Home Blog Page 1069

50 കഴിഞ്ഞവർ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

50 വയസ്സ് കഴിയുമ്പോൾ പലർക്കും ഉത്സാഹം കുറയും. ജീവിതത്തിൽ ഇനിയെന്താ എന്ന് ചിന്തിച്ച് വെറുതെയിരിക്കാൻ തുടങ്ങും. ആരോഗ്യത്തിൽ ശ്രദ്ധിക്കാതെ പഴയ രീതികൾ തന്നെ പിന്തുടർന്ന് പെട്ടെന്ന് വാർദ്ധക്യം ക്ഷണിച്ചുവരുത്തുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കാതെ, വ്യായാമം ചെയ്യാതെ, നടക്കാൻ പോകാതെ ഒരേയിരിപ്പ് ഇരുന്നാൽ അത് വിശ്രമമാകില്ല. ശരീരം രോഗങ്ങളെ ക്ഷണിച്ചുവരുത്താൻ തുടങ്ങും. അറിയാതെ തന്നെ നിങ്ങൾ രോഗങ്ങൾക്ക് അടിമപ്പെടും. 50 വയസ്സ് കഴിഞ്ഞവർ ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തൂ.

രാവിലെ എഴുന്നേറ്റ ഉടൻ ഇത് ചെയ്യുക

7-8 മണിക്കൂർ ഉറങ്ങിയ ശേഷം ശരീരത്തിൽ ചെറിയ തോതിൽ നിർജ്ജലീകരണം സംഭവിക്കും. ഈ സമയത്ത് നിങ്ങൾ ചായയോ കാപ്പിയോ ബിസ്ക്കറ്റോ കഴിച്ചാൽ അത് ഊർജ്ജം നൽകുന്നതിന് പകരം ക്ഷീണം കൂട്ടും. നിർജ്ജലീകരണം ഉണ്ടായാൽ ക്ഷീണം, തലവേദന, കുടലിന്റെ പ്രവർത്തനം മന്ദഗതിയിലാകൽ എന്നിവയ്ക്ക് കാരണമാകും. അതിനാൽ രാവിലെ എഴുന്നേറ്റ ഉടൻ ചായ കുടിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക.

രാവിലെ ഉലുവ വെള്ളം കുടിക്കാം

ഒന്നോ രണ്ടോ സ്പൂൺ ഉലുവ വെള്ളത്തിൽ കുതിർത്ത് വെക്കുക. രാവിലെ എഴുന്നേറ്റ ഉടൻ ഈ വെള്ളം കുടിക്കുക. ശേഷം ഉലുവ ചവച്ച് കഴിക്കുക. ഉലുവയിലുള്ള നാരുകൾ കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു.

സൂര്യപ്രകാശം

15 മുതൽ 20 മിനിറ്റ് വരെ രാവിലെ സൂര്യപ്രകാശം കൊള്ളുന്നത് വളരെ പ്രധാനമാണ്. 50 വയസ്സിന് ശേഷം ചർമ്മം ചെറുപ്പക്കാരേക്കാൾ 3 മടങ്ങ് കുറവ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. അതിനാൽ സൂര്യപ്രകാശം കൊള്ളുന്നത് വളരെ പ്രധാനമാണ്.

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം

50 വയസ്സിന് ശേഷം നിങ്ങൾ വരുത്തേണ്ട മറ്റൊരു പ്രധാന മാറ്റം പ്രഭാതഭക്ഷണത്തിലാണ്. പലരും രാവിലെ 12 മണിയായാലും ചായയും ബിസ്ക്കറ്റും മാത്രം കഴിച്ചിരിക്കും. പേശികളെ ബലപ്പെടുത്താൻ ദിവസവും 25-30 ഗ്രാം പ്രോട്ടീൻ കഴിക്കണം. ഗ്രീക്ക് യോഗർട്ട്, പനീർ പറാത്ത, ചെറുപയർ ദോശ, അല്ലെങ്കിൽ കടലമാവ് കൊണ്ടുള്ള ചപ്പാത്തി എന്നിവ കഴിക്കണം. ഇവ ശരീരത്തെ സംരക്ഷിക്കുകയും ഊർജ്ജം നൽകുകയും ചെയ്യും.

