തിരുവനന്തപുരം: മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഒക്ടോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടിയാണിത്.
പേര് ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം. പ്രവാസികൾക്കും അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
14നു പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയാക്കിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ഇന്നും നാളെയും കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം
മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി
മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി. ഭക്ഷണപാനീയങ്ങളുടെ വില ക്രമീകരിക്കണം. ഇല്ലെങ്കിൽ തിയറ്ററുകൾ കാലിയാകുമെന്നും സുപ്രീം കോടതി ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയും അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.
മൾട്ടിപ്ലക്സ് ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യുന്നതിന് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ഒരു കാപ്പിക്ക് 700 രൂപയുമാണ് ഈടാക്കുന്നതെന്നും ഇത് ന്യായമാണോ എന്നും കോടതി തിയറ്റർ ഉടമളോട് ചോദിച്ചു. എന്നാൽ താജ് ഹോട്ടലിൽ ഒരു കാപ്പിക്ക് 1000 രൂപയാണ് ഈടാക്കുന്നതെന്നായിരുന്നു മൾട്ടിപ്ലക്സ് അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്ഗി വാദിച്ചത്. സിനിമാ വ്യവസായം താഴേക്ക് പോകുമ്പോൾ, ആളുകൾക്ക് വന്ന് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാക്കുക, അല്ലാത്തപക്ഷം സിനിമാ തിയേറ്ററുകൾ ശൂന്യമാകും എന്ന് ജസ്റ്റിസ് വിക്രം നാഥ് മുന്നറിയിപ്പ് നൽകി. എന്നാൽ എന്ത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന്റെ തീരുമാനമാണെന്നും, മൾട്ടിപ്ലക്സുകൾ വേണ്ടാത്തവർക്ക് മറ്റ് തിയറ്ററുകളിൽ പോകാമല്ലോ എന്നും റോഹ്ത്ഗി വാദിച്ചു.
സാധാരണയായി ഒരു തിയറ്ററുകളും ഇപ്പോൾ അവശേഷിക്കുന്നില്ലെന്നും, പരമാവധി നിരക്ക് 200 രൂപയാക്കിയ ഡിവിഷൻ ബെഞ്ച് നടപടിക്കൊപ്പമാണ് തങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബിജെപിക്കാർ മകനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്ന് ആത്മകഥയിൽ ഇ.പി.ജയരാജൻ
കണ്ണൂർ: ബിജെപിക്കാർ മകനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്ന് ഇ.പി.ജയരാജൻ. ഇന്ന് പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവതം’ എന്ന തന്റെ ആത്മകഥയിലാണ് ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ.
‘എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.’- ഇ.പി ‘വീണ്ടും വിവാദം’ എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, വൈദേകം റിസോർട്ട് വിവാദത്തിൽ സി.പി.എം നേതൃത്വത്തോടുള്ള അമർഷവും ആത്മകഥയിൽ പരസ്യമാക്കുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ വൈദേകം ആയുർവേദ റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചതായ വാർത്ത വലിയ വിഷമമാണുണ്ടാക്കിയത്.
ആ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ദിവസങ്ങളോളം വാർത്തകൾ പുറത്തുവന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന വിഷയം മാത്രം പുറത്തുവന്നില്ല. അടുത്ത യോഗത്തിലാണ് സത്യാവസ്ഥ വ്യക്തമാക്കിയത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാൻ പാടുണ്ടോ എന്നുമാത്രമാണ് പറഞ്ഞതെന്ന് പി. ജയരാജൻ പിന്നീട് പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിലെ പ്രയാസം കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. താൻ പങ്കെടുക്കാത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാറ്റാൻ ആദ്യചർച്ച നടന്നതെന്നും പുസ്തകത്തിൽ വിവരിക്കുന്നു.
