Home Blog Page 1148

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും ഡി.ജെ പാർട്ടിക്കാരുടെ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് അപകടം

തൃശൂര്‍.പന്നിത്തടം സെൻററിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും ഡി.ജെ പാർട്ടിക്കാരുടെ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് അപകടം.നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്

പാവറട്ടിയിൽ നിന്നും പരിപാടി കഴിഞ്ഞുവരികയായിരുന്ന പാലക്കാട് നെന്മാറ സ്വദേശികളായ ഡി.ജെപാർട്ടി സംഘം സഞ്ചരിച്ചിരുന്ന പിക്കപ് വാൻ അയ്യപ്പദർശനം കഴിഞ്ഞ് കേച്ചേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബസും അക്കിക്കാവ് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വരികയായിരുന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് ബസിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിടിച്ച് റോഡരുകിലുള്ള തട്ടുകടകൾ തകരുകയും ബസും പിക്കപ് വാനും റോഡിൽ മറിഞ്ഞ് വീഴുകയും ചെയ്തു

പരിക്കേറ്റ 14 പേരെയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല

പരാതിക്കാരി വിവാഹിത ആണെന്ന് അറിയില്ലായിരുന്നു,രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ

പത്തനംതിട്ട.മൂന്നാം ബലാൽസംഗ പരാതി, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ പുറത്ത്. ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയിൽ

പരാതിക്കാരി വിവാഹിത ആണെന്ന് അറിയില്ലായിരുന്നു. വിവാഹിത എന്ന് അറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചു. സംഭവം നടന്ന് ഏറെ വൈകിയാണ് പരാതി നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നാം ബലാൽസംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യ അപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിപരിഗണിക്കും. . പരാതിയിൽ പറയുന്ന കാര്യങ്ങൾ കള്ളമാണെന്നായിരിക്കും പ്രതിഭാഗത്തിന്റെ പ്രധാന വാദം. യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചേക്കും.

മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ ഉത്തരവുമായി സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. രാഹുലിന് വേണ്ടി അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ഹാജരാകും. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ എതിർവാദം ഉന്നയിക്കും. നിലവിൽ അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിക്കും. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടേക്കും. കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ ഇന്നലെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാൻഡ് കാലാവധി.

പുതുയുഗയാത്രയുമായി സതീശന്‍

തിരുവനന്തപുരം. വി.ഡി. സതീശൻ നയിക്കുന്ന UDF രാഷ്ട്രീയ ജാഥക്ക് പേരായി. ‘പുതുയുഗ യാത്ര’ എന്ന പേരിലാണ് യാത്ര.കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ് എന്നതായിരിക്കും യാത്രയുടെ തീം.ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെയാണ് യാത്ര. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര

ഷാഫി ചെമ്മാത്തിനെതിരെ സ്വീകരിച്ച സംഘടനാ തലത്തിലെ നടപടി പിന്‍വലിച്ചു

ശാസ്താംകോട്ട. യൂത്ത്‌കോണ്‍ഗ്ര്‌സ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ശൂരനാട് സ്വദേശി ഷാഫി ചെമ്മാത്തിനെതിരെ സ്വീകരിച്ച സംഘടനാ തലത്തിലെ നടപടി പിന്‍വലിച്ചു. ഇദ്ദേഹം നല്‍കിയ വിശദീകരണം തൃപ്തികരമായതിനാലാണ് നട
പടി പിന്‍വലിച്ചതെന്ന് ജില്ലാ പ്രസിഡന്‌റ് ജോമോന്‍ജോസ് അറിയിച്ചു.

ശാസ്താംകോട്ട കായൽ ദുരന്തത്തിന് ഇന്ന് 44 ആണ്ട്

ജില്ലാ പഞ്ചായത്ത് ശാസ്താംകോട്ട കായൽ തീരത്ത് അടുത്ത കാലത്ത് നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ശന്തനുഎന്നകലാകാരന്‍ കായൽ ദുരന്തം ചിത്രീകരിച്ചിരിക്കുന്നു

ശാസ്താംകോട്ട:നാട് ഞെട്ടിത്തരിച്ച ശാസ്താംകോട്ട കായൽ ദുരന്തം നടന്നിട്ട് വെള്ളിയാഴ്ച 44 ആണ്ട്.1982ജനുവരി 16 ന് മകരപൊങ്കലിന്റെ തലേ ദിവസം ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങി 24 പേർ മരിച്ച സംഭവമാണ് ശാസ്താംകോട്ട കായൽ ദുരന്തം. പ്രസിദ്ധമായ ശാസ്താംകോട്ട ചന്തയിൽ എത്തി സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും
ക്ഷേത്ര ദർശനം നടത്തുന്നതിനും എത്തിയ പടിഞ്ഞാറേകല്ലട സ്വദേശികളാണ് ഏറെയും മരണപ്പെട്ടത്.
മുങ്ങിമരിച്ച 24പേരിൽ 22പേരുംപടി. കല്ലടയിലെ വിളന്തറദേശക്കാരായിരുന്നു. സാധനങ്ങൾ വാങ്ങി ശാസ്താംകോട്ട അമ്പലക്കടവിൽ നിന്ന് പടി. കല്ലടയിലെ വെട്ടോലിക്കടവിലേക്ക് കടത്ത് വള്ളത്തിൽ ആളുകൾ കയറി. മുമ്പേ വീടണയാനുള്ള തിടുക്കത്തിൽ 1 വള്ളത്തിൽ കൂടുതൽ ആളുകൾ കയറി.ഒപ്പം യഥേഷ്ടം സാധനങ്ങളും. കടത്തുകാർ മുന്നറീപ്പ് നൽകിയിട്ടും ആരും വകവച്ചില്ല. കായലിൻ്റെ നടുക്ക് എത്തിയതോടെ ശക്തമായ കാറ്റിൽ വള്ളം ആടിയുലയാൻ തുടങ്ങി. വള്ളം അപകടത്തിൽപ്പെടുമെന്ന് കണ്ടതോടെ തീരത്ത് നിന്ന് മറ്റൊരു വള്ളം വന്നു.ഉടൻ തന്നെ എല്ലാവരും ഈ വള്ളത്തിൽ കയറാൻ തിക്കിതിരക്കി.
അങ്ങനെ രണ്ട് വള്ളങ്ങളും മറിഞ്ഞു. വള്ളക്കാരും നീന്തൽ അറിയാവുന്നവരും ഏറെ പേരെ രക്ഷപ്പെടുത്തിയങ്കിലും 24 പേർ ശാസ്താംകോട്ട കായലിൻ്റ കാണാക്കയത്തിൽ മുങ്ങി താണു.
മരിച്ചവരിൽ ഏറെയും സ്ത്രീകളുംകുട്ടികളും ആയിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ ചിലരും മരണപ്പെട്ടു.
കൊച്ചിൽ നിന്ന് മുങ്ങൽ വിദഗ്ദ്ധർ എത്തിയാണ് രണ്ട് – മൂന്ന് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ കണ്ടെടുത്തത്.ആ കാലഘട്ടത്തിൽ കായലിൻ്റെ ആഴത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിചിരുന്നു. രക്ഷപെട്ടവരേയും മറ്റ് പലരെയും രക്ഷപെട്ടുത്തിയവരെ കുറിച്ചുമുള്ള വീര സാഹസങ്ങളും കായൽ ദുരന്തത്തെ അടിസ്ഥാനമാക്കി ഏറെ കവിതകളും അന്ന് പ്രചരിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് തടാക തീരത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തില്‍ കലാകാരനായ ശന്തനു ശ്രദ്ധേയമായ തരത്തില്‍ കായല്‍ദുരന്തം ശില്‍പ്പമാക്കിയിട്ടുണ്ട്.
കായൽ ദുരന്തത്തിൽ നിന്ന് രക്ഷപെട്ട പലരും ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്യത്തിൽ ഇപ്പോഴും ദുരന്തം നടന്ന ദിവസം അനുസ്മരണങ്ങൾ
സംഘടിപ്പിച്ചു വരുന്നു. രക്ഷപെട്ടവരും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അടക്കം വൈകിട്ട് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് അംഗം എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും

ബ്രൂക്ക് എക്‌സലൻസ് പുരസ്‌കാര സമർപ്പണവും പൂർവ്വവിദ്യാർത്ഥികൾക്ക് ആദരവും

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി നൽകുന്ന ആറാമത് ബ്രൂക്ക് എക്‌സലൻസ് അവാർഡ് യൂറോപ്പിന്റെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോസ്റ്റ്‌. റവ. ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മുൻ ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ്സിനു വെള്ളിയാഴ്ച സമർപ്പിക്കും.
ബ്രൂക്കിന്റെ ആരംഭം മുതൽ 2022 വരെയുള്ള കാലയളവിൽ സ്കൂളിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥികളായ ഡോ. അഹമ്മദ് നബീൽ, ഡോ. സാന്ദ്ര സാംസൺ, ഹെഡ് ഗേൾ കുമാരി എയ്ഞ്ചലീന അന്ന ജോൺ എന്നിവർ ആശംസകൾ അർപ്പിക്കും

കൊല്ലം–തേനി ദേശീയപാത (NH-183) വികസനത്തിൽ നിർണായകമായ പുരോഗതി

കൊല്ലം. നഗരം മുതൽ കുമളി വരെ കേരള–തമിഴ്നാട് അതിർത്തി കടന്നുപോകുന്ന കൊല്ലം–തേനി ദേശീയപാത (NH-183) വികസനത്തിൽ നിർണായകമായ മുന്നേറ്റം കൈവരിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ലോക് സഭയില്‍ മറുപടി ലഭിച്ചു. ദേശീയപാതയുടെ തുടക്കം കൊല്ലം കടവൂരിലെ ദേശീയപാത 66-ൽ നിന്നായിരിക്കും, കൊല്ലം–തേനി ദേശീയപാതയുടെ ആദ്യഘട്ട വികസനത്തിനുള്ള അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചു.

കേന്ദ്ര ഹൈവേ – റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ ഔദ്യോഗിക മറുപടിയിൽ, കേരളത്തിൽ കൊല്ലം മുതൽ കുമളി (കേരള–തമിഴ്നാട് അതിർത്തി) വരെ നീളുന്ന NH-183 ദേശീയപാതയുടെ ആകെ ദൈർഘ്യം ഏകദേശം 215 കിലോമീറ്ററാണ്. ഇതിൽ കൊല്ലം–ചെങ്ങന്നൂർ വിഭാഗത്തിലെ കടവൂർ –അഞ്ഞിലിമൂട് ഭാഗത്തിന്റെ അലൈൻമെന്റ് നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്. കടവൂർ –വയ്യങ്കര ഭാഗം 2022 സെപ്റ്റംബർ 6-നും വയ്യങ്കര–അഞ്ഞിലിമൂട് ഭാഗം 2022 ഓഗസ്റ്റ് 4-നും അംഗീകരിക്കപ്പെട്ടതായി മന്ത്രി അറിയിച്ചു. ഇതോടെ ആദ്യഘട്ടത്തിൽ 62.1 കിലോമീറ്റർ ദൈർഘ്യമുള്ള വികസനം ഔദ്യോഗികമായി മുന്നോട്ടുപോകുകയാണ്. എന്നാൽ പുതുക്കിയ അലൈൻമെന്റ് പ്രകാരം വളവുകൾ മാറുമ്പോൾ 58 കിലോമീറ്റർ ആയി പാതയുടെ ദൈർഘ്യം കുറയും.

ആദ്യ ഘട്ടത്തിൽ പേവ് ചെയ്ത ഷോൾഡറുകളോടുകൂടിയ രണ്ട് ലെയിൻ റോഡായി ആസൂത്രണം ചെയ്തിരുന്ന പദ്ധതിയെ, നിലവിലെ ഗതാഗത സമ്മർദ്ദവും ഭാവിയിലെ ആവശ്യകതകളും വിലയിരുത്തി,കൊല്ലം കളക്ടറേറ്റിൽ നടന്ന കൺസൾട്ടേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം 2025 ഫെബ്രുവരി 4-ന് നാല് ലെയിൻ ഹൈവേയായി വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു . ഇതോടെ കൊല്ലം മുതൽ കിഴക്കൻ കേരളത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടും.

കടവൂർ മുതൽ അഞ്ഞിലിമൂട് വരെ ഭാഗത്തിനായുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ജനസാന്ദ്ര പ്രദേശങ്ങളിലൂടെയും ഉയർന്ന ഭൂവിലയുള്ള മേഖലകളിലൂടെയും ദേശീയപാത കടന്നുപോകുന്നതിനാൽ, സ്ഥലം ഏറ്റെടുപ്പിന്റെ ഉയർന്ന ചെലവും പാർപ്പിട കെട്ടിടങ്ങൾക്ക് ഉണ്ടാകുന്ന ബാധയും കണക്കിലെടുത്താണ് DPR നിലവിൽ വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, അഞ്ഞിലിമൂട് മുതൽ കുമളി വരെ കേരള–തമിഴ്നാട് അതിർത്തി വരെയുള്ള ശേഷിക്കുന്ന ഭാഗത്തിന്റെ DPR തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

2025 ഡിസംബർ മൂന്നാം പാദത്തിൽ നടന്ന DISHA യോഗത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക രേഖകൾ പ്രകാരം, NH-183 ന്റെ കടവൂർ –അഞ്ഞിലിമൂട് ഭാഗത്തിനായി ഭൂമി ഏറ്റെടുപ്പിന്റെ 3A വിജ്ഞാപനം 2025 മാർച്ച് 19-ന് ഭൂമി രാശി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവ് കണക്കുകൾ കേന്ദ്ര റോഡ് ഗതാഗത–ഹൈവേ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന് സമർപ്പിച്ചിട്ടുണ്ടെന്നും, സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരത്തിനായി ഫയൽ കൈമാറിയിട്ടുണ്ട്. പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഏകദേശം 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും പുതുക്കിയ ഡിഎസ്ആർ പ്രകാരം 2200 കോടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതം നൽകുമോ എന്ന കാര്യത്തിൽ കേന്ദ്ര ഹൈവേ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി, കൊല്ലം–തേനി ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുപ്പിന് തുക മുടക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ദേശീയപാതയുടെ സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള മുഴുവൻ നിർമാണ ചെലവും കേന്ദ്ര റോഡ് ഗതാഗത–ഹൈവേ മന്ത്രാലയം തന്നെ വഹിക്കുമെന്ന് ഉറപ്പായിരിക്കുന്നത്. നിലവിൽ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം പാതയുടെ വികസനം എത്രയും വേഗം ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ തീരുമാനം കിഴക്കൻ കേരളത്തിന്റെ ഗതാഗത വികസനത്തിൽ ചരിത്രപരമായ വഴിത്തിരിവാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ വ്യാപാരം, വിനോദസഞ്ചാരം, ചരക്ക് ഗതാഗതം എന്നിവയ്ക്ക് വലിയ ഉത്തേജനം ലഭിക്കും, പൊതുജനങ്ങൾക്ക് നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കി പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കണം. പദ്ധതിയുടെ അന്തിമ സാമ്പത്തിക അനുമതിക്കും വേഗത്തിലുള്ള പുരോഗതിക്കുമായി കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും ന്യൂഡൽഹിയിൽ നേരിൽ കാണുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

ശാസ്താംകോട്ട:നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.പള്ളിശ്ശേരിക്കൽ കല്ലുവിളയിൽ സ്റ്റാർ ഹൗസിൽ വിജോ ഭായി എന്ന് വിളിക്കുന്ന വിജോ ജോസഫ് (32)നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചത്.തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയായി ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം ക്രമസമാധാനലംഘനം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് എസ്.എച്ച്.ഒ
എ.അനീസ് റൂറൽ ജില്ലാ പോലീസ് മേധാവി മുഖാന്തിരം ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ആറ് ക്രൈം കേസുകളിലും ശൂരനാട് പോലീസ് സ്റ്റേഷനിൽ ഒരു കേസിലും പ്രതിയാണ് ഇയ്യാൾ.കഴിഞ്ഞ സെപ്തംബർ 8 ന് ശാസ്താംകോട്ടയിലെ ബാറിൽ സംഘർഷം ഉണ്ടാക്കിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു.ശാസ്താംകോട്ട ഡിവൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ അനീസ്,എസ്.ഐമാരായ വിമൽ രംഗനാഥ്,മനീഷ്,സിപിഒമാരായ നഹാസ്,അഖിൽ ചന്ദ്രൻ, ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

.

ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, സംഘത്തിലെ ഒരാൾ പിടിയിൽ

കണ്ണൂർ പേരാവൂരിൽ ഒരു കോടി അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്. ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാനെത്തിയവർ തട്ടിയെടുത്തത്. സംഘത്തിൽപെട്ട ഒരാളെ പേരാവൂർ പൊലീസ് പിടികൂടി. ഡിസംബര്‍ 30 ന് അടിച്ച സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി വരുന്ന സമ്മാനത്തുകയുള്ള ലോട്ടറിയാണ് ഇയാള്‍ മറിച്ചുവില്‍ക്കാൻ ശ്രമിച്ചത്. ലോട്ടറി കരിഞ്ചന്തയിൽ വിറ്റ് മുഴുവൻ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. 15 ദിവസത്തോളം ഇയാള്‍ ഒരു സംഘത്തെ സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് ഒരു സംഘം ആളുകള്‍ ലോട്ടറി വാങ്ങാമെന്ന് ഏല്‍ക്കുന്നത്.  


ഇന്നലെ രാത്രി സാദിഖ് ലോട്ടറിയും ഒപ്പമൊരു സുഹൃത്തുമായി സംഘത്തെ പേരാവൂരിൽ വെച്ച് കണ്ടുമുട്ടി സംസാരിച്ചു. സംസാരത്തിനിടെയാണ് സംഘം ലോട്ടറി ടിക്കറ്റും സാദിഖിന്‍റെ സുഹൃത്തിനെയും ഒരു വാഹനത്തിനുള്ളിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോയത്. ടിക്കറ്റ് സുഹൃത്തിന്‍റെ പക്കൽ നിന്നും പിടിച്ചുവാങ്ങിയതിന് ശേഷം വഴിയിൽ തള്ളിയിട്ടു. തുടര്‍ന്ന് സംഘം കടന്നു കളഞ്ഞു. സാദിഖ് നേരത്തെ തന്നെ സംഘവുമായി ബന്ധപ്പെട്ടിരുന്നതിനാൽ പൊലീസിന് വളരെ വേഗത്തെ ഇവരെ കണ്ടെത്താൻ സാധിച്ചു. സംഘത്തിൽ പെട്ട ചക്കാട് സ്വദേശി ഷുഹൈബിനെയാണ് പേരാവൂര്‍ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ മുൻപും കള്ളപ്പണക്കേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്. 5 പേരടങ്ങുന്ന സംഘമാണ് പേരാവൂരിൽ ലോട്ടറി പൊട്ടിക്കലുമായി ബന്ധപ്പെട്ട് പേരാവൂരിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. 

കെ സി സി പാറശാല അസംബ്ലിയുടെ പുതുവത്സരാഘോഷം നാളെ വെള്ളറടയിൽ

വെള്ളറട: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) പാറശാല അസംബ്ലിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം നാളെ വൈകിട്ട് 6ന് വെള്ളറട കാനക്കോട് സാൽവേഷൻ ആർമി ചർച്ചിൽ നടക്കും. അസംബ്ലി പ്രസിഡൻ്റ് റവ.റ്റി.ദേവപ്രസാദിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷം ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്യും.ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് പുതുവത്സര സന്ദേശം നൽകും.വിവിധ സഭാ വിഭാഗങ്ങളിലെ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.