Home Blog Page 1378

കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

‘അബു അരീക്കോട് ഇനി യു ട്യൂബില്‍ വരില്ല!

ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാള്‍ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരന്‍ അബു രാഷ്ട്രീയത്തില്‍ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.

നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപര്‍വ്വങ്ങള്‍ താണ്ടേണ്ടി വന്നപ്പോഴും
ആരുടെ മുമ്പിലും ആദര്‍ശം അബു അടിയറ വെച്ചില്ല. യു ട്യൂബര്‍ എന്ന നിലയില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താന്‍ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളില്‍ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തില്‍ അരങ്ങൊഴിഞ്ഞത്.

മലയാള സാഹിത്യത്തിലെ എക്കാലത്തും അനശ്വരനായ ഇടപ്പള്ളി രാഘവന്‍ പിള്ള, ജീവിതത്തിന്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തി കാലവയനികക്കുള്ളില്‍ മറയുന്നതിന് മുമ്പ് എഴുതിയ വരികള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല:

‘ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറുംവെറും, പൊള്ളലാടങ്ങാത്ത ദാഹമാണയ്യോ ചുറ്റും’

ചുറ്റും അനീതിയും അന്യായവും കൊടികുത്തി വാഴുമ്പോള്‍ അതിനോട് സന്ധി ചെയ്യാതെ മുന്നോട്ടു പോകാന്‍ അസാമാന്യമായ നെഞ്ചുറപ്പു വേണം. താങ്ങും സഹായവും കിട്ടാന്‍ വീട്ടുവീഴ്ചകള്‍ വേണമെന്ന നാട്ടുനടപ്പുകളോട് കലഹിച്ച അബു, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നന്നേ പാടുപെട്ടിരുന്നതായാണ് സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്.

അനാവശ്യമായ മരണം എന്നേ അബു അരീക്കോടിന്റെ വേര്‍പാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേല്‍ ഉള്ള സാധാരണ മനുഷ്യര്‍, അബുവിന്റെ വഴി തെരഞ്ഞെടുക്കുന്നത് തോല്‍ക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉള്‍ക്കരുത്തോടെ ചടുലമായി കുതിക്കണം. എല്ലാ ദുഃഖങ്ങളും മനസ്സിന്റെ ചെപ്പില്‍ അടച്ചുവെച്ച് ജീവിതത്തിന്റെ അവസാന ലാപ്പുവരെ ഓടിത്തീര്‍ക്കണം. അതിനിടയില്‍ ട്രാക്കില്‍ തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികള്‍.’, അബു അരീക്കോടിനെ അനുസ്മരിച്ച് കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

പീഡനശ്രമം ചെറുത്ത 40-കാരിയായ യുവതിയെ 14-കാരൻ തല്ലിക്കൊന്നു

ഉത്തർപ്രദേശിൽ പീഡനശ്രമം ചെറുത്ത യുവതിയെ തല്ലിക്കൊന്ന് പ്രായപൂർത്തിയാവാത്ത ആൺകുട്ടി. ഹാമിർപൂരിൽ ഈ മാസം നാലിനായിരുന്നു സംഭവം. 40കാരിയായ യുവതിയാണ് 14കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പാടത്ത് പുല്ലുവെട്ടിക്കൊണ്ട് നിൽക്കുകയായിരുന്ന യുവതി. ഈ സമയം പിറകിലൂടെയെത്തി ഒമ്പതാം ക്ലാസുകാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ചെറുത്തപ്പോൾ കുട്ടി ഇവരുടെ കൈയിലുണ്ടായിരുന്ന അരിവാളെടുത്തും മരക്കമ്പുകളുൾപ്പെടെ ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയാണ് പിന്നീട് ഗ്രാമീണർ കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ഇവിടെനിന്ന് ചണ്ഡീഗഢിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ നില വഷളാവുകയും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ആക്രമണ സ്ഥലത്തുനിന്നും അരിവാളും മരക്കമ്പുകളും മുറിഞ്ഞ സ്കെയിലും പേനയുടെ കഷണങ്ങളും പൊലീസ് കണ്ടെടുത്തു.