കൂത്തുപറമ്പ് വെടിവെപ്പ്, വധശ്രമങ്ങൾ, ഉമ്മൻ ചാണ്ടി ഭരണകാലത്തെ നിയമസഭ പ്രക്ഷോഭങ്ങൾ, മന്ത്രി, എം.എൽ.എ എന്ന നിലയിൽ ഉണ്ടായ അനുഭവങ്ങൾ, ജയിൽവാസം, എ.കെ.ജിയും അഴീക്കോടൻ രാഘവനും അടക്കമുള്ള നേതാക്കളുമൊത്തുള്ള ഓർമകൾ, നക്സലൈറ്റ് വർഗീസുമായുള്ള ആത്മബന്ധം തുടങ്ങിയവ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.
ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കഥാകൃത്ത് ടി. പത്മനാഭന് ആദ്യ കോപ്പി നൽകി. പലരീതിയിലുള്ള അസത്യങ്ങളും അർധസത്യങ്ങളും ഉപയോഗിച്ച് ഇ.പി. ജയരാജനെതിരെ വലതുപക്ഷ ശക്തികൾ കള്ളപ്രചാരണങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ജയരാജനും പലവിധത്തിലുള്ള ദുരാരോപണങ്ങൾ നേരിടേണ്ടിവന്നു. കട്ടൻചായയും പരിപ്പുവടയും എന്ന പ്രയോഗത്തെ രൂപകമാക്കി ഉപയോഗിച്ച് ജയരാജനെയും കമ്യൂണിസ്റ്റുകാരെ മുഴുവനും ആക്ഷേപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കട്ടൻചായയും പരിപ്പുവടയും പരിഹാസ പ്രയോഗമാക്കി ഉപയോഗിച്ചു. ശിശുസഹജമായ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം: തീയതികളില്‍ മാറ്റം
തിരുവനന്തപുരം: തൃശ്ശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ കലോത്സവം ജനുവരി 7 മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്.
സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റം എന്നാണ് വിശദീകരണം. ഉത്സവ സീസണ്‍ ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകും എന്നതിനലാണ് തീയതി മാറ്റിയതെന്നാണ് സൂചന.
ഭിന്നശേഷിവിഭാഗക്കാരനായ യാത്രക്കാരനെ മര്‍ദ്ദിച്ചത് ശുചിമുറിവാതിലില്‍ നിന്നു പുറത്തിറങ്ങാന്‍ വഴിചോദിച്ചതിന്
ശാസ്താംകോട്ട:ട്രെയിനിൽ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം നടന്നത് ശുചിമുറിവാതിലില്‍ നിന്നു പുറത്തിറങ്ങാന്‍ വഴിചോദിച്ചതിന് . ഭിന്നശേഷിക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം അക്രമി രക്ഷപ്പെട്ടു.ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലൻ്റ് എക്സ്പ്രസ്സിൽ തിങ്കൾ രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്.ആലപ്പുഴ താമരക്കുളം വല്ല്യത്ത് നാസർ (49)ന് നേരെയാണ് അതിക്രമം ഉണ്ടായത്.ഭിന്നശേഷിക്കാരുടെ കംപാർട്ട്മെൻ്റിൽ വച്ച് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് അക്രമം നടന്നത്.അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.നാസർ ശുചിമുറിയിൽ കയറിയ ശേഷം പുറത്തേക്കിറങ്ങുമ്പോൾ വാതിൽ അടഞ്ഞ് നിന്ന യുവാവിനോട് വഴി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല.ക്ഷുഭിതനായ ഇയ്യാൾ അസഭ്യം പറഞ്ഞ് കൊണ്ട് മർദ്ദിക്കുകയായിരുന്നു.നാസറിൻ്റെ മുഖത്താണ് പരിക്കേറ്റത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തുന്ന വേളയിൽ അക്രമി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.എന്നാൽ ഇയ്യാൾ പ്ലാറ്റ്ഫോമിൽ വീണങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.തുടർന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നാസർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ച ശേഷം താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി.ശാസ്താംകോട്ട പോലീസിലും പരാതി നൽകി.ഞായറാഴ്ച രാത്രിയിൽ വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ യുവതിയെ പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരുന്നു.മറ്റൊരു യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ട്രെയിനുകളിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
പിഎസ് സി: വിവിധ തസ്തികകളിൽ അഭിമുഖം… സാധ്യത പട്ടിക
കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. കാസർകോട് ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 012/2024) തസ്തികയിലേക്ക് നവംബര്‍ 5, 6 തീയതികളിലും തദ്ദേശസ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 611/2024) തസ്തികയിലേക്ക് നവംബര്‍ 6, 7 തീയതികളിലും പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭിക്കും.
