Home Blog Page 1067

ലിബിയയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 53 പേരെ കാണാതായി

കെയ്‌റോ: ലിബിയയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 53 പേരെ കാണാതായി. ഇതില്‍ കുഞ്ഞുങ്ങളും ഉള്‍പ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ആഫ്രിക്കന്‍ കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 53 പേരും കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ലിബിയയിലെ പടിഞ്ഞാറന്‍ പട്ടണമായ സവായയില്‍ നിന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ബോട്ട് പുറപ്പെട്ടത്. ഏകദേശം ആറ് മണിക്കൂറിന് ശേഷം സുവാര പട്ടണത്തിന് സമീപം ബോട്ട് മറിയുകയായിരുന്നു. രണ്ട് നൈജീരിയന്‍ സ്ത്രീകള്‍ രക്ഷപ്പെട്ടു. അവരില്‍ ഒരാളുടെ ഭര്‍ത്താവിനെയും മറ്റൊരാളുടെ രണ്ട് കുഞ്ഞുങ്ങളെയും കാണാനില്ല.

2026 ല്‍ ഇതുവരെ ലിബിയയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ച ഏകദേശം 500 കുടിയേറ്റക്കാര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് ഐഒഎം പറയുന്നു.

രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ്(44) ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ട ശേഷം രാത്രി കാര്‍പോര്‍ച്ചിലെ സീലിങ് ഹുക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഷ്ടപ്പെട്ട പണം മുഴുവന്‍ നഷ്ടമായെന്നും ഇനി വയ്യെന്നും പ്രദീപ് വിഡിയോയില്‍ കരഞ്ഞുകൊണ്ടു പറയുന്നുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ആദ്യവിവാഹത്തിലെ മകള്‍ക്കും രണ്ടാം ഭാര്യയ്ക്കുമൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞ് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. ഈസമയം ഭാര്യ ഒരു തരത്തിലും സഹായിച്ചില്ലെന്നും തന്റെ അച്ഛനോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതായും വിഡിയോയിലുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടില്‍ താമസിച്ചിരുന്നത്. പ്രദീപിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിഡിയോയില്‍ പറയുന്നു. ഫോണ്‍ തുറക്കേണ്ടതെങ്ങനെയാണെന്നും പണം കൊടുക്കാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രദീപ് കഴിഞ്ഞ 8 വര്‍ഷമായി തച്ചോട്ടുകാവ് ജംഗ്ഷന് സമീപം ‘തച്ചോട്ട്’ എന്ന പേരില്‍ ഹോട്ടല്‍ നടത്തി വന്നിരുന്നു പ്രദീപ്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ മൂന്ന് മാസമായി തച്ചോടുകാവ് സ്വദേശിയായ പ്രിയയെ വിവാഹം ചെയ്ത് താമസിച്ചുവരികയായിരുന്നു. ‘മരിക്കണമെന്ന് ഒരാഗ്രഹവുമില്ല, പേടിയാണ് മരിക്കാന്‍. പക്ഷെ മറ്റു നിവൃത്തിയില്ല” പ്രദീപ് പറയുന്നു. മരണത്തിന് കാരണം രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിര്‍വശം പെയിന്റിങ് വര്‍ക്ക് ഷോപ്പ് നടത്തുന്ന ആളുമാണെന്നാണ് പ്രദീപ് പറയുന്നത്.

പിഎഫ് പണം ഇനി യുപിഐ വഴി പിന്‍വലിക്കാനായേക്കും, പുതിയ സംവിധാനം വരുന്നു

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ യുപിഐ വഴി പിഎഫ് പണം പിന്‍വലിക്കാനായേക്കും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിന്‍ ഉപയോഗിച്ച് തല്‍ക്ഷണം പണം കൈമാറാന്‍ കഴിയും. ഇതിനായി ഒരു പുതിയ മൊബൈല്‍ ആപ്പും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഏര്‍പ്പെടുത്തും.

ഒരിടപാടില്‍ പരമാവധി 25000 രൂപ മാത്രമേ യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കുവെന്നാണ് വിവരം. എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും. വിരമിക്കല്‍ കാലത്തെ സുരക്ഷയ്ക്കായി ആകെ ബാലന്‍സിന്റെ കുറഞ്ഞത് 25 ശതമാനം തുക പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. ബാക്കിയുള്ള തുക അംഗങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം പിന്‍വലിക്കാന്‍ സാധിക്കും.

ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ഓട്ടോ-സെറ്റില്‍മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി 100 ഡമ്മി അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ മന്ത്രാലയം നടത്തിവരികയാണ്.

അപകടകരമായ മരങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ സ്ഥലമുടമക്ക് നോട്ടീസ് നല്‍കാതെ വെട്ടിമാറ്റാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: അപകടകരമായ മരങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ സ്ഥലമുടമക്ക് നോട്ടീസ് നല്‍കാതെ വെട്ടിമാറ്റാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത വയോധികന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

പ്രതിരോധ മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥനും കൊച്ചി പള്ളുരുത്തി സ്വദേശിയുമായ 92കാരന്‍ സി.ജെ. മാത്യൂസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. മരം മുറിച്ചുമാറ്റാന്‍ കളക്ടറടക്കം ഉത്തരവിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
80-കളില്‍ തുടങ്ങിയ വ്യവഹാരത്തില്‍ നിന്ന് 90 കഴിഞ്ഞിട്ടും പിന്‍മാറാതെ തുടരുന്ന ഹരജിക്കാരന്റെ പോരാട്ട വീര്യത്തെ കവി ടി.എസ്. തിരുമുമ്പിന്റെ ‘തല നരക്കാത്തതല്ലെന്‍ യുവത്വവും’ എന്ന്? തുടങ്ങുന്ന കവിത ഉദ്ധരിച്ച് കോടതി പ്രശംസിച്ചു.

റോഡ് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം വൈകുന്നതിന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രം

കേരളത്തിലെ ലെവല്‍ ക്രോസുകള്‍ക്ക് പകരമായുള്ള 106 റോഡ് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം വൈകുന്നതിന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, അലൈന്‍മെന്റ് അന്തിമമാക്കല്‍, പ്രതിഷേധങ്ങള്‍, കോടതി കേസുകള്‍, കോണ്‍ട്രാക്ടര്‍ നിയമനങ്ങള്‍ എന്നിവ കാരണം ഈ പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ കാരണം ഏകദേശം 38 മേല്‍പ്പാലങ്ങളോ സബ്വേകളോ വൈകി. സംസ്ഥാന സര്‍ക്കാര്‍ അലൈന്‍മെന്റ് അന്തിമമാക്കാത്തത് കാരണം 63 എണ്ണം, പ്രതിഷേധങ്ങളോ കോടതി കേസുകളോ കാരണം രണ്ടെണ്ണം, പരിഹരിക്കപ്പെടാത്ത ഒരു ഏജന്‍സി തര്‍ക്കം കാരണം മൂന്നെണ്ണം എന്നിങ്ങനെയും മുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതികളുടെ പുരോഗതി വേഗത്തിലാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

സുഗമമായ നിര്‍വ്വഹണം ഉറപ്പാക്കുന്നതിന് ജനറല്‍ അറേഞ്ച്‌മെന്റ് ഡ്രോയിംഗ് അന്തിമമാക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരുമായോ റോഡ് ഉടമസ്ഥാവകാശ അതോറിറ്റിയുമായോ കൂടിയാലോചനകള്‍ വേണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി ചൂണ്ടിക്കാട്ടി.

സംയുക്ത സര്‍വേകള്‍, പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആനുകാലിക യോഗങ്ങള്‍, ഡിസൈന്‍ അംഗീകാര സമയത്ത് കാലതാമസം ഒഴിവാക്കാന്‍ റെയില്‍വേ ഭാഗത്തെ റോഡിന്റെ വിസ്തീര്‍ണ്ണം, ചരിവ്, വീതി എന്നിവയുടെ വിവിധ സംയോജനങ്ങള്‍ക്കായി സൂപ്പര്‍സ്ട്രക്ചര്‍ ഡ്രോയിംഗുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓവര്‍ബ്രിഡ്ജ് അല്ലെങ്കില്‍ സബ്വേ ജോലികള്‍ സാധ്യമാകുന്നിടത്തെല്ലാം റെയില്‍വേ ഒറ്റ-എന്റിറ്റി അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലെവല്‍ ക്രോസിംഗുകള്‍ അടയ്ക്കുന്നതിന് സമ്മതം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം, അപ്രോച്ച് അലൈന്‍മെന്റ് ശരിയാക്കല്‍, ജിഎയുടെ അംഗീകാരം, ഭൂമി ഏറ്റെടുക്കല്‍, കയ്യേറ്റം നീക്കം ചെയ്യല്‍, നിയമലംഘന യൂട്ടിലിറ്റികളുടെ മാറ്റം, വിവിധ അധികാരികളില്‍ നിന്നുള്ള നിയമപരമായ അനുമതികള്‍, പദ്ധതിയുടെയോ ജോലിസ്ഥലങ്ങളുടെയോ പ്രദേശത്തെ ക്രമസമാധാന സ്ഥിതി, കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം പ്രത്യേക പ്രോജക്റ്റിനോ പ്രദേശത്തിനോ ഒരു വര്‍ഷത്തില്‍ പ്രവര്‍ത്തന സീസണിന്റെ ദൈര്‍ഘ്യം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും പ്രവൃത്തി പൂര്‍ത്തീകരണവും കമ്മീഷന്‍ ചെയ്യുന്നതും എന്ന് അദ്ദേഹം പറഞ്ഞു.