തുടർന്ന്, പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

17 വയസുള്ള ഭിന്നശേഷിക്കാരനായ മകനുള്ള യുവതി കൂലിപ്പണിക്ക് പോയാണ് കുടുംബത്തെ പോറ്റിയിരുന്നത്. കേസിൽ പ്രായപൂർത്തിയാവാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഹാമിർപൂർ പൊലീസ് സൂപ്രണ്ട് രാജേഷ് ഉപാധ്യായ് പറഞ്ഞു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

‘നാടാകെ മെഡിക്കല്‍ കോളേജ് ഉണ്ടായിട്ട് കാര്യമില്ല, സൗകര്യം വേണം’; രോഗി മരിച്ച സംഭവത്തില്‍ ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോക്ടർ ഹരീസ് ചിറക്കൽ. നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരിസ് ചിറയ്ക്കൽ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനമുയർത്തി മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് രംഗത്ത് എത്തിയത്.

വേണുവിനെ തറയില്‍ കിടത്തി ചികിത്സിച്ചതിനെ ഹാരിസ് വിമര്‍ശിച്ചു. ‘വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്. തറയില്‍ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാള്‍ക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാന്‍ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തില്‍ തറയില്‍ കിടത്തി ചികില്‍സിക്കാനാകും. പ്രാകൃതമായ നിലവാരം ആണ്’, ഹാരിസ് പറഞ്ഞു.

ഒരിക്കല്‍ ഇത് ചൂണ്ടി കാണിച്ചത് ആണെന്നും അന്ന് വളരെ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് സമൂഹവും മാധ്യമങ്ങളും കൂടെ നിന്നും. ന്യൂനത ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. ആരെയും കുറ്റപ്പെടുത്തുക ആയിരുന്നില്ല ലക്ഷ്യം. നിരവധി പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ എത്തുന്നതെന്നും അത്രയും പേരെ ഉള്‍കൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജ്ഞാതരായവർ വിളിക്കുമ്പോൾ അവരുടെ പേര് ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യമാകും

അജ്ഞാതരായവർ വിളിക്കുമ്പോൾ അവരുടെ പേര് ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യമാകും. വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്ന സേവനത്തിന്റെ പരീക്ഷണത്തിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ തുടക്കം കുറിച്ചു. കോളിങ് നെയിം പ്രസന്റേഷൻ (സി.എൻ.എ.പി) എന്നാണ് ഈ സേവനത്തിന്റെ പേര്. നിലവിൽ ഹരിയാനയിലും ഹിമാചൽ പ്രദേശിലുമാണ് പദ്ധതി പരീക്ഷണം തുടങ്ങിയത്. അടുത്ത വർഷം മാർച്ചോടുകൂടി മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ ട്രൂകോളർ അടക്കമുള്ള ആപ്പുകളാണ് പലരും ആശ്രയിച്ചിരുന്നത്. ഇനി അത്തരം ആപ്പുകൾ മൊബൈൽ ഫോണിൽനിന്ന് ഒഴിവാക്കാമെന്നതാണ് വലിയ ആശ്വാസം.
റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ എന്നിവ ഹരിയാനയിലും ഭാരതി എയർടെൽ ഹിമാചൽ പ്രദേശിലുമാണ് സേവനം പരീക്ഷിക്കുന്നത്. നിലവിൽ ഈ സർക്കിളുകളിൽനിന്ന് മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരുടെ പേര് മാത്രമാണ് പ്രദർശിപ്പിക്കുക. ഉദാഹരണത്തിന്, ഹരിയാനയിൽനിന്നോ ഹിമാചൽ പ്രദേശിൽനിന്നോ മൊബൈൽ ഫോൺ കണക്ഷൻ എടുത്ത ഉപഭോക്താവ് രാജ്യത്തെവിടെയെങ്കിലുമുള്ള മറ്റൊരാളെ വിളിച്ചാൽ പേര് ഫോണിൽ ദൃശ്യമാകും.

ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്നത് ക്രൂര പീഡനങ്ങൾ.. യുവതിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

ദുർമന്ത്രവാദത്തിന്റെ പേരിൽ ക്രൂര പീഡനം നേരിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. കോട്ടയം സ്വദേശിയായ യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ നടന്നത്. ശരീരത്തിൽ ബാധയുണ്ടെന്ന് പറഞ്ഞ് പങ്കാളിയുടെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. മണിക്കൂറുകളോളം നീണ്ട പൂജയ്ക്കിടെ ബലമായി ബീഡി വലിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. ഭസ്മം തീറ്റിക്കുകയും ബീഡികൊണ്ട് നെറ്റി പൊള്ളിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