മലപ്പുറം ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 445/2022) തസ്തികയിലേക്ക് നവംബര്‍ 5, 6, 7 തീയതികളില്‍ പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ട്രാന്‍സ്‍ലേറ്റര്‍ (മലയാളം) (കാറ്റഗറി നമ്പര്‍ 310/2022) തസ്തികയിലേക്ക് നവംബര്‍ 7 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ
നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 184/2025) അഭിമുഖം നടത്തും.
ചുരുക്കപട്ടിക
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (കാറ്റഗറി നമ്പര്‍ 010/2025).
2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (കാറ്റഗറി നമ്പര്‍ 08/2025).
3. പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) (കാറ്റഗറി നമ്പര്‍ 319/2024).
4. പൊതുമരാമത്ത് (ആര്‍ക്കിടെക്ചറല്‍ വിങ്) വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 315/2024).
5. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (കാറ്റഗറി നമ്പര്‍ 09/2025).
6. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസസില്‍ ഇന്‍സ്ട്രക്ടര്‍ (സ്റ്റെനോഗ്രാഫി) (കാറ്റഗറി നമ്പര്‍ 376/2024).
7. ഗവ.സെക്രട്ടേറിയേറ്റ് നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 481/2024).
8. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്‍സ്‍ലേറ്റര്‍ (കാറ്റഗറി നമ്പര്‍ 129/2023).
9. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) സ്റ്റുഡിയോ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 241/2024).
സാധ്യതാപട്ടിക
1. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (പോളിമര്‍ ടെക്നോളജി) (കാറ്റഗറി നമ്പര്‍ 514/2024).
2. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 259/2023).
3. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 134/2023).
4. ഫിനാന്‍സ് സെക്രട്ടേറിയേറ്റില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 483/2024).
5. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്റ് (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 546/2024).
ഫാത്തിമ മാതാ നാഷണൽ കോളേജ് വജ്രജൂബിലി ആഘോഷം: ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി
കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഇന്ത്യൻ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രിയും കോളേജിലെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥിയുമായ സുരേഷ് ഗോപി, സംസ്ഥാന ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, കൊല്ലം റോമൻ കത്തോലിക്ക ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി എന്നിവരും വിശിഷ്ട വ്യക്തികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസം സ്വഭാവ രൂപീകരണവുമായി കൈകോർത്ത് പോകണമെന്ന് ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. അർത്ഥവത്തായതും സംതൃപ്തവുമായ ഒരു ജീവിതത്തിന്റെ യഥാർത്ഥ അടിത്തറയായി വിദ്യാഭ്യാസത്തെ അദ്ദേഹം വിശേഷിപ്പിച്ചു. മഹത്തായതും ശക്തവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിത്തറ മനുഷ്യരെ വാർത്തെടുക്കലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വഭാവ രൂപീകരണത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസത്തിന്റെ ഒരു ആണിക്കല്ലായി അദ്ദേഹം അടിവരയിട്ടു പറഞ്ഞു. അക്കാദമിക മികവ് മാത്രമല്ല, ദേശീയ പുരോഗതിക്ക് സംഭാവന നൽകാൻ കഴിവുള്ള പൗരന്മാരെ രൂപപ്പെടുത്തുന്ന അച്ചടക്കം, മറ്റുള്ളവർക്ക് നൽകുന്ന സേവനം, സാമൂഹിക ഉത്തരവാദിത്ത ഗുണങ്ങൾ എന്നിവയുടെ മൂല്യങ്ങളും പരിപോഷിപ്പിച്ചതിന് സ്ഥാപനത്തെ പ്രശംസിച്ചു.
