Home Blog Page 1066

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബ്ദുല്‍ റഹ്മാന്‍ ഫരീദാബാദ് ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുണ്‍ ചൗധരിയുടെ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം.

ജമ്മു കശ്മീര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാനെ കശ്മീരിലെ നീംക ജയിലില്‍നിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവെച്ച് റഹ്മാനെ അരുണ്‍ ചൗധരി ആക്രമിക്കുകയായിരുന്നു. സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കശ്മീരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ റഹ്മാനെ പൊലീസ് പിടികൂടുന്നത്. ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ സംയുക്തമായി രാജസ്ഥാനിലെ പാലിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Summary

കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെയായി സാംബയും ഫ്ലമിൻങ്കോയും

തിരുവനന്തപുരം: തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ അവസാന ദിനത്തിൽ അവതരിപ്പിച്ച ബ്രസീലിയൻ സാംബയും സ്പെയിനിന്റെ ഫ്ലമിൻങ്കോ കലാപ്രകടനങ്ങൾ ആവേശവും ആനന്ദവും നിറഞ്ഞ സമാപനമായി മാറി. നിറഞ്ഞ സദസും ആവേശം നിറഞ്ഞ അന്തരീക്ഷവും മേളയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളിലൊന്നായി. പ്രേക്ഷകരുടെ ആവേശകരമായ പങ്കാളിത്തവും പ്രോത്സാഹനവും ഈ സാംസ്‌കാരിക ആഘോഷത്തെ അന്താരാഷ്ട്ര കലാസംഗമത്തിന്റെ ഉന്നത മാതൃകയായി ഉയർത്തി.

മേളയുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഉദ്‌ഘാടനം ചെയ്യേണ്ടിരുന്നത്. എന്നാൽ മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ട സാഹചര്യത്തിൽ മന്ത്രി നേരത്തെ എത്തി വിവിധ സ്റ്റാളുകൾ സന്ദർശിക്കുകയും മേളയുടെ നടത്തിപ്പിനെയും സംഘാടനത്തെയും അഭിനന്ദിക്കുകയും ചെയ്തു. അതിനാൽ ചടങ്ങ് അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ് ഉദ്‌ഘാടനം ചെയ്തത്. കേരള ഫോ‌ക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് കിർടാഡ്സ് ഡപ്യൂട്ടി ഡയറക്ടർ പ്രദീപാണ്.അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.സുരേഷ് സോമ, ഡോ. മിനി പ്രസാദ്, പ്രൊഫസർ ഇന്ദു മേനോൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലവ്‌ലിൻ നന്ദി പറഞ്ഞു.

ഫ്ലമിൻങ്കോ നൃത്തം വേദിയിൽ വികാരങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ശക്തമായ കാൽചുവടുകളും മനോഹരമായ കൈഭാവങ്ങളും ആഴമുള്ള വികാരപ്രകടനങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സ്പെയിനിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കേരള വേദിയിൽ അതിമനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടു.

ബ്രസീലിന്റെ ഊർജ്ജസ്വല നൃത്തമായ സാംബ, കേരള വേദിയിൽ എത്തിയപ്പോൾ അതിന് പുതിയൊരു ആത്മാവ് ലഭിച്ചു. വേഗമേറിയ ചുവടുകളും മനോഹരമായ ചലനങ്ങളും പൂരങ്ങളുടെയും ജനകീയ ആഘോഷങ്ങളുടെയും ഊർജ്ജം പുനരാവിഷ്കരിച്ചു. ലാറ്റിൻ അമേരിക്കയുടെ താളങ്ങൾ കേരളത്തിന്റെ വേരുകളെ തൊട്ടപ്പോൾ അത് പ്രേക്ഷകരുടെ മനസ്സിൽ മറക്കാത്ത ഒരു അനുഭവവും അടുത്ത ഫോക് ഫെസ്റ്റിവലിനുള്ള കാത്തിരിപ്പും ആയി മാറി.

ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലന്‍സ് സംഘത്തെ ഇന്ന് നിശ്ചയിക്കും

കൊല്ലം: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലന്‍സ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. 2017ല്‍ കൊടിമര പുനര്‍നിര്‍മാണത്തിന് ശേഖരിച്ച സ്വര്‍ണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. കേസെടുക്കണമെങ്കില്‍ തുടര്‍ നടപടികളാവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലന്‍സിന്റെയും കയ്യിലാണ് സ്വര്‍ണക്കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളുളളത്. ഇത് സംസ്ഥാന വിജിലന്‍സ് ആവശ്യപ്പെടും.


