Home Blog Page 1049

‘മനസ്സുകൊണ്ടും ഹൃദയംകൊണ്ടും, നിങ്ങള്‍ സ്‌നേഹമുള്ള മാതാപിതാക്കളാണ്….എപ്പോഴും അങ്ങനെ തന്നെ തുടരും… : കമല്‍ഹാസന്‍

തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി മടങ്ങുന്ന ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മാതാപിതാക്കള്‍ക്ക് അഭിവാദ്യമറിയിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍. ആലിന്‍ പത്തുമാസത്തോളം മാതാപിതാക്കളുടെ സ്‌നേഹത്തണലില്‍ ജീവിച്ചുവെന്നും, ഇപ്പോള്‍ അഞ്ചു കുരുന്നു ജീവനുകള്‍ക്ക് മികച്ച ജീവിതം സമ്മാനിച്ചാണ് അവള്‍ മടങ്ങുന്നതെന്നും അദ്ദേഹം കുറിച്ചു. ‘മനസ്സുകൊണ്ടും ഹൃദയംകൊണ്ടും, നിങ്ങള്‍ സ്‌നേഹമുള്ള മാതാപിതാക്കളാണ്. എപ്പോഴും അങ്ങനെ തന്നെ തുടരും. ജീവിതത്തിലൂടെ നിങ്ങളുടെ സന്തോഷം വീണ്ടെടുക്കുക. നിങ്ങള്‍ രണ്ടുപേരും അത് ശരിക്കും അര്‍ഹിക്കുന്നു’- കമല്‍ ഹാസന്‍ കുറിച്ചു.

മരണത്തിന് തോല്‍പ്പിക്കാനാവാത്ത സ്‌നേഹസാന്നിധ്യമായാണ് ആലിനിന്റെ മടക്കം. വേര്‍പാടിന്റെ വേദനയിലും അഞ്ചുകുരുന്നുകള്‍ക്ക് പുതുജീവനേകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ആലിനിന്റെ കുടുംബം. കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ അധ്യായത്തിനാണ് ശനിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസക്കാരി ആലിന്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായപ്പോള്‍, ആലിന്റെ കരള്‍ സ്വീകരിച്ച ആറുമാസക്കാരി ധ്രിയ ഏറ്റവും പ്രായം കുറഞ്ഞ സ്വീകര്‍ത്താവായി മാറി.

അമ്മ ഷെറിന്‍ ആന്‍ ജോണിനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ആലിന്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ അഞ്ചിനാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവല ജങ്ഷനുസമീപം എതിര്‍ദിശയില്‍നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആലിന്റെ അമ്മ ഷെറിന്റെ മാതാപിതാക്കള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്ത് മരിച്ച നിലയില്‍. കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ്(29) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോഷ്യല്‍മീഡിയ താരവും ഇന്‍ഫ്‌ലുവന്‍സറുമായ ചിന്നു പാപ്പു എന്ന കെ രേഷ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രേഷ്മയുടെ മരണത്തിന് പിന്നാലെ സന്ദേശ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സന്ദേശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് അഡൂര്‍ സ്വദേശിയാണ് രേഷ്മ. മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. അയല്‍വാസികളാണ് രേഷ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അഡൂര്‍ ആലന്തടുക്കയിലെ ഗംഗാധരന്‍ ശൈലജ ദമ്പതികളുടെ മകളാണ്. മകന്‍: ദിഹാന്‍. സഹോദരങ്ങള്‍: രതീഷ്, രഞ്ജിത്ത്.

ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് ചിന്നു പാപ്പു. കാസര്‍കോടന്‍ ഭാഷയിലുള്ള സംസാരത്തിന് ഏറെ പ്രചാരമാണുണ്ടായിരുന്നത്. പാചക, യാത്രാ വീഡിയോകളാണ് ഏറെയും ചെയ്തിരുന്നത്.

ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന്… മഴ വില്ലനാകുമോ

ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ മഴ വില്ലനായി മാറുമെന്ന് റിപ്പോർട്ടുകൾ. മത്സരം നടക്കുന്ന സമയത്ത് 50 മുതൽ 65 ശതമാനം വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ആണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറയുന്നത്. ഇടിയോടുകൂടിയ മഴയാണ് ഉണ്ടാകുക എന്നും താപനില ഏകദേശം 30°C ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മത്സരം ആരംഭിക്കുന്നതിന് മുൻപ് ശക്തമായ മഴ പെയ്യാനിടയുള്ളതിനാൽ ടോസ് വൈകാനും ഓവർ വെട്ടികുറയ്ക്കാനും സാധ്യതയുണ്ട്.

സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

ഹരിയാന: ഇതിഹാസ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ. ഇംഗ്ലീഷ്, എഐ, ഇക്കണോമിക്‌സ് വിഷയങ്ങളിലാണ്‌ അധ്യാപക ഒഴിവുകൾ.

പിജിടി (പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ), ടിജിടി (ട്രെയ്ൻഡ് ഗ്രാജ്വേറ്റ് ടീച്ചർ) വിഭാഗങ്ങളിലാണ് ഇംഗ്ലീഷിൽ ഒഴിവ്. ഇക്കണോമിക്‌സിൽ പിജിടി യോഗ്യതയുള്ളവരെയാണ് തേടുന്നത്. ബിരുദാനന്തരബിരുദവും ബിഎഡ് യോഗ്യതയുമുള്ളവർക്ക് 11- 12 ക്ലാസുകളിൽ അധ്യാപകരാവാം.

jobs@sisj.in എന്ന മെയിലിലേക്ക് സിവി അയക്കാം. യോഗ്യതകൾ സിബിഎസ്ഇ മാനദണ്ഡങ്ങൾക്ക് അനുസൃതമാവണം. കൂടുതൽ വിവരങ്ങൾക്ക് www.sisj.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ: 9711188700, 8930059111.

പുറത്തിടുന്ന ചെരുപ്പ് വീടിനകത്തും ഇടാറുണ്ടോ? ശ്രദ്ധിക്കണം

പലരും പുറത്ത് പോകുമ്പോൾ ഇടുന്ന അതേ ചെരുപ്പ് തന്നെയായിരിക്കും വീടിനകത്തും ഉപയോഗിക്കുന്നത്. എന്നാൽ ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പുറത്തുനിന്നുള്ള ചെരുപ്പുകൾ എങ്ങനെയാണ് നമ്മുടെ വീടിനെ മലിനമാക്കുന്നതെന്നും രോഗങ്ങൾക്കിടയാക്കുന്നതെന്നും നോക്കാം.

കുഞ്ഞുങ്ങൾക്കാണ് ഏറ്റവും കൂടുതൽ അപകടം

പുറത്തിടുന്ന ചെരുപ്പുകൾ വീടിനകത്ത് ഉപയോഗിക്കുമ്പോൾ ഏറ്റവും കൂടുതൽ അപകടം കുഞ്ഞുങ്ങൾക്കാണ്. ഫുട്പാത്തിലെ കീടനാശിനികൾ, ടോയ്‌ലറ്റുകളിൽ നിന്നുള്ള ബാക്ടീരിയകൾ, പുറത്തുള്ള മാലിന്യങ്ങൾ തുടങ്ങി പലതും ചെരുപ്പിലൂടെ വീടിനകത്തെത്തും. ചെരുപ്പുകളിലും ധാരാളം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ഇത് കുടലിൽ അണുബാധയുണ്ടാക്കുകയും മൂത്രസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. കുഞ്ഞുങ്ങൾ എപ്പോഴും തറയിലിരുന്നാണ് കളിക്കുന്നത്. അവർ തറയിൽ സ്പർശിക്കുകയും ആ കൈ വായിൽ വെക്കുകയുമൊക്കെ ചെയ്യും. ഇങ്ങനെയാണ് രോഗാണുക്കൾ കുട്ടികളിലേക്ക് എത്തുന്നത്. ഇനി തറയിൽ നഗ്നപാദരായി നടക്കുന്നവരിലൂടെ ഈ ബാക്ടീരിയ കിടപ്പുമുറിയിലെത്താനും സാധ്യതയുണ്ട്.