നടത്തം

പ്രഭാതഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുക. ഭക്ഷണം കഴിച്ച ഉടൻ നടക്കുന്നത് രക്തത്തിലെ പഞ്ചസാരയെ പേശികൾക്ക് വേഗത്തിൽ ഉപയോഗിക്കാൻ സഹായിക്കുന്നു. കൂടാതെ ദഹന മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും 45 മിനിറ്റ് നടക്കുന്നത് വളരെ നല്ലതാണ്.

ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റിൽ ഇന്റേൺഷിപ്പുകൾ; അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് (ബി.പി.ആർ. ആൻഡ് ഡി-ന്യൂഡൽഹി) ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോലീസ് പരിശീലന, ഗവേഷണ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിനെ സഹായിക്കുന്നതിനാണ് ബി.പി.ആർ. ആൻഡ് ഡി സ്ഥാപിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി, പ്രോജക്ട്, ഫീൽഡ് സന്ദർശനങ്ങൾ തുടങ്ങിയവ ഉണ്ടാകും.

യോഗ്യത
അംഗീകൃതസർവകലാശാലകളിൽ/ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എന്റോൾചെയ്ത വിദ്യാർഥികളാകണം. ബിരുദാനന്തര ബിരുദം/പിഎച്ച്.ഡി. കോഴ്സിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

പഠനവിഷയം ഇവയിൽ ഒന്നാകാം
ക്രിമിനോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, നിയമം, ഫൊറൻസിക് സൈക്കോളജി, ഹ്യൂമൻ റൈറ്റ്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, ഇൻഫർമേഷൻ ടെക്നോളജി, പൊലീസ് ആൻഡ് പ്രിസൺ സ്റ്റഡീസ്, സൈബർ സെക്യൂരിറ്റി, സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, പോലീസ് ആൻഡ് പ്രിസൺ അഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ സയൻസ്, മാനേജ്മെന്റ്, പൊലീസ് അല്ലെങ്കിൽ ജയിൽ/തിരുത്തൽ ഭരണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയം.

ഇന്റേൺഷിപ്പ് കാലയളവ് 30 ദിവസമോ രണ്ടുമാസമോ ആകാം.

സ്റ്റൈപ്പൻഡ്
ഒരുമാസത്തെ സ്റ്റൈപ്പൻഡായി 8000 രൂപ നൽകും. ഡൽഹിക്ക് പുറത്തുനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ന്യൂഡൽഹിയിലേക്കുള്ള യാത്രാച്ചെലവ് (ട്രെയിൻ) നൽകും. താമസിക്കുന്നതിനു സ്വന്തമായി ക്രമീകരണം നടത്തണം.

അപേക്ഷ
bprd.nic.in-ലെ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലിങ്കുവഴി പത്തിനകം അപേക്ഷിക്കണം. സ്റ്റൈപ്പൻഡില്ലാത്ത ഇന്റേൺഷിപ്പിനും 10 വരെ അപേക്ഷിക്കാം.

തലസ്ഥാനത്ത് ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യ വിരുന്നൊരുക്കി കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ മുന്നേറുന്നു

തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ കാണികൾക്ക് ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യവിസ്മയം ഒരുക്കുകയാണ്. ആഫ്രിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ചൈന, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രകടനവും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപവും അണിനിരക്കുന്ന പ്രകടനവും കാഴ്ചക്കാരിൽ പുതിയ ദൃശ്യ അനുഭവം ഉണർത്തുകയാണ്. കൂടാതെ കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ തനത് കലകൾ ആദ്യമായാണ് ഇത് പോലെ ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. കേരള ഫോക് ലോർ അക്കാദമി ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ സംഘാടന മികവ് കൊണ്ടും ഏകോപനവും കൊണ്ട് പരമാവധി കുറ്റമറ്റതാക്കാൻ കഴിഞ്ഞതായി അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു.

ശനിയാഴ്ച്ച നടന്ന ഘാനയുടെ അക്വബ പ്രകടനവും ഒഡിഷയുടെ രാണപ്പാ ഡാൻസ്, ജാർഖണ്ഡിന്റെ ഗോണ്ട് മാരിയ ഡാൻസ്, കർണാടകയുടെ സിദ്ധി നൃത്തം, കേരളത്തിന്റെ കാക്കാരിശ്ശി നാടകം, വിൽപ്പാട്ട്, കാലാട്ടം, മുടിയേറ്റം, കമ്പുകളി, ചവിട്ടു നാടകം, മല പുലയ ആട്ടം തുടങ്ങിയവ കാഴ്ചക്കാരിൽ കലയുടെ പുതു അനുഭവം നൽകി.

ഫെബ്രുവരി 8 ഞായറാഴ്ചത്തെ പ്രധാന ആകർഷണം റഷ്യൻ കലാസംഘം അവതരിപ്പിക്കുന്ന റഷ്യൻ ബാലെറ്റ് നൃത്തം, അന്തർദേശീയ കലാസംഘം അവതരിപ്പിക്കുന്ന അൾട്രാ വയലറ്റ് ബട്ടർഫ്ളൈ വിങ്സ് നൃത്തം, മഹാരാഷ്ട്രയുടെ പഹാഡി ഗോണ്ടി ദേംസ നൃത്തം, അസമിന്റെ ബിഹു നൃത്തം, ഛത്തീസ്‌ഗണ്ടിന്റെ ഗോണ്ട് മരിയ നൃത്തം, കേരളത്തിന്റെ കോൽക്കളി, രാജസൂയം കോൽക്കളി, കരിമ്പൊളി ബാൻഡ്, ഇരുള പാട്ടുകളും നൃത്തവും, സീതാക്കളി, മലവേട്ടുവ മംഗലംകളി എന്നിവയാണ്. സമാപന ദിവസമായ തിങ്കളാഴ്ച സ്പാനിഷ് ഫ്ളമിൻങ്കോ നൃത്തം, ബ്രസീലിന്റെ സാമ്പ ബ്രസീൽ നൃത്തം എന്നിവയുണ്ടായിരിക്കും.

പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു ഒളിവിലെന്ന് സൂചന. പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ

ഗാന്ധിന​ഗർ: ഗുജറാത്തിൽ അധ്യാപികയെ തല്ലിയതിന് വിദ്യാർത്ഥി അറസ്റ്റിൽ. പന്ത്രണ്ടാം ക്ലാസുകാരനായ മുഹമ്മദ് അൻസാരിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് താമസിച്ച് എത്തിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. ജനുവരി 24നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിൽ ആരും ചോദിക്കില്ല നിങ്ങൾ ആരാണ് എന്ന് ചോദിച്ചായിരുന്നു മർദ്ദനം.

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ ഷഹാറയിലെ സ്കൂളിൽ സംഭവം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വൻ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സ്കൂളിൽ പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥി താമസിച്ചാണ് എത്തിയത്. ചോദ്യം ചെയ്ത അധ്യാപികയോട് വീട്ടിൽ പോലും തന്നെ ആരും ചോദ്യം ചെയ്യാറില്ലെന്നും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും ചോദിച്ചാണ് അധ്യാപികയെ മര്‍ദിച്ചത്. അധ്യാപിക സ്കൂളിൽ നിന്ന് ഇറങ്ങിയോടി. പിതാവിനെയും മറ്റ് ആളുകളെയും വിളിച്ചു കൊണ്ടുവന്ന് സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമം നടത്തിയിരുന്നു. സ്കുളിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

സ്കൂൾ പരിസരത്ത് മൊബൈൽ ഫോൺ കൊണ്ടുപോയാല്‍ പിടിച്ചടുത്ത് ഒരുമാസം വയ്ക്കും,യുഎഇയില്‍ നിയമം കര്‍ശനമാക്കുന്നു

ദുബൈ: യുഎഇയിലുടനീളമുള്ള സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ കാമ്പസുകളിൽ മൊബൈൽ ഫോണുകൾക്ക് ഏർപ്പെടുത്തിയ നിരോധനം കർശനമാക്കി, ഈ നയം എല്ലാവർക്കും ഒരേപോലെ ബാധകമാകുമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