അതേസമയം,ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷകളില്‍ ഇന്ന് വാദം തുടരും. പ്രത്യേക അന്വേഷണസംഘത്തിന്റെ എസ്‌ഐടി റിപ്പോര്‍ട്ടിന്‍ മേലുള്ള പ്രതിഭാഗം വാദം ഇന്നലെ പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന്‍ വാദം ഇന്ന് ഉച്ചയ്ക്ക് തുടരും. വിജിലന്‍സ് കോടതി ജഡ്ജി ഡോ. സിഎസ് രോഹിതിന് മുന്‍പാകെയാണ് ജാമ്യാപേക്ഷകളില്‍ വാദം.

വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരാഴ്ച കൂടി നിട്ടീ സുപ്രീം കോടതി. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി മുന്നറിയിപ്പ് നല്‍കി. ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. മമതാ ബാനര്‍ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി എസ്‌ഐആര്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.

നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം പതിനാലാം തീയതി എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി. നിലവില്‍ പല അപേക്ഷകളിലും തീരുമാനമെടുത്തിട്ടില്ലെന്ന് മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായാണ് സുപ്രീം കോടതി ഒരാഴ്ച കൂടി അനുവദിച്ചത്.

‘ആവശ്യമായ ഉത്തരവുകളോ വിശദീകരണങ്ങളോ ഞങ്ങള്‍ നല്‍കാം. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാന്‍ അനുവദിക്കില്ല. ഇത് എല്ലാ സംസ്ഥാനങ്ങളും മനസ്സിലാക്കണം,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടപടിക്രമങ്ങള്‍ക്കിടെ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

ഇതിനിടെ എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്കായി 8000 ഓളം പുതിയ ഉദ്യോഗസ്ഥന്‍മാരുടെ പട്ടിക ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നു. നാളെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായുള്ള ജില്ലാ കലക്ടര്‍മാരുടെ മുന്‍പില്‍ ഹാജരാകാനും ചുമതലയേറ്റെടുക്കാനും ഈ ഉദ്യോഗസ്ഥരോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ബംഗളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം സംബന്ധിച്ച് ബംഗാള്‍ ഡിജിപിയോട് സുപ്രീം കോടതി വിശദീകരണം തേടി. ആക്രമണത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നായിരുന്നു സത്യവാങ്മൂലം.

ശബരിമല സ്വര്‍ണക്കൊള്ള, നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നടപടി. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അടുത്തിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ക്ഷേത്രത്തിലെ ദ്വരപാലക ശില്‍പങ്ങള്‍ ജയറാമിന്റെ വീട്ടില്‍ എത്തിക്കുകയും അവിടെ വച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൂജ നടത്തില്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ല. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം എസ്‌ഐടിക്ക് നല്‍കിയ മൊഴി.

ശോഭന അടക്കം 3 പേർ, 2021ൽ നൽകുമെന്ന് പറഞ്ഞിട്ട് മറന്ന് പോയെന്ന് വിശദീകരണം; ഡി ലിറ്റിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കാലടി സ‍ർവകലാശാല

കൊച്ചി: പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടി ശോഭനയ്ക്ക് അടക്കം മൂന്ന് പേര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കാതെ കാലടി സംസ്കൃത സര്‍വകലാശാല. ശോഭന, സംസ്കൃത പണ്ഡിതന്‍ എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി എം കൃഷണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ 2021ലാണ് തീരുമാനിച്ചത്. അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വി സി ഡോക്ടര്‍ ധര്‍മരാജ് അടാട്ട്.

എന്നാല്‍ സര്‍വകശാല അഞ്ച് പൈസയില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അലയുകയാണെന്നും നിലവില്‍ ഡി ലിറ്റിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് നിലവിലെ വി സി ഡോക്ടര്‍ കെ ഗീതാ കുമാരിയുടെ പ്രതികരണം. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എന്‍ പി ഉണ്ണിക്ക് ഡി. ലിറ്റ് നല്‍കാൻ തീരുമാനിച്ചത്. ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്​ ടി എം കൃഷ്ണയ്ക്കും ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ച്​ ശോഭനയ്ക്കും ഡി ലിറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. എന്‍.പി. ഉണ്ണി കേരളത്തി​ന്‍റെ സാംസ്‌കാരിക, ആത്മീയ, തത്വശാസ്ത്ര മണ്ഡലങ്ങളില്‍ കാതലായ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. കര്‍ണാടക സംഗീതത്തിലെ യുവതലമുറയിലെ പ്രഗല്​ഭരായ വായ്പാട്ടുകാരിലൊരാളാണ് ടി എം. കൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ്. ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടം ഉണ്ടാകും

ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കുമോയെന്ന ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമമാകുന്നു. ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കരുതെന്ന് ബംഗ്ലാദേശ് പാകിസ്താന് കത്തയച്ചിരുന്നു. ബിസിബിയുടെ അഭ്യർത്ഥന മാനിച്ചു കളിക്കുമെന്ന് പാകിസ്താൻ അറിയിച്ചതായാണ് റിപ്പോർട്ട്. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ഐസിസിക്ക് ഉറപ്പുനൽകി.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐസിസി പ്രതിനിധികളും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധികൃതരും തമ്മിൽ ലാഹോറിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തത്വത്തില്‍ ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെ പിന്തുണച്ച് മത്സരം ബഹിഷ്കരിക്കുമെന്ന മുൻ നിലപാടിൽ നിന്നാണ് പാകിസ്ഥാൻ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്.