പ്രാര്‍ഥിച്ച്   സോഫയിലിരിക്കാന്‍ പറഞ്ഞു. ഇരുന്നതിന് പിന്നാലെ കാലില്‍ പട്ടുകൊണ്ട് നീളത്തില്‍ കെട്ടി. 11 മണിയോടെ പൂജ തുടങ്ങിയെന്നും യുവതി പറയുന്നു. ബാധ ഒഴിപ്പിക്കുന്നതിനായി മുടിയില്‍ ആണി ചുറ്റി വിറകിന്‍ കഷണത്തില്‍ തറച്ചുവെന്നും മുടി പറിച്ചുമാറ്റിയെന്നും യുവതി പറയുന്നു.
പത്തുമണിക്കൂറോളം നീണ്ട പൂജകള്‍ക്കിടെ ബോധം മറയുന്നത് വരെ മദ്യം കുടിപ്പിച്ചുവെന്നും യുവതി ഓര്‍ത്തെടുത്തു.  താന്‍ മദ്യപിച്ചുവെന്നും ബീഡി വലിച്ചുവെന്നുമാണ് ഭര്‍ത്താവിന്‍റെ അമ്മയും പെങ്ങളും പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ബീഡി വലിച്ചതായി ഓര്‍മയില്ലെന്നും എന്നാല്‍ നെറ്റിയിലടക്കം പൊള്ളലേറ്റ പാടുകളുണ്ടെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. 


ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ പൂജാസമയത്ത് ഉണ്ടായിരുന്നു. ഭര്‍ത്താവിന് സ്വന്തം വീട്ടുകാരുടെ മന്ത്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നതായി കരുതുന്നില്ലെന്നും യുവതി പറഞ്ഞു. മന്ത്രവാദത്തിന്‍റെയും പൂജയുടെയും ദൃശ്യങ്ങള്‍ ഭര്‍ത്താവിന്‍റെ സഹോദരി മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ താന്‍ തന്‍റെ സഹോദരിക്കും പൊലീസിനും കൈമാറിയെന്നും യുവതി വ്യക്തമാക്കുന്നു. അതേസമയം, വിവാഹം ഇപ്പോള്‍ നടത്തരുതെന്ന് പൂജാരി പറഞ്ഞതിനാല്‍ തന്‍റെ വിവാഹം കുടുംബം നടത്തിയില്ലെന്നും ദോഷം മാറാന്‍ കാത്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. 


പൂജ നടത്തി മൂന്നാം ദിവസം തന്‍റെ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ ഭയന്നു പോയി. മൂന്ന്ദിവസത്തിനുള്ളില്‍ ഫോണ്‍ കോള്‍ വരുമെന്ന് പൂജാരി തന്നോട് പറഞ്ഞിരുന്നുവെന്നും അമ്മയ്ക്ക് സുഖമില്ലെന്ന് വീട്ടില്‍ നിന്നും വിളിച്ച് പറഞ്ഞതോടെ താന്‍ ഭയന്നുവെന്നും തുടര്‍ന്നാണ് സഹോദരിയെ കണ്ട് വിവരം പറഞ്ഞതെന്നും യുവതി പറയുന്നു. സംഭവത്തിൽ പത്തനംതിട്ട സ്വദേശി ശിവദാസ്, യുവതിയുടെ ഭര്‍ത്താവ് അഖില്‍ദാസ്, പിതാവ് ദാസ് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഖില്‍ദാസിനെ പ്രണയിച്ച യുവതി ഒപ്പം ജീവിക്കുന്നതിനായി ഇറങ്ങിപ്പോരുകയായിരുന്നു. ഇങ്ങനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയുന്നതിനിടെയാണ് ദുരാത്മാക്കളെ ഒഴിപ്പിക്കാന്‍ ഭര്‍തൃമാതാവിന്‍റെ നിര്‍ദേശ പ്രകാരം മന്ത്രവാദം നടത്തിയത്.

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ സി എല്‍ ജയന്‍, എസ്‌ഐമാരായ കെ ജി ബിനോയ്, ജി ശശിധരന്‍, എഎസ്‌ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍, മഞ്ജു ബിജു, സീനിയര്‍ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,185 രൂപ നല്‍കണം. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 29 മുതല്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഈ മാസം മൂന്നിന് 90,000 കടന്നും സ്വര്‍ണവില കുതിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ 89,000നും 90,000നും ഇടയില്‍ സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുന്നതാണ് ദൃശ്യമായത്.