ഈ ഘടകങ്ങളെല്ലാം പദ്ധതികളുടെ പൂര്‍ത്തീകരണ സമയത്തെ ബാധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 2026 ജനുവരി വരെ, സംസ്ഥാനത്ത് 4,932 കോടി രൂപ ചെലവില്‍ 139 റോഡ് മേല്‍പ്പാലങ്ങളോ റെയില്‍വേ ട്രാക്കുകള്‍ക്ക് സബ്വേകളോ അനുവദിച്ചു. അവ ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 4,000 കോടി രൂപയുടെ 107 പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുമായി ചെലവ് പങ്കിടല്‍ അടിസ്ഥാനത്തിലാണ് നടത്തിയത്. 876 കോടി രൂപയുടെ 32 പദ്ധതികള്‍ റെയില്‍വേയാണ് ചെയ്തത്.

സ്വര്‍ണ്ണ വിപണിയിലെ വന്‍ കുതിച്ചുചാട്ടത്തിന് കാരണം, തര്‍ക്കം ഇങ്ങനെ

കഴിഞ്ഞയാഴ്ച സ്വര്‍ണ്ണ വിപണിയിലെ വന്‍ കുതിച്ചുചാട്ടത്തിന് ചൈനീസ് വ്യാപാരികളെയാണ് കാരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. സ്വര്‍ണ വ്യാപാരം ചൈനയില്‍ കാര്യങ്ങള്‍ അല്‍പ്പം നിയന്ത്രണാതീതമായി എന്നും ഇത് വില കൂടാന്‍ കാരണമായി എന്നും എന്ന് ബെസെന്റ് പറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ മാര്‍ജിന്‍ ആവശ്യകതകള്‍ കര്‍ശനമാക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ജനുവരി 29 ന് സ്വര്‍ണ വില ആഗോള വിപണിയില്‍ 5500 ഡോളര്‍ എന്ന സര്‍വകാല റെക്കോഡിലേക്ക് കുതിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഒറ്റ ദിവസം 10000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ബെസെന്റിന്റെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും പ്രസക്തമായ യുഎസ് നയങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായതെന്നും ചൈനീസ് വിശകലന വിദഗ്ധര്‍ പറഞ്ഞു.

ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള ആഗോള എക്‌സ്‌ചേഞ്ചുകള്‍ അസ്ഥിരതയുടെ കാലഘട്ടങ്ങളില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് റിസ്‌ക്-കണ്‍ട്രോള്‍ നടപടിയായി മാര്‍ജിന്‍ ആവശ്യകതകള്‍ പതിവായി ഉയര്‍ത്തുന്നു എന്നും ഇത് ചൈനയ്ക്ക് മാത്രമുള്ള ഒരു രീതിയല്ല എന്നും ജിജിറ്റല്‍-റിയല്‍ ഇക്കണോമീസ് ഇന്റഗ്രേഷനായുള്ള ഫോറം 50 ന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഹു ക്വിമു പറഞ്ഞു.

ജനുവരി 13 ന് ശേഷം മൂന്നാം തവണയും സ്വര്‍ണ, വെള്ളി കരാറുകളുടെ മാര്‍ജിന്‍ ആവശ്യകതകള്‍ സിഎംഇ ഗ്രൂപ്പ് ഉയര്‍ത്തിയെന്ന് യാഹൂ ഫിനാന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സ്വര്‍ണ വിലയില്‍ ഉണ്ടായ ഈ കുത്തനെയുള്ള ഇടിവിന്റെ മൂലകാരണം മനസിലാക്കാന്‍, ആദ്യം നേരത്തെയുണ്ടായ കുതിച്ചുചാട്ടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തണം. മുമ്പ്, ദുര്‍ബലമായ യുഎസ് ഡോളറും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ചേര്‍ന്ന് ശക്തമായ സുരക്ഷിത നിക്ഷേപ ഡിമാന്‍ഡിന് കാരണമായി, ഇത് സ്വര്‍ണ വില കുത്തനെ ഉയര്‍ത്തി,’ ഹു പറഞ്ഞു.

ജനുവരി 29 ന്, ശക്തമായ സുരക്ഷിത നിക്ഷേപ ഡിമാന്‍ഡിനിടയില്‍ അന്താരാഷ്ട്ര സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ആ ദിവസം സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 5,594.82 ഡോളറിലെത്തി, 2026 ജനുവരി 1980 കള്‍ക്ക് ശേഷമുള്ള ഏറ്റവും മികച്ച മാസമായി മാറിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഊഹക്കച്ചവടപരമായ വാങ്ങല്‍, ഭൗമ രാഷ്ട്രീയ പ്രക്ഷുബ്ധത, ഫെഡറല്‍ റിസര്‍വിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്ക എന്നിവയാണ് റെക്കോര്‍ഡ് നേട്ടത്തിന് കാരണമായതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു

യുഎസ് ട്രഷറി സെക്രട്ടറിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ് എന്ന് ചൈനയിലെ റെന്‍മിന്‍ സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ടു യോങ്ഹോങ് പറഞ്ഞു, സ്വര്‍ണ റാലിയുടെയും അതിന്റെ ചാഞ്ചാട്ടത്തിന്റെയും അടിസ്ഥാന ഘടകം യുഎസ് ഡോളറില്‍ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 മുതല്‍, യുഎസ് ഡോളര്‍ സൂചിക നിരന്തരം ദുര്‍ബലമായി തുടരുന്നു. അതേസമയം ഫെഡ് നിരക്ക് കുറയ്ക്കുന്നതിനുള്ള ശക്തമായ വിപണി പ്രതീക്ഷകള്‍ സമൃദ്ധമായ ആഗോള പണലഭ്യത സൃഷ്ടിച്ചു. ഡോളറിന് സ്വാഭാവിക ബദലായി, സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും അന്താരാഷ്ട്ര മൂലധനത്തില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ ആകര്‍ഷിച്ചു.

സാമ്പത്തിക തത്വങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പാഠപുസ്തക വിപണി പ്രതികരണംമാണിത് ടു യോങ്ഹോങ് പറഞ്ഞു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ അഭിപ്രായത്തില്‍, ജനുവരി 29 ന് സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. തുടര്‍ന്നുള്ള വ്യാപാര ദിവസങ്ങളില്‍ (ജനുവരി 30, ഫെബ്രുവരി 2 തീയതികളില്‍) വില ഗണ്യമായി കുറഞ്ഞു.ജനുവരി 30 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥനായ കെവിന്‍ വാര്‍ഷിനെ യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ തലവനായി നിയമിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിനെത്തുടര്‍ന്ന് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കൂടുതല്‍ പ്രകടമായതായി യൂറോ ന്യൂസ് റിപ്പോര്‍ട്ട് പറഞ്ഞു.

പുതിയ ഫെഡ് ചെയര്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള യുഎസ് ഡോളര്‍ സൂചികയിലെ കുതിച്ചുചാട്ടം, ലാഭകരമല്ലാത്ത ആസ്തികള്‍ കൈവശം വയ്ക്കുന്നതിനുള്ള അവസര ചെലവ് കുത്തനെ ഉയര്‍ന്നതിനാല്‍, മൂലധനം സ്വര്‍ണത്തില്‍ നിന്ന് പുറത്തേക്ക് തള്ളി എന്ന് ഫസ്റ്റ് സീഫ്രണ്ട് ഫണ്ടിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായ യാങ് ഡെലോംഗ് പറഞ്ഞു. സ്വര്‍ണ്ണ വിലയും യുഎസ് ഡോളറും തമ്മിലുള്ള ക്ലാസിക് സീസോ ബന്ധത്തെക്കുറിച്ചും ടു ചൂണ്ടിക്കാട്ടി. യുഎസ് ഡോളര്‍ ദുര്‍ബലമാകുകയും അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, ആഗോള സുരക്ഷിത നിക്ഷേപ ആവശ്യകതയ്ക്കിടയില്‍ അനിശ്ചിതത്വത്തിനെതിരെ ഒരു വേലിയായി സ്വര്‍ണം ഉയരുന്നു.

നിലവിലെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ചൈനയെ കുറ്റപ്പെടുത്തുന്നത് വസ്തുനിഷ്ഠമല്ല എന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ഉയര്‍ന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയുടെ അടിസ്ഥാനകാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് യാങ് ചൂണ്ടിക്കാട്ടി. കാരണം യുഎസിന്റെ അസ്ഥിരമായ നയങ്ങള്‍ ആഗോള സാമ്പത്തിക അസ്ഥിരതയെ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്. ഇത് യുഎസ് ട്രഷറി കടത്തിന്റെ അന്താരാഷ്ട്ര വില്‍പ്പന ത്വരിതപ്പെടുത്തുകയും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളിലേക്ക് പുനര്‍നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് യാങ് പറഞ്ഞു.

ബിഗ് ബോസ് സീസണ്‍ 6 താരവും നടനുമായ ഗബ്രി ജോസിന് വാഹനാപകടത്തില്‍ പരിക്ക്,എന്ത് സംഭവിച്ചാലും ഒപ്പമുണ്ടെന്ന് ജാസ്മിൻ

ബിഗ് ബോസ് സീസണ്‍ 6 താരവും നടനുമായ ഗബ്രി ജോസിന് വാഹനാപകടത്തില്‍ പരിക്ക്. ഏതാനും ദിവസങ്ങളായി താന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയായിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഗബ്രി പറയുന്നു. ആശുപത്രി കിടക്കയില്‍ ബാന്‍ഡ്എയ്ഡ് ഇട്ട് കിടക്കുന്ന ചിത്രവും ഗബ്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഗബ്രി ഏതാനും നാളുകളായി എല്ലായിടത്ത് നിന്നും അപ്രത്യക്ഷനായിരുന്നു. അപകടം സംഭവിച്ചതാണ് അതിന് കാരണമെന്നും ഗബ്രി വ്യക്തമാക്കുന്നു. എന്നാല്‍ തനിക്ക് എന്ത് അപകടമാണ് സംഭവിച്ചത് എന്നോ എങ്ങനെയാണ് എന്നോ ഗബ്രി വ്യക്തമാക്കുന്നില്ല.

ഗബ്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്: ”എല്ലാവര്‍ക്കും ഹായ്, നിങ്ങള്‍ക്ക് അറിയുന്നത് പോലെ തന്നെ ഞാന്‍ കഴിഞ്ഞ കുറച്ച് നാളുകളായി കുറച്ച് നിശബ്ദനായിരുന്നു. ജനുവരി 26ന് എനിക്ക് ഗുരുതരമായ ഒരു അപകടം സംഭവിച്ചു. അന്ന് മുതല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്ന് പോവുകയായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ എന്നത് വിശ്രമിക്കാനും സുഖം പ്രാപിക്കാനും ഓട്ടത്തിന്റെ വേഗത കുറയ്ക്കാനും ശരീരം പറയുന്നത് കേള്‍ക്കാനുമുളളതായിരുന്നു. എന്നെ സംബന്ധിച്ച് ശാരീരികമായും മാനസികമായും എളുപ്പമുളള കാര്യമല്ല അത്. പക്ഷേ ഓരോ ദിവസവും ഓരോ ചുവട് വെച്ച് മുന്നോട്ട് പോകാനുളള ശ്രമത്തിലാണ്. കരുത്തോടെയിരിക്കാനും വേഗത്തില്‍ സുഖം പ്രാപിക്കാനും ജീവിത്തതിലെ ഈ ഘട്ടം മറികടന്ന് മുന്നോട്ട് പോകാനും നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. എന്നെ സ്‌നേഹിക്കുന്നതിനും മനസ്സിലാക്കുന്നതിനും നന്ദി”, എന്നാണ് ഗബ്രി കുറിച്ചിരിക്കുന്നത്. ഗബ്രിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫിറും ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്.

ഭരണിക്കാവിൽ ട്രാഫിക് പരിഷ്ക്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടച്ചിട്ട് കൂട്ട സത്യാഗ്രഹം നടത്തി

ശാസ്താംകോട്ട:ഭരണിക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ പുന:സ്ഥാപിക്കണമെന്നും,ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും,എംഎൽഎയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ കടകളടച്ചിട്ട് കൂട്ട സത്യാഗ്രഹവും കഞ്ഞിവെപ്പ് സമരവും നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും പത്തനംതിട്ട ജില്ലാ പ്രസിഡൻ്റുമായ എ.ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ ശക്തിയായി പ്രവർത്തിച്ചെങ്കിൽ മാത്രമേ വ്യാപാരികൾക്ക് ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളുവെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂണിറ്റ് പ്രസിഡൻ്റ് എ.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി എ.നിസാം,ട്രഷറർ ജി.കെ രേണുകുമാർ,സംസ്ഥാന കൗൺസിൽ അംഗം മൂലത്തറ നിസാം,കേരള മണിയൻ പിള്ള,കെ.ജി പുരുഷോത്തമൻ,അബ്ദുൽ ജബ്ബാർ,സജ്ഞയ് പണിക്കർ,കുഞ്ഞുമോൻ,ബഷീർ ഒല്ലായി, തോമസ് പുന്നമൂട് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എ.ബഷീർ കുട്ടി സ്വാഗതവും ട്രഷറർ ജി. അനിൽകുമാർ നന്ദിയും പറഞ്ഞു.

മെഡിക്കൽ സ്റ്റോറുകൾ,ഹോട്ടലുകൾ, ബേക്കറികൾ,ഫിഷ് സ്റ്റാളുകൾ അടക്കം ഭരണിക്കാവിലെ മുഴുവൻ കടകളും അടഞ്ഞുകിടന്നു.സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ കൂട്ട സത്യാഗ്രഹത്തിലും കഞ്ഞിവെപ്പ് സമരത്തിലും പങ്കെടുത്തു.നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല കടയടപ്പും നിരാഹാരം ഉൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കുടിവെള്ളക്ഷാമം രൂക്ഷം;കെഐപി ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പഞ്ചായത്ത്‌ അംഗങ്ങൾ

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല പുത്തനമ്പലം മേഖലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടും കനാലുകൾ തുറക്കാൻ നടപടിയില്ലെന്ന് പരാതി.മിക്ക വീടുകളിലെയും കിണറുകൾ പൂർണമായും വറ്റി വരണ്ടു.കാർഷികമേഖലയിലും ജലക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.കനാലുകളിൽ കൂടി വെള്ളം എത്തിയിരുന്നെങ്കിൽ കിണറുകളിൽ ഉറവ പൊട്ടുകയും അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപകരിക്കപ്പെടുകയും ചെയ്യുമായിരുന്നു.

പുത്തനമ്പലം പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കനാലുകളിൽ കൂടി വെള്ളം തുറന്നു വിടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത്‌ അംഗങ്ങളായ റ്റി.എ സുരേഷ് കുമാർ,അഞ്ചു എം.എസ് എന്നിവരുടെ നേതൃത്വത്തിൽ ശാസ്താംകോട്ട കെഐപി അസി.എൻജിനിയറുടെ കാര്യാലയം ഉപരോധിച്ചു നിവേദനം നൽകി.ഷൈനു കുളങ്ങര,സഹദേവൻ, രാജു.എം.കെ എന്നിവർ നേതൃത്വം നൽകി അടുത്ത ദിവസം തന്നെ കനാലിൽ കൂടി വെള്ളം തുറന്നു വിടാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

കുന്നത്തൂരില്‍ മെറ്റൽ ക്രഷറിലേക്ക് പാറയുമായി എത്തിയ ടിപ്പർ ലോറി പിറകോട്ട് എടുക്കവേ ബൈക്കിൽ ഇടിച്ച് പത്രം ഏജൻ്റിന് ദാരുണാന്ത്യം

കുന്നത്തൂർ:തുരുത്തിക്കരയിൽ മെറ്റൽ ക്രഷറിലേക്ക് പാറയുമായി എത്തിയ ടിപ്പർ ലോറി ഇടിച്ച് പത്രം ഏജൻ്റിന് ദാരുണാന്ത്യം.തുരുത്തിക്കര കെ.ജി ഭവനിൽ രാമകൃഷ്ണപിള്ളയാണ്(62) മരിച്ചത്.ഇന്ന് വൈകിട്ട് 5 ഓടെ കുന്നത്തൂർ പാലം – ചീക്കൽകടവ്
റോഡിൽ തൂമ്പിൻപുറം ഭാഗത്ത് വച്ചായിരുന്നു അപകടം.

ടിപ്പർ ലോറി വേഗതയിൽ പിറകോട്ട് എടുത്തപ്പോൾ പിറകിലായി എത്തിയ ബൈക്കിൽ പിൻചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.ചിട്ടി പിരിവ് നടത്തി വരുന്ന വഴിയിലാണ് മരണം സംഭവിച്ചത്.മൃതദ്ദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ:ജയശ്രീ