28.6 C
Kollam
Sunday 11th October, 2026 | 11:18:36 AM
Home News Breaking News ശാസ്താംകോട്ടയിൽ പാർക്കിൻസൺസ് രോഗിയായ ഭർത്താവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

ശാസ്താംകോട്ടയിൽ പാർക്കിൻസൺസ് രോഗിയായ ഭർത്താവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

ശാസ്താംകോട്ട: പാർക്കിൻസൺസ് രോഗബാധിതനായ 64കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യ മറിയാമ്മ ജോസിനെ (59) ചെന്നൈയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (അലക്‌സ്–64) ആണ് മരിച്ചത്.

കഴിഞ്ഞ 20ന് രാവിലെയാണ് ജോസിനെ മരിച്ച നിലയിൽ ഭാര്യ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് ആത്മഹത്യ ചെയ്തെന്നായിരുന്നു ആശുപത്രിയിലും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ കഴുത്തിലെ പാടുകളിലും ശരീരത്തിലെ മുറിവുകളിലും സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിച്ചു. മൃതദേഹ പരിശോധനയുടെയും ഫൊറൻസിക് പരിശോധനയുടെയും ഫലങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

ചാത്താകുളത്തെ വീട്ടിൽ ജോസും മറിയാമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി ജോസിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംസ്കാരത്തിനു പിന്നാലെ പൊലീസ് നടപടി ഭയന്ന് മറിയാമ്മ ചെന്നൈയിലേക്ക് കടന്നു. ഫോൺ രേഖകൾ പരിശോധിച്ച് സ്ഥലം കണ്ടെത്തിയ പൊലീസ് സംഘം മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു.

അടൂർ തുവയൂർ ആനമുക്ക് സ്വദേശിയായ ജോസ് രണ്ടുവർഷമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. ഭർത്താവിനെ പരിചരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here