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ  ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ  ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപ്. ഇത്തരം ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് വിസ നിഷേധിക്കാമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലുള്ളത്.
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ അമേരിക്കൻ സർക്കാരിന് ബാധ്യതയായേക്കാമെന്നും പൊതുവിഭവങ്ങൾ ചോർത്തിയേക്കാമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അമേരിക്കൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ അയച്ചുവെന്നും വാഷിങ്ടൺ ആസ്ഥാനമാക്കിയുള്ള കെഎഫ്എഫ് ഹെൽത്ത് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സാംക്രമിക രോഗങ്ങൾ, വാക്സിനേഷൻ ചരിത്രം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവ നേരത്തേതന്നെ വിസ പൂർത്തീകരണ പ്രക്രിയയിൽ പരിശോധിക്കാറുണ്ട്. പുതിയ മാർഗനിർദേശം കൂടി വന്നതോടെ ഈ പട്ടികയിലേക്ക് പുതിയ രോഗങ്ങൾ കൂടി പരിശോധിക്കപ്പെടും.

വിസ അപേക്ഷിക്കുന്നയാളുടെ ആരോഗ്യം കൂടി കണക്കിലെടുക്കണമെന്നും ലക്ഷക്കണക്കിന് ഡോളർ ചികിത്സാചെലവ് വരുന്ന ഹൃദ്രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ, പ്രമേഹം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സ്ക്രീനിങ് നടത്തിയിരിക്കണമെന്നും നിർദേശത്തിലുണ്ട്. അപേക്ഷകർ ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രാപ്തിയുള്ളവരാണോ എന്ന് വിസാ ഓഫീസർമാർ പരിശോധിക്കുകയും വേണം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വന്നാൽ സർക്കാർ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.

ഇതുകൂടാതെ മക്കൾ, മാതാപിതാക്കൾ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിർദേശമുണ്ട്.

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളത്തിലെ ട്രെയിൻ ഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലായി എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം മൂന്നായി. പുതിയ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും.
വാരാണസിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് കേരളത്തിലേത് അടക്കം നാല് വന്ദേഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 8 മണി മുതൽ 8.40 വരെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

എറണാകുളം – ബംഗളൂരു റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണിത്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല. കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവിലെത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, എന്നിവയാണ് എറണാകുളത്തിനും ബംഗളൂരുവിനും ഇടയിൽ ട്രെയിൻ നിർത്തുന്ന പ്രധാന സ്റ്റേഷനുകൾ.

തെരുവുനായ്ക്കളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികളും മേനക ഗാന്ധിയും

ന്യൂഡൽഹി: തെരുവുനായ്ക്കളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികൾ. എ.ബി.സി നിയമങ്ങളുടെ ലംഘനമാണ്സുപ്രീംകോാടതി ഉത്തരവെന്നാണ് മൃഗസ്നേഹികളുടെ വാദം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സ്കൂളിൽ നിന്നും ആശുപത്രികളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും നായ്ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവ്. എന്നിട്ട് മതിലുകൾ കെട്ടണമെന്നും കോടതി പറയുന്നു. ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും മതിൽ കെട്ടാൻ സാധിക്കുമോ. നായ്കൾ തിരിച്ചെത്തുന്നത് എങ്ങനെ തടയാനാകുമെന്ന് മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി ചോദിച്ചു.

നായ്ക്കളെ മാറ്റുന്നത് മൂലമാണ് 95 ശതമാനം നായകടി കേസുകൾ ഉണ്ടാവുന്നത്. 35 ലക്ഷം തെരുവ്നായ്ക്കളെയാണ് അവരുടെ ആവാസസ്ഥലത്ത് നിന്ന് മാറ്റേണ്ടത്. അവർ എവിടേക്ക് പോകും. ഇവിടെ ഷെൽറ്ററുകളില്ല. ഷെൽറ്റർ നിർമിച്ചാലും ആര് അതിന് ഫണ്ട് നൽകുമെന്നും മനേക ഗാന്ധി ചോദിച്ചു. 700 ജില്ലകൾക്കായി 700 എ.ബി.സി സെന്ററുകളാണ് വേണ്ടത്. എന്നാൽ, നിലവിൽ 50 ജില്ലകളിൽ മാത്രമാണ് എ.ബി.സി സെന്ററുകൾ ഉള്ളതെന്നും മനേക ഗാന്ധി പറഞ്ഞു.ആഗസ്റ്റ് 11ന് പുറപ്പെടുവിച്ചത് പോലെ പ്രശ്നങ്ങൾ നിറഞ്ഞതാണ് ഈ വിധിയുമെന്നും നമുക്ക് ആവശ്യത്തിന് ഷെൽട്ടറുകളില്ലെന്നും മൃഗസ്നേഹികൾ വ്യക്തമാക്കി.