തലമുറകളെ സമഗ്രതയോടും ലക്ഷ്യബോധത്തോടും കൂടി ജീവിക്കാൻ പ്രചോദിപ്പിച്ച ഒരു മാർഗ്ഗനിർദ്ദേശ തത്വമായി, സ്ഥാപനത്തിന്റെ പ്രചോദനാത്മകമായ മുദ്രാവാക്യമായ പെർ മാറ്റെം പ്രോ പാട്രിയ (പിതൃഭൂമിക്കായി അമ്മയിലൂടെ) എന്ന മുദ്രാവാക്യത്തെ ശ്രീ സി പി രാധാകൃഷ്ണൻ എടുത്തുകാട്ടി. 75 വർഷങ്ങൾക്ക് മുമ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് സമ്പത്തിനേക്കാൾ ധൈര്യവും വിശ്വാസവും സമൂഹബോധവും ആവശ്യമായിരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അറിവിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഒരു ദീപസ്തംഭമായി ആ പാരമ്പര്യം ഉയർത്തിപ്പിടിച്ചതിന് ഫാത്തിമ മാതാ നാഷണൽ കോളേജിനെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തുടനീളം ലഹരി മുക്ത സമൂഹങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തന്റെ സ്വന്തം സംരംഭം പങ്കുവെച്ചുകൊണ്ട്, “ലഹരി വിരുദ്ധ” ജനകീയ പ്രസ്ഥാനത്തിന് ഉപരാഷ്ട്രപതി ശക്തമായ ആഹ്വാനം നടത്തി. ആഗോളതലത്തിൽ യുവാക്കൾ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് ലഹരിയുടെ വിപത്ത് എന്നും ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നും മദ്യവും നിരസിക്കുന്നതിനായി ഒന്നിച്ച് കൈകോർക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അധ്യാപകരോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു. ശാരീരികമായ ആരോഗ്യത്തിനും ധാർമ്മിക ശക്തിക്കും സാമൂഹിക ഐക്യത്തിനും ലഹരി വിരുദ്ധ ജീവിതശൈലി അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രചാരണത്തെ ജനങ്ങൾ നയിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാനുള്ള തന്റെ ദൃഢനിശ്ചയം അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസം ഒരു വ്യക്തിക്ക് സ്വന്തമാക്കാവുന്ന ഏറ്റവും വലിയ സമ്പത്താണെന്ന് തമിഴ് കവിയായ തിരുവള്ളുവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ഇന്ത്യയെ സ്വാശ്രയവും വികസിതവുമായ ഒരു ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന ശാസ്ത്രജ്ഞരെയും, നൂതനാശയ സ്രഷ്ടാക്കളേയും, ഭരണാധികാരികളെയും, ചിന്തകരെയും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അച്ചടക്കം വളർത്തിയെടുക്കാനും, കൃത്യമായ ദിനചര്യകൾ പിന്തുടരാനും, പഠനത്തോടുള്ള ആജീവനാന്ത പ്രതിബദ്ധത നിലനിർത്താനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
സാമൂഹ്യ മാധ്യമങ്ങൾ ശ്രദ്ധാപൂർവ്വവും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്നും അതിന്റെ ദുരുപയോഗ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും ഉപരാഷ്ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. സാങ്കേതികവിദ്യയ്ക്ക് പരസ്പരം ബന്ധിപ്പിക്കാനും വിവരങ്ങൾ നൽകാനും വളരെയധികം ശക്തിയുണ്ടെങ്കിലും, അതിന്റെ അശ്രദ്ധമായ ഉപയോഗം തെറ്റിദ്ധരിപ്പിക്കാനും വിഭജിക്കാനും ശ്രദ്ധ തിരിക്കാനും കാരണമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സത്യം, കാരുണ്യം, ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസത്തിലും സാക്ഷരതയിലും കേരളം നേടിയ ശ്രദ്ധേയമായ നേട്ടങ്ങളെ പ്രശംസിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ സ്ഥാപകരെപ്പോലുള്ള ദീർഘവീക്ഷണമുള്ളവരുടെ പരിശ്രമമാണ് ഇത് സാധ്യമാക്കിയതെന്ന് പറഞ്ഞു. ഫാത്തിമ മാതാ നാഷണൽ കോളേജ് ഒരു വികസിത ഭാരതത്തിൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു, കൂടാതെ സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ ഒരു സന്ദർശകനായി വീണ്ടും സ്ഥാപനത്തിലേക്ക് വരാനുള്ള ആഗ്രഹവും അദ്ദേഹം അറിയിച്ചു.
പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഏഴര പതിറ്റാണ്ടായി രാഷ്ട്രത്തിനുവേണ്ടി അർപ്പണബോധത്തോടെ സേവനം അനുഷ്ഠിക്കുന്ന കോളേജ് സമൂഹത്തെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. സ്ഥാപനത്തെ ജ്ഞാനത്തിന്റെ ക്ഷേത്രവും മൂല്യങ്ങളുടെ വിളക്കുമാടവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അതിന്റെ തുടർച്ചയായ വളർച്ചയ്ക്കും ഇന്ത്യയുടെ വിദ്യാഭ്യാസപരവും ധാർമ്മികവുമായ പുരോഗതിക്ക് നൽകുന്ന സംഭാവനയ്ക്കും അദ്ദേഹം ആശംസകൾ നേർന്നു.
മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിക്ക് മൂന്നാറിൽ പ്രാദേശിക ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം വിവാദം
ഇടുക്കി.മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിക്ക് മൂന്നാറിൽ പ്രാദേശിക ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം.യുവതിയുടെ ദുരനുഭവം വിവരിച്ചുള്ള വീഡിയോ വ്യാപകമായ ചർച്ചകൾക്കിടവച്ചിരുന്നു.പോലീസിനെതിരെ ഗുരുതരാരോപണവുമായി ഊബർ ഡ്രൈവർ അസ്കർ രംഗത്തുണ്ട്.
വിനോദസഞ്ചാരിയുടെ ലഗേജുകൾ മറ്റൊരു ടാക്സിയിൽ കയറ്റാൻ പോലീസ് നിർദ്ദേശിച്ചുവെന്ന് ആരോപണം. സർവീസ് തടഞ്ഞ പ്രാദേശിക ടാക്സി ഡ്രൈവർമാർക്കൊപ്പമാണ് പോലീസ് നിന്നതെന്നും അസ്‌കർ. ഊബർ ടാക്സി തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു. ഒരു മാസം മുൻപ് വിദേശികളുമായി പോയ യൂബർ സർവീസു പോലും പ്രാദേശിക ടാക്സി ഡ്രൈവേഴ്സ് തടഞ്ഞു
ട്രിപ്പുകൾ എടുക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ്.മൂന്നാറിൽ നിന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സിന് സർവീസുകൾ എടുക്കാൻ സാധിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി മൂന്നാറിലെ ടാക്സി ഡ്രൈവേഴ്സ്.കൃത്യവിലോപം നടത്തിയ മൂന്നാറിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
മദ്യപാനത്തിനിടെ കൊലപാതക ശ്രമം,അറസ്റ്റ്
കൊച്ചി. മദ്യപാനത്തിനിടെ കൊലപാതക ശ്രമം. മദ്യപാനത്തിനിടയിൽ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചയാളെ സ്പാനറിന് തലക്കടിച്ചു. മൂവാറ്റുപുഴ സ്വദേശി ബാദുഷയെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിന് കാരണം. മലപ്പുറം സ്വദേശിയായ രാകേഷിനെയാണ് മുഹമ്മദ് ബഷീർ ആക്രമിച്ചത്
വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ
വിമാനത്തിനുള്ളിൽ പുകവലി. വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ വച്ചാണ് പുകവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് സുരക്ഷാ വിഭാഗക്കാന്റെ പരാതിയെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്





























