താംകോട്ട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാസ്താംകോട്ട മുൻ മണ്ഡലം വൈസ് പ്രസിഡണ്ടും പ്ലംബിംഗ് കോൺട്രാക്ടറുമായ രാജഗിരി യമുനയിൽ നെൽസൺ(80) അന്തരിച്ചു. സംസ്കാരം 24 -09-2026 വ്യാഴാഴ്ച മൂന്നുമണിക്ക് ആഞ്ഞിലുംമൂട് സെന്റ്. തോമസ് ചർച്ചിൽ നടക്കും.
ഭാര്യ പരേതയായ ഫിലീഷ്യ
      മക്കൾ:
വരുൺ നെൽസൺ,
അരുൺ നെൽസൺ
, യമുന( ബി. ആർ. സി, കോന്നി),
അഷ്‌ന ( ടീച്ചർ, സെന്റ്.ജോർജ് യു.പി സ്കൂൾ, അരിനല്ലൂർ)
    മരുമക്കൾ:
നീതു, അങ്കിത, പരേതനായ റ്റാന്റസ്,
ജിപ്സൺ ( എംപ്ലോയ്മെന്റ് ഓഫീസർ, കായംകുളം)

ഇടിവിന് ശേഷം ഇന്ന് വീണ്ടും സ്വർണവില വർധിച്ചു

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില വർധിച്ചു. പവന് 640 രൂപ വർധിച്ച്, 1,13,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപയാണ്. ഇന്നലെ ഒരു ഗ്രാമിന് 14,005 രൂപയായിരുന്നു.


അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.

സ്കൂളിൽ കുട്ടികളുടെ മുന്നിൽ വച്ച് അധ്യാപിക വെടിയേറ്റു മരിച്ചു

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള ഒരു സ്കൂളിൽ കുട്ടികളുടെ മുന്നിൽ വച്ച് അധ്യാപിക വെടിയേറ്റു മരിച്ചു. സദർ കൊത്വാലി പ്രദേശത്തെ ഹിദായത്ത് നഗർ സ്വദേശിനിയായ നിഷാത് ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പ്രതിയായ മുഹമ്മദ് സൗദ് (28) സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 11:30 ഓടെ ഫാത്തിമയെ കാണാനായി സൗദ് സ്കൂളിലെത്തുകയായിരുന്നു. തുടർന്ന് സ്കൂളിന്റെ ഇടനാഴിയിൽ വച്ച് ഇരുവരും സംസാരിക്കുന്നതിനിടയിൽ, കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് തോക്കെടുത്ത് സൗദ് അധ്യാപികയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനു പിന്നാലെ അയാൾ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.


കൊലപാതകത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഫാത്തിമയും സൗദും വർഷങ്ങളായി പരസ്പരം അറിയാവുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഇരുവരുടെ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സ്കൂൾ അധികൃതരെയും മറ്റ് അധ്യാപകരെയും പൊലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ, മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

എയർ പിസ്റ്റൾ ഇനത്തിൽ മനു ഭാക്കറിന് മെഡൽ നഷ്ടമായി

നഗോയ: ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ മനു ഭാക്കറിന് മെഡൽ നഷ്ടമായി. നിർണായക ഘട്ടത്തിൽ 9.6 പോയിന്റ് മാത്രം നേടിയതോടെ 181.1 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മനു മത്സരം പൂർത്തിയാക്കിയത്.


18-ാം ഷോട്ടിന് ശേഷമാണ് മനു എലിമിനേറ്റ് ചെയ്യപ്പെട്ടത്. അവസാന രണ്ട് ഷോട്ടുകളിൽ നിന്ന് ആകെ 20.4 പോയിന്റാണ് ഇന്ത്യൻ താരത്തിന് നേടാനായത്. മെഡൽ പോരാട്ടത്തിൽ തുടരാൻ ഇത് മതിയാകാതെ വന്നതോടെയാണ് മനുവിന്റെ മത്സരം അവസാനിച്ചത്. പുറത്തായെങ്കിലും മനു ഭാക്കർ പുഞ്ചിരിയോടെയാണ് റേഞ്ച് വിട്ടത്. അതേസമയം, 181.9 പോയിന്റുമായി നാലാം സ്ഥാനത്തുണ്ടായിരുന്ന ഷെൻ യിയാവോ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.


ചൈനയുടെ ചൂ ഗാ-യുൻ 184.5 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ജിയാങ് റാൻക്സിൻ 182.0 പോയിന്റുമായി രണ്ടാം സ്ഥാനത്തും ചെങ് യെൻ-ചിംഗ്, ഷെൻ യിയാവോ എന്നിവർ 181.9 പോയിന്റുമായി തുടർന്നുള്ള സ്ഥാനങ്ങളിലും എത്തി. പാരിസ് 2024 ഒളിമ്പിക്സിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഭാക്കറിന് ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ പ്രതീക്ഷിച്ച മെഡൽ നേടാനായില്ല.

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 40 വർഷത്തിലേറെയായി അരങ്ങിൽ സജീവമാണ്. 2018-ൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയയാണ്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.


കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ ആയിരക്കണക്കിന് നാടകങ്ങളിൽ സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.

എം.ടി.യുടെ കടവ് എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

മികച്ച നാടക നടിക്കുള്ള അവാർഡുകൾക്ക് പുറമെ, സംഗീത നാടക അക്കാദമി അവാർഡ്, സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ നേടി.