രക്ഷിതാക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നൽകിയ ടെക്സ്റ്റ് സന്ദേശങ്ങളിലും സർക്കുലറുകളിലും, സ്കൂൾ പരിസരത്ത് മൊബൈൽ ഫോൺ കൊണ്ടുപോകുന്ന ഏതൊരു വിദ്യാർത്ഥിയുടെയും ഫോൺ സ്കൂൾ കണ്ടുകെട്ടും. അങ്ങനെ പിടിച്ചെടുക്കുന്ന ഫോൺ കണ്ടുകെട്ടൽ കാലാവധിയായ ഒരു മാസത്തിന് ശേഷം മാത്രമേ തിരികെ നൽകുകയുള്ളൂ.

ആവർത്തിച്ചുള്ള ലംഘനങ്ങൾ അധ്യയന വർഷാവസാനം വരെ ഫോൺ തടഞ്ഞുവയ്ക്കപ്പെടാൻ ഇടയാക്കുമെന്ന് എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്യുന്നു.

ഐപാഡുകൾ ഉൾപ്പെടെയുള്ള ടാബ്‌ലെറ്റ് ഉപകരണങ്ങൾ വിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മാത്രമേ സ്കൂളുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. സ്കൂളിലെ ബന്ധപ്പെട്ട അധ്യാപകരുടെ വ്യക്തമായ അഭ്യർത്ഥനയോ അംഗീകാരമോ ഉണ്ടെങ്കിൽ മാത്രമേ ടാബ്‌ലെറ്റുകൾ അനുവദിക്കൂ എന്നും സ്‌കൂളുകൾ വ്യക്തമാക്കി.

ഇടവേളകളിലോ, ക്ലാസുകൾക്ക് മുമ്പോ, അല്ലെങ്കിൽ പാഠം അവസാനിച്ചതിന് ശേഷമോ ടാബ്‌ലെറ്റുകൾ ഉപയോഗിക്കുന്നത് സ്കൂൾ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.

വിദ്യാർത്ഥികളുടെ പെരുമാറ്റം സംബന്ധിച്ച 2018 ലെ മന്ത്രിതല തീരുമാനത്തിന് അനുസൃതമായാണ് നടപടികൾ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഈ തീരുമാനപ്രകാരം സ്കൂളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് നിരോധിക്കുന്നു. പൊതു മാർഗ്ഗനിർദ്ദേശത്തിൽ നിന്ന് കർശനമായ നടപടിക്രമ നിർവഹണത്തിലേക്ക് നയം മാറിയിട്ടുണ്ടെന്നും അറിയിപ്പിൽ വിശദീകരിച്ചു.

സ്കൂളുകളിൽ നിന്ന് ഫോണുകൾ നിരോധിക്കുന്നത് വിദ്യാഭ്യാസ മൂല്യങ്ങളെയും പെരുമാറ്റ രീതികളെയും അച്ചടക്കത്തെയും ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടി.

ഡിജിറ്റൽ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഠനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിന്നുള്ള വ്യതിചലിക്കലിന് കാരണമാകും. ഈ വ്യതിചലിപ്പിക്കൽ കുറയ്ക്കുന്നതിനും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴിയൊരുക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതര്‍ പറയുന്നു.

ലോകത്തിന്‍റെ നെറുകയിൽ ഒരു ഇന്ത്യൻ അധ്യാപിക! ചേരികളിൽ അക്ഷര വെളിച്ചമെത്തിച്ച റൂബിൾ നാഗിക്ക് 9 കോടി രൂപയുടെ ഗ്ലോബൽ ടീച്ചർ പ്രൈസ്

ദുബായ്: മുംബൈയിലെ ചേരികളിൽ വിദ്യാഭ്യാസത്തിന്‍റെ വെളിച്ചം പകർന്ന അധ്യാപികയായ റൂബിൾ നാഗിക്ക് വൺ മില്യൺ ഡോളർ (ഏകദേശം 9 കോടി രൂപ) മൂല്യമുള്ള ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’. വിദ്യാഭ്യാസ രംഗത്തെ ‘നൊബേൽ’ എന്നറിയപ്പെടുന്ന ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’ ദുബായിൽ നടന്ന വാർഷിക ലോക സർക്കാർ ഉച്ചകോടിയിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റൂബിൾ നാഗിക്ക് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയിലുടനീളം നൂറുകണക്കിന് ലേണിംഗ് സെന്ററുകൾ സ്ഥാപിച്ച് ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമേകിയതിനാണ് ഈ അംഗീകാരം.

