Home Blog Page 1048

തടാക തീരത്ത് സാമൂഹ്യ വിരുദ്ധർ തീയിട്ടു വ്യാപക നാശം,തീരത്തെ തീയില്‍ ജൈവ വൈവിധ്യം നശിക്കുന്നു

ശാസ്താംകോട്ട.തടാക തീരത്ത് ഇന്നലെ രാത്രി ഒൻപത് മണിയോടെ സ്റ്റേഡിയം ഗ്രൗണ്ടിനു താഴെ സാമൂഹ്യ വിരുദ്ധർ തീയിട്ടു. മരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രശ്നം ഉണ്ട്.


ജനുവരി 9-ാം തീയതി രാവിലെയും ഇതുപോലെ തടാകതീരത്ത് തീ ഉണ്ടാക്കുകയും പടർന്ന് പിടിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കെ. എസ്സ്. എം. ഡി. ബി. സി. യിലെ രസതന്ത്ര വിഭാഗത്തിൻ്റെ ലാബിനും രാസവസ്തുക്കൾ വെച്ചിരിക്കുന്ന സ്റ്റോർ റൂമിൻ്റെ വളരെ അടുത്ത് വരെ എത്തി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ വിപത്ത് ഒഴിവായി. തീപിടുത്തം മൂലം തടാക തീരത്തെ ജൈവവൈവിദ്ധ്യവും നഷ്ടമാകുന്നത് ആണ് ശരിയായ വിപത്ത്. അടിക്കാടുകളിലെ സസ്യങ്ങള്‍ പാടേ നശിക്കും. അതില്‍ പലതും ശാസ്താംകോട്ടക്കുമാത്രം അവകാശപ്പെട്ടതാണ്. ഇവിടത്തെ ജീവികള്‍ക്കും തീ മൂലം നാശമുണ്ടാകുന്നു.

സാമൂഹിക വിരുദ്ധരുടെ താവളമാണ് തടാക തീരം മദ്യപാനം മയക്കുമരുന്ന് വിപണനം മറ്റ് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നി തീരത്ത് വരുന്ന വിനോദ സഞ്ചാരികള്‍ക്കും ശല്യമാണ്. തൊട്ടടുത്ത് പൊലീസ് സ്റ്റേഷന്‍ ുണ്ടായിട്ടും പൊലീസിന്‍റെ ശ്രദ്ധ ഇവിടെ ഇല്ലെന്നത് ആക്ഷേപമാണ്. നേരത്തേ പൊലീസും പിങ്ക് പൊലീസും ഇവിടെ പെട്രോളിംങ് നടത്തിയിരുന്നു.

ഫയർ ബെൽറ്റ്‌ ഇട്ടതിനാൽ മണ്ണ് സംരക്ഷണ വകുപ്പ് പരിപാലിക്കുന്ന തോട്ടത്തിലെ തൈകൾക്ക് ഒന്നും കുഴപ്പമില്ലെന്ന് അസി. സോയില്‍കണ്‍സര്‍വേറ്റര്‍ അരുണ്‍ കുമാര്‍ അറിയിച്ചു.

പതിവായി നടക്കുന്ന അക്രമത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

ഡി.വിനചന്ദ്രൻ പുരസ്കാരം ഇന്ദുഗോപന് സമർപ്പിച്ചു

ശാസ്താംകോട്ട:പടിഞ്ഞാറേ കല്ലട കടപുഴ നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡി.വിനയചന്ദ്രൻ പുരസ്‌ക്കാരം കഥാകൃത്ത് ജി.ആർ ഇന്ദുഗോപന് സമ്മാനിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ ഗോപൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സാഹിത്യ നിരൂപകൻ ഡോ.കെ.ബി ശെൽവമണി പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി

.ഗ്രന്ഥശാല പ്രസിഡൻ്റ് ആർ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.അഖിലേഷ്,എം.കെ വേണുഗോപാൽ, വി.അനിൽ,കെമാധവൻ പിള്ള,എം.കെ മണിലാൽ,ജി.ശങ്കരപിള്ള,ജോസ് തോമസ്,കെ.ബാലചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.

 സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ, ജീവന്‍വെടിഞ്ഞത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ ആള്‍

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലയിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ഏലിയാസ് അമ്പാട്ടിന് ലഭിച്ചിട്ടുണ്ട്.

പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തിരുന്ന ആളാണ് ഏലിയാസ് അമ്പാട്ട്. കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാത്തത് അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യത ഏലിയാസ് അമ്പാട്ട് നേരിട്ടിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. സര്‍ക്കാര്‍ ആനുകൂല്യം പോലും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ഏലിയാസ് നേരത്തെ പരാതിപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ആളാണ് ഏലിയാസ് അമ്പാട്ട്.

ഒളിച്ചുകളി പറ്റില്ല,ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിഷയത്തില്‍ ഒളിച്ചുകളി പറ്റില്ല. അഴകൊഴമ്പന്‍ നിലപാടും ഇനി പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയണം. വിഡി സതീശന്‍ ആവശ്യപ്പെട്ടു.

യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ?. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കാം. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി മാപ്പു പറഞ്ഞതാണ്. ക്ഷമ ചോദിച്ചതാണ്. തെറ്റിപറ്റിപ്പോയി എന്നെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാടു വേണം.

ഇപ്പോഴാണ് ഏതാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് എന്നു വ്യക്തമാകാന്‍ പോകുന്നത്. അക്കാര്യത്തില്‍ അവര്‍ തീരുമാനിക്കട്ടെ. ഇനി സര്‍ക്കാര്‍ മാറിയാല്‍, യുഡിഎഫിന് ഒരു നിലപാടുണ്ട്. ആ നിലപാട് കോടതിയെ അറിയിക്കും. നാളെ സുപ്രീംകോടതിയില്‍ കേസു വരുമ്പോള്‍ മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതു മുഖ്യമന്ത്രിയാണ് പറയേണ്ടത്. സമയം നീട്ടി ചോദിച്ചാല്‍ അതിനര്‍ത്ഥം തീരുമാനം ഇല്ലെന്നാണ്. നിലപാട് മാറിയെങ്കില്‍, മുന്‍ സത്യവാങ്മൂലം മാറ്റി നല്‍കാന്‍ അത്ര വലിയ കാര്യമൊന്നുമല്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ഒരു ബന്ധവുമില്ലേ?. സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനമാണ് ദേവസ്വം ബോര്‍ഡ്. അവര്‍ നടത്തിയ കള്ളക്കണക്കുകളാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ശബരിമല വിടാതെ സര്‍ക്കാരിനെ പിന്തുടരുകയാണ്. അത്രമാത്രം കൊള്ളയും ക്രമക്കേടും വൃത്തികേടുകളുമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്നിട്ടുള്ളതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയ്യാറായിക്കഴിഞ്ഞതായി സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ പറഞ്ഞു.

രണ്ട് സീറ്റ് നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചോദിച്ച സീറ്റുകള്‍ തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല. രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നും സിപി ജോണ്‍ പറഞ്ഞു.

കൊച്ചിയില്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തി. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പ് പരസ്യമായ സാഹചര്യത്തില്‍ ജോസ് കെ മാണി മുന്നണി മാറാനുള്ള സാഹചര്യം വീണ്ടും രൂപപ്പെട്ടതായി നേതാക്കള്‍ വിലയിരുത്തിയതായാണ് സൂചന.

രണ്ടര വയസുകാരനെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു

ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ടര വയസുകാരനെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ശ്രമിച്ചു. ബാരിസാഹി ഗ്രാമത്തില്‍ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്‍പ്പനക്കാരനും പിതാവും കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വിലപേശലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടികള്‍.

എന്നാല്‍ വിഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രാദേശിക ആക്ടിവിസ്റ്റ് പരാതി നല്‍കിയതിന് പിന്നാലെയാണ് നീലഗിരി പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വില്‍പന നടത്താന്‍ ശ്രമിച്ചയാളെയും വാങ്ങാന്‍ എത്തിയ വ്യക്തിയെയും കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിമിനിഭാട്ടി പ്രദേശത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും നീലഗിരി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രമോദ് കുമാര്‍ മല്ലിക് പറഞ്ഞു, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

നിര്‍മാണ തൊഴിലാളിയായ കുവ എന്ന രാകേഷ് കുമാര്‍ ബെഹറയാണ് കുട്ടിയുടെ പിതാവ്. ഇടപാടിന്റെ ആദ്യഗഡുവായി ഇയാള്‍ക്ക് 50000 രൂപ ലഭിച്ചതായും പൊലിസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കുട്ടിയെ വില്‍പന നടത്താന്‍ മുതിര്‍ന്നത് എന്നാണ് രാകേഷ് കുമാര്‍ ബെഹെറയുടെ പ്രതികരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞങ്ങള്‍ക്ക് നാല് കുട്ടികളുണ്ട്, അവരെ വളര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകളുണ്ട്. പരിചയക്കാരനാണ് കുട്ടിയെ വാങ്ങാന്‍ ആളെ ഏര്‍പ്പാടാക്കിയതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ബെഹറ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നും വില്‍ക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടി അദ്ദേഹത്തില്‍ നിന്ന് വേറിട്ട് താമസിക്കുന്ന രണ്ടാമത്തെ ഭാര്യയില്‍ ജനിച്ചതാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സജി ചെറിയാന് മറുപടി, പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

തിരുവനന്തപുരം. ഇടത് സഹയാത്രികനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിന് പിന്നാലെ ഉയര്‍ന്ന അതൃപ്തികള്‍ക്ക് പിന്നാലെയാണ് നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതുസംബന്ധിച്ച ഇടപെടലുകൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

പാര്‍ട്ടി പ്രവേശനം സംബന്ധിച്ച നിര്‍ണായക ചര്‍ചകള്‍ക്കായി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നാണ് നല്‍കിയിരിക്കുന്ന വാഗ്ദാനം. ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയ നടപടി സ്വാഭാവികമാണെന്ന സജി ചെറിയാന്റെ പ്രതികരണത്തിന് മറുപടി നല്‍കിയ വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസുമായി അകല്‍ച്ചയില്ലെന്ന് സൂചനയാണ് പ്രേംകുമാര്‍ നല്‍കിയത്.

പ്രേംകുമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ പൂര്‍ണമായി തള്ളാതെയായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. എവിടെയും പോകാന്‍ വേണ്ടി നില്‍ക്കുന്ന ആളല്ല താന്‍, എന്നാല്‍ തനിക്കും കുടുംബത്തിനും കോണ്‍ഗ്രസ് പശ്ചാത്തലം ഉണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. സിപിഎമ്മിന്റെ സഹയാത്രികനെങ്കിവും പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. എന്റെ നിലപാടുകള്‍, ലേഖനങ്ങള്‍ എന്നിവയുള്‍പ്പെടെ പരിഗണിച്ചായിരിക്കാം തന്നെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് പരിഗണിച്ചത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

നിലവില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഒരു സംഘടനാ ചട്ടകൂട്ടില്‍ നില്‍ക്കുന്ന ആളല്ല താന്‍, എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്ന സ്വാതന്ത്ര്യം എനിക്കാവശ്യമാണ്. മുന്‍കൂട്ടി തീരുമാനിച്ച് ജീവിതത്തെ സമീപിക്കുന്ന ആളല്ല. താനൊരു ഉറച്ച ദൈവ വിശ്വാസിയാണ്. ദൈവം സ്‌നേഹമാണ് എന്നാണ് എന്റെ വിശ്വാസം. നാളെ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. ജീവിതത്തില്‍ സംഭവിക്കുന്നതിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് തന്റെ നിലപാടുകളെന്നും പ്രേംകുമാര്‍ വിശദീകരിക്കുന്നു

അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണയുണ്ടായ സാഹചര്യത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുന്നുണ്ട്. അത് ഗവണ്‍മെന്റിന്റെയോ നയിക്കുന്ന എല്‍ഡിഎഫിന്റേയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ജനാധിപത്യപരമായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാല്‍, സച്ചിദാനന്ദന്‍ മാഷിന്റേയും പ്രേംകുമാറിന്റേയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടിയിലെ വിശദീകരണത്തിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് മറുപടിയും നടന്‍ നല്‍കി. കേരളത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളില്‍ നിന്നും ചലച്ചിത്ര അക്കാദമിക്ക് പുറമെ എവിടെ നിന്നാണ് കാലവധി കഴിഞ്ഞ ചെയര്‍മാന്‍മാരെ സ്വാഭാവികമായി മാറ്റിയത് എന്നാണ് പ്രേംകുമാറിന്റെ ചോദ്യം. മാധ്യമങ്ങള്‍ മന്ത്രിയോട് ഇക്കാര്യം ചോദിക്കണമെന്നും പ്രേം കുമാർ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് തലേന്ന് തന്നെ മാറ്റിയതില്‍ അസ്വാഭാവികയുണ്ട്. തിരുവനന്തപുരത്തെ പ്രഖ്യാപനം തൃശുരിലേക്ക് മാറ്റി. മന്ത്രിയോട് അടുപ്പമുള്ളവര്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് കരുതുന്നുണ്ടാകും. താന്‍ അങ്ങനെ കരുതുന്നില്ലെന്നും പ്രേം കുമാര്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലെ മുന്‍ അധ്യക്ഷമാരുടെ കാലാവധി പരിശോധിക്കണം. താന്‍ ഉള്‍പ്പെടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് കാലാവധിക്ക് അപ്പുറം പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിത്ത് മാറിയപ്പോള്‍ ഒരു സമവായം പോലെയാണ് തന്നെ ചലച്ചിത്ര അക്കാദമി സ്ഥാനത്തേക്ക് എത്തിച്ചത്. ഒരു വര്‍ഷം പ്രവര്‍ത്തനങ്ങള്‍ നടത്തി, തന്റെ പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നു എന്ന് സര്‍ക്കാരും പൊതുസമൂഹവും കരുതുന്നില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

നീണ്ടകര-ശക്തികുളങ്ങര തീരദേശ മേഖലയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 17ന്

നീണ്ടകര വല ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനം, ഷോപ്പിംഗ് കോംപ്ലക്‌സ്, ശക്തികുളങ്ങര മേഖലയിലെ ബോട്ട് ബിൽഡിംഗ് യാർഡ്, നെറ്റ് മെന്റിങ് ഷെഡ്, അഡ്‌മിനി‌സ്ട്രേറ്റീവ്‌ ബ്ലോക്ക്, വാർഫ്, തുടങ്ങിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 17 ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സ്യബന്ധനം-സാംസ്‌കാരികം,  യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ, ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ  നിർവഹിക്കും. നീണ്ടകര ഫിഷിങ് ഹാർബറിൽ നടക്കുന്ന ചടങ്ങിൽ സുജിത്ത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനാകും. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ
ഡോ പി സഹദേവൻ റിപ്പോർട്ട് അവതരിപ്പിക്കും. എൻ കെ പ്രേമചന്ദ്രൻ എം പി, മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംന നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷ മേരി ചെറിയാൻ, കൊല്ലം നഗരസഭാഗം ദീപു ഗംഗാധരൻ,  നീണ്ടകര പഞ്ചായത്ത് പ്രസിഡണ്ട് ബി ശിവലാൽ, കൊല്ലം ജില്ലാ പഞ്ചായത്തഗം ഐ ജയലക്ഷ്മി, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ തുടങ്ങിയവർ പങ്കെടുക്കും.

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

പരവൂര്‍: പൊഴിക്കര കടല്‍തീരത്ത് കുളിക്കാന്‍ ഇറങ്ങി കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയത്തില്‍ ഭാനുമതി വിലാസത്തില്‍ വിബിന്‍ (16), മനക്കര തെക്കതില്‍ വിബിന്‍ (16) എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് ഇവരെ കടലില്‍ കാണാതായത്. കഴിഞ്ഞ ദിവസം നിര്‍ത്തി വച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെയാണ് പുന:രാരംഭിക്കുകയായിരുന്നു. നേവിയുടെ മുങ്ങല്‍ വിദഗ്ദരും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങള്‍ വരുംവഴി മനസ്സിലാകും… അന്ന് ചോദ്യംചെയ്‌തോളൂ: സുരേഷ് ഗോപി

കൊല്ലം: ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങള്‍ വരുംവഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും അന്ന് ചോദ്യംചെയ്‌തോളൂവെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയിംസ് അടക്കമുള്ള നിരവധി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിന് ലഭിച്ചത് ധാതു ഇടനാഴിയും കടലാമകള്‍ക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാണ്. ഇതിന് പിന്നാലെ എയിംസ് വരുമെന്നുള്ള സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകള്‍ ഉള്‍പ്പെടെ കുത്തിപ്പൊക്കി നിരവധി ‘ആമ’ ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഇത്തവണ കിട്ടിയത് ഒന്നാന്തരം ഒരു ‘ആമ മുട്ട’യാണ് എന്ന തരത്തിലായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
കേരളത്തിലെ റെയില്‍വേ വികസനത്തിലെ സുപ്രധാനമായ നാഴികകല്ലാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനമെന്നും സുരേഷ് ഗോപി പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന അര്‍ഥവത്തായ ചുവടുവെപ്പാണ് കാര്‍ പാര്‍ക്കിങ് കോംപ്ലക്‌സ്. കേരളത്തിലെ ആദ്യത്തെ വിപുലമായ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് ആണെന്നത് കൊല്ലംകാര്‍ക്ക് അഭിമാനിക്കാം. 29 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ അഞ്ചുനില കെട്ടിടത്തിന് 11,450 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഏകോപനമായി നടപ്പാക്കിയ പൊതുസേവനത്തിന്റെ തെളിവാണ് ഈ പദ്ധതി. വികസന കാര്യത്തില്‍ ശശി തരൂരും പ്രേമചന്ദ്രനുമൊക്കെ മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.