ലോകകപ്പിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള പിന്തുണ അറിയിച്ചാണ് ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് പ്രഖ്യാപിച്ചത്. എന്നാൽ ഈ പിന്മാറ്റം ടൂർണമെന്‍റിന്‍റെ വരുമാനത്തെയും ലോകക്രിക്കറ്റിനെ തന്നെയും ബാധിക്കുമെന്നതിനാൽ മത്സരം നടത്താൻ ഐസിസി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ചർച്ചകൾക്കൊടുവിൽ ചില നിർണായക ധാരണകളിൽ ഇരുവിഭാഗവും എത്തിയതായാണ് സൂചന.

ബിനോയ് വിശ്വം നയിക്കുന്ന ജനകീയ മുന്നേറ്റ ജാഥയ്ക്ക് ഭരണിക്കാവിൽ ഉജ്ജ്വല വരവേല്പ്

ശാസ്താംകോട്ട:ചില മാധ്യമങ്ങൾ മുന്നേറ്റ ജാഥക്കെതിരെ ബോധപൂർവ്വമായ ചില വാർത്തകൾ നൽകി ജാഥയുടെ ലക്ഷ്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് ജനകീയ മുന്നേറ്റ ജാഥയ്ക്ക് ഭരണിക്കാവിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് ജാഥാക്യാപ്ടനായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ആരോപിച്ചു.സുരക്ഷിതമായ എൽഡിഎഫ് വിജയത്തിന്റെ വഴിയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക എന്നതുമാത്രമാണ് അവരുടെയൊക്കെ ലക്ഷ്യം.അതൊന്നും കേരളത്തിലെ ജനങ്ങൾ ശ്രദ്ധിക്കുന്നതേയില്ല എന്നുള്ള കാര്യം അവർ മനസ്സിലാക്കുന്നത് നന്നായിരിക്കും.

വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിൽ ഒരു നേതാവില്ല.വിവിധ നേതാക്കന്മാർ മുഖ്യമന്ത്രി സ്ഥാനത്തിനായി തമ്മിലടിക്കുകയാണ്.കോൺഗ്രസ് സംസ്ഥാനത്ത് നടത്തിയ നേതൃ ശിബിരത്തിൽ അവർ ഉയർത്തി കാട്ടിയത് കനഗോലൂവിനെയാണ്. കനകോലുമാരാണ് അവരുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ ഡോ പി.കെ ഗോപൻ അധ്യക്ഷത വഹിച്ചു.സംഘാടകസമിതി കൺവീനർ അഡ്വ.സി ജി ഗോപൂ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ജാഥ അംഗങ്ങളായ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ,സി.എസ് സുജാത,സിപിഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എംഎൽഎ,സിപിഎം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ,സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർഎസ് അനിൽ, എൽഡിഎഫ് കൺവീനർ കെ.ശിവശങ്കരൻ നായർ,കേരള കോൺഗ്രസ് (എം )ജില്ലാ പ്രസിഡൻ്റ് വഴുതാനത്ത് ബാലചന്ദ്രൻ,കെ.ദിലീപ്, ബി.ശശി,റ്റി.ആർ ശങ്കരപ്പിള്ള,വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

പിണറായി എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യും,സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ്

തൃശൂര്‍: സച്ചിദാനന്ദന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ വായ് അടപ്പിക്കുന്ന സമീപനമാണ് നിലവില്‍ ഭരണവര്‍ഗം ചെയ്യുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

തുടര്‍ഭരണം കിട്ടിയപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകും ഇടതുപക്ഷമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. എല്ലാ ഭരണവര്‍ഗങ്ങള്‍ക്കും ആവശ്യം വര്‍ഗീയ ശക്തികളെയാണ്. മത ശക്തികളെയാണ്. അവരെ കൂട്ടുപിടിച്ചാണ് ജനാധിപത്യ, മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ഈ ഭരണവര്‍ഗങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. നിശ്ചയമായും സംസ്ഥാനത്ത് ഒരു ഭരണമാറ്റം ആവശ്യമാണ്. അധികാരം നിലനിര്‍ത്താന്‍ ഏത് പിശാചുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ ഒരു പാരമ്പര്യം ഇടതുപക്ഷത്തിന് ഉണ്ടെന്നും അങ്ങനെയാണ് ലീഗിനെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചിരുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

ഭരണം നിലനിര്‍ത്താന്‍ മതങ്ങളെയും വര്‍ഗീയ ശക്തികളെയും കൂട്ടുപിടിക്കുകയെന്നുള്ളതാണ് സിപിഎം ലക്ഷ്യം. അധികാരമാണ് അവര്‍ക്ക് മുഖ്യം. അല്ലാതെ ജനാധിപത്യമല്ല. ഒന്നുമാറി നിന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവര്‍ഗത്തിന് നല്ലതാണ്. പിണറായി വിജയന്‍ എന്ത് സംഭാവന ചെയ്തുവെന്ന് അവര്‍ വിലയിരത്തട്ടെ. ഭരണാധികാരത്തിലേക്ക് വന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മറിച്ച് പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും നശിക്കുന്നത് അതിന്റെ ഏകാധിപത്യ സ്വഭാവത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്. പാര്‍ട്ടിയില്‍ നിന്ന് വിട്ട് ഒറ്റ വ്യക്തി ഏകാധിപത്യത്തിലേക്ക് പോകുന്നു. പാര്‍ട്ടിയുടെ നാശമാണ് ഇതോടെ സംഭവിക്കുക. എല്‍ഡിഎഫ് ഇല്ലാതായി ആ സ്ഥാനത്ത് ബിജെപിയാകും വരിക. പിണറായി എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും സാറാ ജോസഫ് പറഞ്ഞു

ബംഗാളിലെ അനുഭവം അവിടുത്തെ പാര്‍ട്ടിക്കാരില്‍ നിന്ന് താന്‍ നേരിട്ട് മനസിലാക്കി,കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന്, സച്ചിദാനന്ദന്‍

തൃശൂര്‍: കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍. ഇത് താന്‍ പുതുതായി പറയുന്ന കാര്യമല്ല. ജനാധിപത്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി ഉണ്ടാകുകയെന്നത് അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളിലെ അനുഭവം അവിടുത്തെ പാര്‍ട്ടിക്കാരില്‍ നിന്ന് താന്‍ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. തുടര്‍ ഭരണം ഉണ്ടാകുമ്പോള്‍ പലപ്പോഴും പാര്‍ട്ടി തന്നെ അറിയാതെ സ്വാര്‍ഥലക്ഷ്യങ്ങളോടെ പലരും അതിനുളളിലേക്ക് കടന്നുവരുന്നു. അധികാര വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണം വര്‍ധിക്കാനും ഇടയാക്കുന്നു. പ്രതിപക്ഷത്തിരിക്കാന്‍ ഭരണപക്ഷം മറന്നുപോകാനും സാധ്യതയുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുകയെന്നുള്ളത് ഒരുപാര്‍ട്ടി ശക്തിപ്പെടുന്നതിനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായകരമാകുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ അസംതൃപതിയും എതിര്‍പ്പുകള്‍ പ്രതിഫലിപ്പിക്കുന്നതും അവരാണ്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ജയം തോല്‍വി എന്നതാകരുത് പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതാകണം ജനാധിപത്യം. ഇതുവരെ കാണാത്ത, കേള്‍ക്കാത്ത ശബ്ദം കേള്‍ക്കുമ്പോഴാണ് അതിന്റെതായ അര്‍ഥത്തില്‍ ജനാധിപത്യം സ്വാര്‍ഥകമാകുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

തന്റെ പ്രതികരണം ഇടതുപക്ഷത്തിനോ, ഒരുപാര്‍ട്ടിക്കോ എതിരായല്ല. ഇന്ന് കോണ്‍ഗ്രസ് അധികാരത്തിലായാലിരുന്നെങ്കിലും മുന്നാം തവണ അവര്‍ വരരുതെന്ന് താന്‍ പറയുമായിരുന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. എസ്എന്‍ഡിപി എന്ന സംഘടനെ ശ്രീനാരായണ ഗുരുവിന് അവസാനം പിരിച്ചുവിടേണ്ടി വന്നു. തീര്‍ത്തും ഗുരുവിന്റെ തത്വങ്ങള്‍ക്കെതിരായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവേക്കാള്‍ മഹാനാണെന്ന് പറയുകയും ചെയ്യുന്ന ഒരവസ്ഥ ഒരു കമ്യൂണിസ്റ്റുകാരനെന്നല്ല ഒരു കേരളീയനും ഭൂഷണമല്ല. അത്തരം സന്ധികള്‍ പാര്‍ട്ടികളെ പിന്നോട്ടുകൊണ്ടുപോകുകയും ആദര്‍ശവ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിന് അതീതതമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇതര പാര്‍ട്ടികളില്‍ നിന്നുണ്ടാകേണ്ടത്. കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ പിന്തുടര്‍ച്ചയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.