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ ആന്റോ അഗസ്റ്റിനിലേക്ക് അന്വേഷണം ഉടന്‍ കടന്നേക്കും

കൊച്ചി. മുഖ്യമന്ത്രിയേ അപകീർത്തിപ്പെടുത്തി എന്ന കേസിൽ ആന്റോ അഗസ്റ്റിനിലേക്ക് അന്വേഷണം ഉടന്‍ കടന്നേക്കും. വ്യാജവാര്‍ത്ത സൃഷ്ടിച്ച് നാടിനെ ഒന്ന് ആട്ടിഉലയ്ക്കാനുള്ള വലിയ പ്ളോട്ടിനു പിന്നിലെ ലക്ഷ്യം കണ്ടെത്തുക എന്നതാണ് അന്വേഷകര്‍ ലക്ഷ്യമിടുന്നത്. വനിതയെ ഇറക്കി മുമ്പോരു യുഡിഎഫ് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയതുപോലെ ചില ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തിലെത്തിക്കാനാണ് ശ്രമം. പാളിപ്പോവുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഒരു വലിയ ഗൂഡാലോചനയാണ് ആന്റോയുടെ പ്രസ്താവനയിലൂടെ വന്നതെന്നാണ് അഭ്യൂഹം

അന്വേഷണം ഇപ്പോഴും തുടരുകയാണ്… കേസിലെ ഒന്നാം പ്രതിയായ ആൻ്റോ അഗസ്റ്റിനേ വിശദമായി ചോദ്യം ചെയ്ത ശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് കളമശ്ശേരി പോലീസ്.. പരാതിക്കിടയാക്കിയ പ്രസ്താവനയുടെ തെളിവുകൾ ഇതുവരെ പോലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.. ആന്റോയെ ചോദ്യം ചെയ്ത ശേഷം ആയിരിക്കും കുറച്ചുകൂടി വിവരങ്ങൾ ലഭിക്കുക.

മുഖ്യമന്ത്രിയുമായി സംബന്ധിച്ച് ചില രേഖകൾ വ്യാജമായി ഉണ്ടാക്കി എന്നുള്ള ആരോപണത്തിൽ ആരോപിച്ച രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കളമശ്ശേരി പോലീസ്.. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.. അന്വേഷണം വേഗത്തിൽ തീർക്കണമെന്ന് ആഭ്യന്തരവകുപ്പ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്..

മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ആയിരിക്കും ആന്റോയെ ചോദ്യംചെയ്യാൻ വിളിക്കേണ്ടത് ഉണ്ടോ എന്ന് കാര്യത്തിൽ തീരുമാനമെടുക്കുക.

വരണോ ആണവനിലയം..,സംസ്ഥാനത്തെ ഗുരുതര വൈദ്യുതി പ്രതിസന്ധിയും പരിഹാര നിർദേശങ്ങളും ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കൈമാറും

തിരുവനന്തപുരം.സംസ്ഥാനത്തെ ഗുരുതര വൈദ്യുതി പ്രതിസന്ധിയും പരിഹാര നിർദേശങ്ങളും ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കൈമാറും. കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യം തയാറാക്കിയ റിപ്പോർട്ടിൽ ആണവനിലയ സാധ്യതയും, പുതിയ ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

അടുത്ത പത്ത് വർഷത്തെ വൈദ്യുതി ലഭ്യതയും സോളർ വഴിയുള്ള സ്വയം പര്യാപ്‌തത നിർദേശങ്ങളുമുണ്ട്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് പഠന റിപ്പോർട്ടിൻ്റെ ലക്ഷ്യം. കടുത്ത ഊർജ പ്രതിസന്ധിയിൽ ഇന്നലെയും ( ചൊവ്വ ) രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടായി. വൈകീട്ട് 6.45 നും രാത്രി പത്തിനുമിടയിലായിരുന്നു നിയന്ത്രണം. മഴ കനക്കുന്നതും കേന്ദ്ര വിഹിത വൈദ്യുതി ലഭ്യത കൂടുന്നതും വരും ദിവസങ്ങളിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ.

അത് പുലിതന്നെ, പക്ഷേ എവിടെ, ജനം ഭീതിയില്‍

കോഴിക്കോട്. നാദാപുരം കുമ്മങ്കോട് ജനവാസമേഖലയിൽ രണ്ട് പേരെ ആക്രമിച്ച പുലിക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജിതമാക്കി. നാദാപുരം ബദ്രിയ മസ്ജിദിന് സമീപമാണ് പുലിയുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് സ്കൂളിനും അങ്കണവാടികള്ക്കും അവധിയും പ്രഖ്യാപിച്ചു.

ഇതിനിടെ, യുവാവിനെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കുന്ന CCTV ദൃശ്യങ്ങൾ പുറത്തുവന്നു. പുലിയുടെ ആക്രമണത്തിൽ നെഞ്ചിലും തലയിലും സാരമായി പരിക്കേറ്റ കുമ്മങ്കോട് സ്വദേശി മുഹമ്മദ് സിനാൻ ചികിത്സയിലാണ്. മറ്റൊരു സ്ത്രീയെയും പുലി ആക്രമിച്ചു. സിനാന്റെ അയല് വാസിയുടെ വീടിന്റെ പിൻവശത്തുകൂടി പുലി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആക്രമണത്തിന് പിന്നിൽ പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ.

പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. താമരശ്ശേരി, പെരുവണ്ണാമൂഴി എന്നിവിടങ്ങളിൽ നിന്നുള്ള ആർ.ആർ.ടി സംഘങ്ങളും സ്ഥലത്തെത്തി പരിശോധന ശക്തമാക്കി. DFOയുടെ നേതൃത്വത്തിലുള്ള സംഘവും കുമ്മങ്കോട് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി.