Home Blog Page 1068

‘ഞാൻ ഡൽഹിയിലേക്ക് ഇല്ല’ ‘വെറുതെ പണം ചെലവാക്കുന്നത് എനിക്ക് ഇഷ്ടമല്ല’; വ്യക്തമാക്കി ആർ ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് യാത്രതിരിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ ശ്രീലേഖ. ഈ പ്രായത്തിൽ ഇത്രയും വലിയ ഒരു യാത്ര കേരള എക്സ്പ്രസിൽ നടത്താൻ തനിക്ക് പ്രയാസമാണെന്ന് ശ്രീലേഖ വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു ചരിത്രവിജയമാണ് നേടിയത്. 45 വർഷത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിൽ ഒരു ഭരണം വന്നു. ഈ സമയത്താണ് കൗൺസിലർമാരിൽ കുറച്ചുപേർക്ക് ഡൽഹിയിൽ പോയി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം വരുന്നത്. കേരള എക്‌സ്‌പ്രസിൽ കയറി ഡൽഹിയിലേക്ക് പോകുന്നു. എല്ലാ സ്ഥലത്തുനിന്നും സ്വീകരണം വാങ്ങുന്നു. രണ്ടുദിവസം നിൽക്കുന്നു. 13-ാം തീയതി രാത്രി ‌‌ഡൽഹിയിൽ നിന്ന് തിരിക്കുന്നു. 14 പേരാണ് പോകാൻ തീരുമാനിച്ചത്.

ഇത്രയും വലിയ യാത്ര ഈ പ്രായത്തിൽ നടത്താൻ പ്രയാസമാണെന്ന് ഞാൻ പറഞ്ഞു. വിമാനടിക്കറ്റ് എടുത്തുതരാമെന്ന് പറഞ്ഞതാണ്. ഞാൻ വേണ്ടെന്ന് പറഞ്ഞു. എനിക്ക് പണം അനാവശ്യമായി ചെലവാക്കുന്നത് ഇഷ്ടമല്ല. വീട്ടിൽ പ്രായമായ അമ്മയുണ്ട്. അഞ്ചുദിവസം വീട്ടിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. അതിനാലാണ് യാത്രയിൽ പങ്കെടുക്കാത്തത്. അല്ലാതെ പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ല’- ശ്രീലേഖ വ്യക്തമാക്കി.

സി.ജെ. റോയിയുടെ മരണത്തിനിടയാക്കിയ കാരണമെന്താണെന്ന് അറിയില്ല: എംഡി ടി.എ. ജോസഫ്

കൊച്ചി: സി.ജെ. റോയിയുടെ മരണത്തിനിടയാക്കിയ കാരണമെന്താണെന്ന് അറിയില്ലായെന്നും ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും എംഡി ടി.എ. ജോസഫ്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ സാധാരണ പരിശോധനകള്‍ മാത്രമാണ് നടന്നത്. പരിശോധനയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസാരിക്കാനാകില്ലെന്നും എസ്ഐടിയുടെ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയുമായി ബന്ധപ്പെട്ട് സി ജെ റോയിയെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞത് ശരിയല്ല. കുടുംബത്തിന് ഇക്കാര്യങ്ങള്‍ അറിയില്ല. അവര്‍ വൈകാരികമായി പ്രതികരിച്ചത് ശരിയല്ലെന്നും അങ്ങനെ ചെയ്യരുതെന്നും പറഞ്ഞിരുന്നുവെന്നും ടി എ ജോസഫ് പറഞ്ഞു. ഇതുവരെയുള്ള എസ്ഐടി അന്വേഷണം തൃപ്തികവമാണെന്നും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സർവം വിഷൻ’എഐ രംഗത്തെ അതികായന്മാരായ ഗൂഗിളിനെയും ഓപ്പണ്‍ എഐയെയും പിന്നിലാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ്

ബംഗളൂരു:  ആഗോള എഐ രംഗത്തെ അതികായന്മാരായ ഗൂഗിളിനെയും ഓപ്പണ്‍ എഐയെയും പിന്നിലാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് സർവം എഐ.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി വികസിപ്പിച്ച ‘സർവം വിഷൻ’ എന്ന ഒസിആർ (Optical Character Recognition) ടൂള്‍ ഇന്ത്യൻ ഭാഷകളിലെ രേഖകള്‍ വായിക്കുന്നതില്‍ ഗൂഗിള്‍ ജെമിനിയെക്കാളും ചാറ്റ് ജിപിടിയെക്കാളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ലോകശ്രദ്ധ നേടി സർവം വിഷൻ

സമീപകാലത്ത് പുറത്തിറങ്ങിയ റിപ്പോർട്ടുകള്‍ പ്രകാരം, olmOCR-Bench എന്ന ആഗോള ബെഞ്ച് മാർക്കില്‍ സർവം വിഷൻ 84.3 ശതമാനം കൃത്യത രേഖപ്പെടുത്തി. ഇത് ജെമിനി 1.5 പ്രോ, ഡീപ് സീക്ക് ഒസിആർ വി2 എന്നിവയെക്കാള്‍ ഉയർന്ന സ്കോറാണ്. സാധാരണ ഒസിആർ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന സങ്കീർണ്ണമായ ഡോക്യുമെന്റുകള്‍, പട്ടികകള്‍, ശാസ്ത്രീയ സൂത്രവാക്യങ്ങള്‍ എന്നിവ വായിക്കുന്നതിലും ഈ മോഡല്‍ മികവ് പുലർത്തുന്നു. ഓംനി ഡോക് ബെഞ്ച് v1.5-ല്‍ 93.28 ശതമാനമാണ് ഈ ടൂളിന്റെ ആകെ സ്കോർ.

ബുള്‍ബുള്‍ വി3: ശബ്ദ സാങ്കേതികവിദ്യയിലെ വിപ്ലവം

രേഖകള്‍ വായിക്കുന്നതിനൊപ്പം ശബ്ദ സാങ്കേതികവിദ്യയിലും സർവം എഐ വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ ടെക്സ്റ്റ്-ടു-സ്പീച്ച്‌ മോഡലായ ‘ബുള്‍ബുള്‍ വി3’ ഇപ്പോള്‍ പുറത്തിറങ്ങി. 11 ഇന്ത്യൻ ഭാഷകളിലായി 35-ലധികം സ്വാഭാവിക ശബ്ദങ്ങളാണ് ഇതിലുള്ളത്. വരും കാലങ്ങളില്‍ ഇത് 22 ഭാഷകളിലേക്ക് വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ മുൻപന്തിയിലുള്ള ഇലവൻ ലാബ്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളെക്കാള്‍ കുറഞ്ഞ ചിലവില്‍ മികച്ച ശബ്ദം ബുള്‍ബുള്‍ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വിദഗ്ധരുടെ പ്രശംസ

നേരത്തെ ഇന്ത്യൻ എഐ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ചിരുന്ന ടെക് വിദഗ്ധരും ഇപ്പോള്‍ സർവം എഐയുടെ നേട്ടത്തെ ശരിവെക്കുന്നുണ്ട്. ആഗോള ലാബുകള്‍ അവഗണിക്കുന്ന ഇന്ത്യൻ ഭാഷകളിലെ വിടവ് നികത്താൻ സർവത്തിന്റെ ഈ ‘സൊവറിൻ എഐ’ (Sovereign AI) മോഡലുകള്‍ക്ക് സാധിക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു. കിസ്സാൻ എഐ (KissanAI) ഉള്‍പ്പെടെയുള്ള മുൻനിര സ്ഥാപനങ്ങള്‍ നിലവില്‍ ബുള്‍ബുളിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇൻക്യുബേറ്ററിലാക്കിയ നവജാത ശിശു വെന്തുമരിച്ചു

കാണ്‍പൂർ: ജനിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിശദമാക്കി ഇൻക്യുബേറ്ററിലാക്കിയ നവജാത ശിശു വെന്തുമരിച്ചു

ഉത്തർപ്രദേശിലെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിയോനേറ്റല്‍ ഇന്റൻസീവ് കെയർ യൂണിറ്റില്‍ സ്ഥാപിച്ചിരുന്ന വോർമർ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനിച്ചു മണിക്കൂറുകള്‍ക്കകം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം കുഞ്ഞ് വെന്തുമരിക്കുകയായിരുന്നു. ബിത്തൂരിലെ ബ്രഹ്മനഗർ ഏരിയയിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുഞ്ഞിനെ ജനിച്ചയുടനെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് എൻഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് തീപിടിത്തമുണ്ടായത്.

കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ, തുടകള്‍ എന്നിവിടങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ് നവജാത ശിശുവിന്റെ ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ മരണത്തില്‍ പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പിന്നാലെ കുഞ്ഞിന്റെ ബന്ധു ബിത്തൂർ പൊലീസ് സ്റ്റേഷനില്‍ ആശുപത്രിക്ക് എതിരെ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഇൻക്യുബേറ്ററില്‍ വച്ച വിവരം ജീവനക്കാർ മറന്ന് പോയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ എൻഐസിയു പൂട്ടി.

സംഭവം നടന്ന് അഞ്ച് മണിക്കൂറോളം കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ബക്കർഗഞ്ച് നിവാസിയായ അരുണ്‍ നിഷാദിന്റെ കുഞ്ഞാണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അരുണ്‍ നിഷാദിന്റെ ഭാര്യ ബിട്ടുവിന് ഞായറാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് ഭാര്യയെ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സിസേറിയനിലൂടെ ബിട്ടു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇത്.

പ്രസവശേഷം അമ്മയെ വാർഡിലേക്കും കുഞ്ഞിനെ എൻഐസിയുവിലേക്കും മാറ്റി. എന്നാല്‍ കുഞ്ഞിനെ കിടത്തിയിരുന്ന വോർമർ മെഷീന് തീപിടിച്ച്‌ കുഞ്ഞ് മരിക്കുകയായിരുന്നു. നാലഞ്ച് മണിക്കൂറോളം ആശുപത്രി ജീവനക്കാർ ഈ വിവരം മാതാപിതാക്കളില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് ഉയരുന്ന ആരോപണം. കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചത്. രാത്രി വൈകിയും കുഞ്ഞിനെ കാണിക്കാതെ വന്നപ്പോള്‍ വീണ്ടും ചോദിച്ചപ്പോഴാണ് അവർ വിവരം പറയുന്നത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് എന്റെ മകളുടെ മരണത്തിന് കാരണം. ഈ ആശുപത്രി പൂട്ടിക്കണം, എല്ലാ ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ദാരുണമായി മരിച്ച നവജാത ശിശുവിന്റെ പിതാവ് അരുണ്‍ നിഷാദ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.ഭൂമിയിലെ ദൈവങ്ങളെന്ന് പറയുന്ന ഡോക്ടർമാരും ജീവനക്കാരുമാണ് എന്റെ കുഞ്ഞിന്റെ ജീവനെടുത്തത്. മകള്‍ എങ്ങനെയാണ് വെന്തുമരിച്ചതെന്ന് ഭാര്യയോട് പറയാൻ പോലും എനിക്ക് ധൈര്യമില്ലന്നും അരുണ്‍ നിഷാദ് കണ്ണീരോടെ പറയുന്നത്.

കുഞ്ഞിന്റെ മരണത്തെ തുടർന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചപ്പോള്‍, വിഷയം ഒതുക്കിത്തീർക്കാൻ ആശുപത്രി അധികൃതർ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ബന്ധുക്കള്‍ ആരോപിച്ചു. ഇതോടെയാണ് കുഞ്ഞിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.കുഞ്ഞിനെ ഒരു തവണ പോലും ജീവനോടെ കാണാൻ കഴിഞ്ഞില്ലെന്നാണ് നെഞ്ചുപൊട്ടി കുഞ്ഞിന്റെ അമ്മ ബിട്ടു പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ മെഡിക്കല്‍ ഓഫീസർ റമിത് റസ്തോഗി അറിയിച്ചു. 24 മണിക്കൂറിനകം റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ കടകളിലെ ക്രമക്കേട്; 11.29 ലക്ഷം രൂപ പിഴയീടാക്കി

കൃത്യതയോടെയുള്ള പൊതുവിതരണ സംവിധാനം ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനകളിലൂടെ ക്രമക്കേടുകള്‍ കണ്ടെത്തിയ ജില്ലയിലെ റേഷന്‍ കടകള്‍ക്ക് 11.29 ലക്ഷം രൂപ പിഴചുമത്തി ഈടാക്കിയെന്ന് എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ അറിയിച്ചു. 2025 നവംബര്‍ മുതല്‍ 2026 ജനുവരി വരെ 2,439 റേഷന്‍ കടകള്‍ പരിശോധിച്ച് 444 ക്രമക്കേടുകളാണ് കണ്ടെത്താനായതെന്ന് ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേമ്പറില്‍  ചേര്‍ന്ന ജില്ലാ പരാതി പരിഹാര യോഗത്തില്‍ വ്യക്തമാക്കി.
 
മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം.  പട്ടികജാതി/വര്‍ഗ വിഭാഗങ്ങളിലെ അര്‍ഹരായവരെ ഒഴിവാക്കരുത്.  അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ അക്ഷയകേന്ദ്രങ്ങള്‍ അമിതനിരക്ക് ഈടാക്കരുത്,  പരാതികള്‍ പരിഹരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലയില്‍ നിലവില്‍ 3,94,169 മുന്‍ഗണനാ കാര്‍ഡ് ഉടമകളുണ്ട്, വിശദാംശങ്ങള്‍ റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും ബോധവത്ക്കരണം നല്‍കണം. സ്മാര്‍ട്ട് പൊതുവിതരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കണം. ഉന്നതികളില്‍ റേഷന്‍ സാമഗ്രികള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വിപുലീകരിക്കുകയുംവേണമെന്ന് നിര്‍ദേശിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍, സപ്ലൈകോ, ഭക്ഷ്യസുരക്ഷാ, പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ചേന്ദമംഗലത്ത് അയല്‍വാസികളായ മാതാപിതാക്കളെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം നല്‍കി

കൊച്ചി. എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയന് ജാമ്യം. അയല്‍ വാസികളായ വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ വീട്ടില്‍ കയറി ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്ന സംഭവത്തിലെ പ്രതിയാണ് ഋതു ജയന്‍. ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

2025 ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെ എന്നിവരെ ഋതു ജയന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വിനിഷയുടെ ഭര്‍ത്താവ് ജിതിനെ ലക്ഷ്യമിട്ടാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം പുറത്തുവന്ന വിനീഷയെ അടിച്ച് വീഴത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. പതിനൊന്നും ആറും വയസ്സുള്ള വിനിഷയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ജിതിന്‍ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി ജിതിന്‍ മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം. എന്നാല്‍ ലഹരിക്കടിമായായ ഋതു ജയന്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

നടുക്കം,ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവെച്ച് മരിച്ചു

ചണ്ഡിഗഡ്: ക്ലാസ് മുറിക്കുള്ളില്‍ സഹപാഠിയെ വെടിവെച്ചുകൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവെച്ച് മരിച്ചു. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ വെച്ചായിരുന്നു സംഭവം. പഞ്ചാബിലെ ലോ കോളജ് ക്ലാസ് മുറിയില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു.

ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നൗഷേര സ്വദേശിനിയായ സന്ദീപ് കൗറാണ് വെടിയേറ്റ് മരിച്ചത്. ഇതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം ജലന്ധര്‍ സ്വദേശിയായ സഹപാഠി പ്രിന്‍സ് രാജ് സ്വയം തലയ്ക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.

ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി സംഭവത്തിന് പിന്നാലെ ക്ലാസ് മുറിയില്‍ നിന്ന് ഓടിപ്പോകുകയും പിന്നീട് തിരിച്ചെത്തി പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. പഞ്ചാബിലെ ക്രമസമാധാന നിലയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയര്‍ത്തുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാന്‍ അവര്‍ക്കായില്ല, അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായി അമിത് ഷാ

ന്യൂഡല്‍ഹി: കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാന്‍ അവര്‍ക്കായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സത്യം ആളുകള്‍ മനസിലാക്കണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും രാജ്യത്തിന് എത്രയും വേഗം അതില്‍ നിന്ന് മോചനം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.

ജനാധിപത്യത്തില്‍ നിന്ന് കമ്യൂണിസം വലിയ തോതില്‍ അപ്രത്യക്ഷമായെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായി. അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് മാറ്റത്തിന്റെ തുടക്കം കുറിച്ചെന്നും തിരുവനന്തപുരം നഗരസഭയിലെ ബിജെപി മുന്നേറ്റം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങള്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തോടെ, കമ്മ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായിരിക്കുകയാണ്.

രാജ്യത്ത് നക്‌സലിസം അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. മാര്‍ച്ച് 31നകം രാജ്യത്ത് നിന്ന് നക്‌സല്‍ ഭീഷണി പൂര്‍ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി 500ലധികം നക്‌സലൈറ്റുകളെ കൊലപ്പെടുത്തിയതായും 1,900പേരെ അറസ്റ്റ് ചെയ്തതായും 2500 ഓളം പേര്‍ കീഴടങ്ങിയതായും അമിത് ഷാ പറഞ്ഞു.

ഒരിക്കല്‍ നക്‌സല്‍ ആക്രമണങ്ങളുടെ കേന്ദ്രമായ ഛത്തീസ്ഗഢ് ഇപ്പോള്‍ വികസനത്തിന്റെ പാതയിലൂടെ മുന്നേറുകയാണ്. യുവാക്കള്‍ കായികരംഗത്തും സാങ്കേതിക വിദ്യാഭ്യസ രംഗത്തും മുന്നേറുന്നതായും അമിത് ഷാ പറഞ്ഞു. നക്‌സലിസം പല തലമുറകളെയും ദാരിദ്ര്യത്തിലേക്കും നിരക്ഷരതയിലേക്കും തള്ളിവിട്ടു. മോദിയുടെ കീഴിലുള്ള ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഈ വിപത്തിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

തമിഴ്നാട്ടിലും പക്ഷിപ്പനി: പക്ഷികളെ കൊന്നൊടുക്കാന്‍ നടപടി തുടങ്ങി

ചെന്നൈ: തമിഴ്നാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൊന്നൊടുക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. രോഗം കണ്ടെത്തിയ മേഖലയുടെ നിശ്ചിത ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്.
രോഗം പടരുന്നത് തടയാന്‍ മറ്റ് പോംവഴികളില്ലാത്തതിനാലാണ് ശാസ്ത്രീയമായ രീതിയില്‍ പക്ഷികളെ കൊന്നൊടുക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രോഗം ബാധിച്ച പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് എച്ച്5 എന്‍1വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗബാധിത മേഖലകളില്‍ നിന്ന് കോഴി, മുട്ട എന്നിവയുടെ വിപണനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പക്ഷികളുടെ വരവ് നിരീക്ഷിക്കാന്‍ അതിര്‍ത്തികളില്‍ പരിശോധനയും ശക്തമാക്കി.

പക്ഷികളെ കൊന്നൊടുക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേരളം ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും പക്ഷിപ്പനി മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കേരള ടൂറിസം ഗൈഡ്

രോഗം സ്ഥിരീകരിച്ച ഫാമുകളിലെ തീറ്റയും മുട്ടകളും നശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ബിജെപി നേതാക്കൾക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; പുതിയ ചിത്രങ്ങൾ പുറത്ത്

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കാളുമായും ബന്ധമുണ്ടെന്ന് വിവരം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനുമായും ഉണ്ണികൃഷ്ണൻ പോറ്റി പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒരു പ്രമുഖ ഓൺലെെൻ മാദ്ധ്യമമാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണവാതിലുകളുടെ സമർപ്പണത്തിനാന് 2022 ജനുവരി മാസത്തിൽ നടന്ന പരിപാടിയിലാണ് ഇരുനേതാക്കളും എത്തിയത്. അന്ന് സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്നു.