വിദ്യാഭ്യാസ വിപ്ലവത്തിന്റെ 24 വർഷങ്ങൾ

‘റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷനിലൂടെ’ ഇന്ത്യയിൽ എണ്ണൂറിലധികം ലേണിംഗ് സെന്ററുകളാണ് റൂബിൾ സ്ഥാപിച്ചിട്ടുള്ളത്. ഒരിക്കൽ പോലും സ്കൂളിൽ പോകാത്ത കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിനൊപ്പം, നിലവിൽ സ്കൂളിൽ പോകുന്നവർക്ക് പ്രത്യേക പരിശീലനവും ഈ സെന്ററുകൾ വഴി നൽകുന്നു. അക്ഷരാഭ്യാസം, സയൻസ്, കണക്ക്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ചുവർചിത്രങ്ങളിലൂടെ ലളിതമായി പഠിപ്പിക്കുന്ന രീതിയും അവർ ആവിഷ്കരിച്ചിട്ടുണ്ട്.

റൂബിൾ നാഗിയുടെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് മിസാൽ മുംബൈ. മുംബൈയിലെ ചേരികളിലെ വീടുകൾ ചായം പൂശി മനോഹരമാക്കുകയും അവിടുത്തെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇത് പിന്നീട് ‘മിസാൽ ഇന്ത്യ’ എന്ന പേരിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. കുട്ടികൾക്ക് പഠനം ഭാരമാകാതിരിക്കാൻ ചിത്രരചനയിലൂടെയും ചുവർചിത്രങ്ങളിലൂടെയും ശാസ്ത്രവും കണക്കും റൂബിൾ നാഗി പഠിപ്പിച്ചു. ഇന്ത്യയിലുടനീളം നൂറുകണക്കിന് കൂറ്റൻ ചുവർചിത്രങ്ങൾ അവർ നിർമ്മിച്ചിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്കായി സൗജന്യ വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ സമ്മാനത്തുക ഉപയോഗിക്കുമെന്നു റൂബിൾ നാഗി പറഞ്ഞു.

അഭിമാന നിമിഷമെന്ന് റൂബിൾ നാഗി

പുരസ്കാരം സ്വീകരിച്ചുകൊണ്ട് റൂബിൾ നാഗി വൈകാരികമായാണ് സംസാരിച്ചത്.”ഈ പുരസ്കാരം എനിക്കും എന്റെ രാജ്യത്തിനും അഭിമാനമാണ്. 24 വർഷങ്ങൾക്ക് മുന്പ് വെറും 30 കുട്ടികളുമായി ഒരു ചെറിയ വർക്ക്‌ഷോപ്പിൽ തുടങ്ങിയ യാത്രയാണിത്. ഇന്ന് പത്ത് ലക്ഷത്തിലധികം കുട്ടികളിലേക്ക് എത്താൻ കഴിഞ്ഞു എന്നത് വിനയത്തോടെ കാണുന്നു. എല്ലാ കുട്ടികളും സ്കൂളിൽ പോകണമെന്നത് എന്റെ കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്’- അവ‍ർ പറഞ്ഞു.

റൂബിൾ നാഗിയുടെ നിശ്ചയദാർഢ്യത്തെയും സർഗ്ഗാത്മകതയെയും ഗ്ലോബൽ ടീച്ചർ പ്രൈസ് സ്ഥാപകൻ സണ്ണി വർക്കി പ്രശംസിച്ചു. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിലൂടെ ഒരു സമൂഹത്തെ തന്നെയാണ് അവർ ശക്തിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള ആർടിസ്റ്റ് കൂടി ആയ റൂബിൾ മുംബൈ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. ഇവരുടെ മ്യൂറൽ ചിത്രങ്ങൾ രാജ്യാന്തര പ്രദർശനങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടിയിട്ടുണ്ട്.

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പീരാഗഡി ഫ്‌ലൈഓവറിന് സമീപമായിരുന്നു സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സ്ഥലത്ത് കവര്‍ച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്‍ധീര്‍ സിങ് (60), ലക്ഷ്മി സിംഗ് (40), ശിവ് നാരായണ്‍ (46) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്താന്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

ഫാേറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കാറിനുള്ളില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്.

വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത, പാളികളുടെ സാമ്പിൾ വീണ്ടും ശേഖരിക്കും, ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കും; ശബരിമലയിൽ വീണ്ടും പരിശോധന

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ഒരുങ്ങുന്നു. നേരത്തെ വി എസ് എസ് സിയിൽ നടത്തിയ പരിശോധനയുടെ അന്തിമഫലത്തിൽ സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ചും പാളികൾ മാറ്റിയോ എന്നതിലും പൂർണ്ണമായ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ഈ നീക്കം. സ്വർണ്ണപ്പാളികളുടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ അത്യാധുനിക ലാബിലേക്ക് അയക്കാനാണ് തീരുമാനം.

വി എസ് എസ് സി റിപ്പോർട്ടിൽ നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് പ്രതികൾ പറഞ്ഞത് തന്നെയാണോ എന്നതടക്കം കൃത്യമായി പരിശോധിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയമായ ഉറപ്പ് വരുത്താനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഈ വിവരം എസ് ഐ ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത.

സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ളയിൽ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ പോറ്റി അടക്കമുള്ള പ്രതികൾ മാറ്റിയോ എന്നതിൽ ഇന്ന് എസ് ഐ ടി ഇന്ന് വ്യക്തത ഉണ്ടാക്കും. വി എസ് എസ് സി യിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട്‌ എസ് ഐ ടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കടകംപള്ളി, അടൂർ പ്രകാശ് അടക്കമുള്ളവരെ ചോദ്യംചെയ്തതിന്‍റെ അടക്കം ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങളും കോടതിക്ക് കൈമാറും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വാഭാവിക ജാമ്യം തേടി എൻ വാസു ഇന്ന് അപേക്ഷ നൽകുമെന്നും വിവരമുണ്ട്. ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും.

‘വെള്ളാപ്പള്ളിയുടെ വിരോധത്തിന് കാരണം എന്റെ നിലപാടുകൾ’, എൻഎസ്എസിന് വ്യക്തിപരമായ വിരോധമെങ്കിൽ സന്തോഷം : വിഡി സതീശൻ

തിരുവനന്തപുരം: വർഗീയതയോട് യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വർഗീയത ആരുപറഞ്ഞാലും അതിനോട് കോംപ്രമൈസ് ചെയ്യില്ല. മതേതര മനസ്സുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും, ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായ നേട്ടങ്ങൾ നോക്കിയല്ല താൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ.എസ്.എസിനോടുള്ള നിലപാട്

എൻ.എസ്.എസുമായി ബന്ധപ്പെട്ട വിഷയത്തിലും സതീശൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു.എൻ.എസ്.എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യു.ഡി.എഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടനകളോടല്ല, മറിച്ച് ചില നിലപാടുകളോടാണ് തന്റെ വിയോജിപ്പെന്നും അദ്ദേഹം സൂചിപ്പിച്ചു.

സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ്

ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബേപ്പൂരിൽ അൻവറിനെ യു ഡി എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ വിവരിച്ചു. സ്ഥാനാർഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നൽകുന്നത്. അൻവറിന്‍റെ കാര്യത്തിൽ യു ഡി എഫിൽ ഇനിയും ചർച്ചകൾ നടക്കുമെന്ന് കൂടിയാണ് സതീശൻ നൽകുന്ന സന്ദേശം.