ചെരുപ്പിലൂടെ വീട്ടിലെത്തുന്ന വിഷ രാസവസ്തുക്കൾ

ഷൂസുകളിൽ ലെഡ്, കാഡ്മിയം, ക്രോമിയം തുടങ്ങിയ വിഷലോഹങ്ങൾ അടങ്ങിയിട്ടുണ്ട്. മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോൾ അറിയാതെ തന്നെ ഈ വിഷാംശങ്ങൾ നമ്മുടെ ചെരിപ്പിലൂടെ വീട്ടിലെത്തുന്നു. ഇ. കോളി പോലുള്ള ബാക്ടീരിയകൾക്ക് വീടിനകത്തെ ചൂടും ഈർപ്പവുമുള്ള സാഹചര്യത്തിൽ വേഗത്തിൽ വളരാൻ കഴിയും. തറയിൽ ആഴ്ചകളോളം സജീവമായി നിലനിൽക്കാനും ഇവയ്ക്ക് സാധിക്കും. വീട്ടിൽ മിക്കവരും ചെരുപ്പിടാതെ നടക്കുന്നതിനാൽ ബാക്ടീരിയ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ പടരുന്നു. ഇത് കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ വേഗത്തിൽ അണുബാധയ്ക്ക് കാരണമാകും. അതിനാൽ നനഞ്ഞ ഷൂസുകളോ, ചെളിവെള്ളത്തിൽ ചവിട്ടിയ ചെരുപ്പുകളോ ഇട്ട് വീടിനകത്തേക്ക് കയറരുത്.

ചോറ്റാനിക്കരയിലെ 16 കാരിയുടെ മരണം; കൊറിയൻ ഭാഷ പഠിക്കാൻ മകൾ ആഗ്രഹിച്ചിരുന്നുവെന്ന് അച്ഛൻ, ‘ആരോ കബളിപ്പിച്ചതാവാം’

കൊച്ചി: മകൾക്ക് കൊറിയൻ സുഹൃത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ആ പേരിൽ മകളെ ആരോ കബളിപ്പിച്ചതാണെന്നും ചോറ്റാനിക്കരയിൽ മരിച്ച 16 കാരിയുടെ അച്ഛൻ മഹേഷ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്ന് മഹേഷ് പറഞ്ഞു. ആരൊക്കയോ എന്തൊക്കയോ ഒളിക്കുന്നുണ്ട്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താവാം മരണമെന്നും അച്ഛൻ പറഞ്ഞു.

കൊറിയൻ ഭാഷ പഠിക്കാൻ മകൾ ആഗ്രഹിച്ചിരുന്നു. മകളുടെ താല്പര്യം അറിഞ്ഞു കുട്ടികളോ മുതിർന്നവരോ ആരോ പറ്റിച്ചതാണ്. മകളുടെ സുഹൃത്തുക്കൾ കൂടുതൽ വിവരങ്ങൾ പറഞ്ഞിട്ടില്ല. കൊറിയയിൽ പോയി ജോലി ചെയ്യണമെന്ന് മകൾ പറഞ്ഞിരുന്നു. മകൾ സ്കൂളിൽ ഫോൺ കൊണ്ട് പോയത് തങ്ങളുടെ അറിവോടെയാണ്. ഒരിക്കൽ വീണ് പരിക്ക് പറ്റിയപ്പോൾ സുരക്ഷയ്ക്കായി കൊടുത്തു വിട്ടതാണ്. കൊറിയയിൽ നിന്നെന്ന പേരിൽ ഒരു സമ്മാനം ഒരിക്കൽ വീട്ടിൽ കൊണ്ടു വന്നിരുന്നു. ആരോ പറ്റിച്ചതാണ് എന്ന് അന്ന് തന്നെ മോളോട് പറഞ്ഞിരുന്നുവെന്നും സത്യം പുറത്ത് വരണമെന്നും അച്ഛൻ മഹേഷ് പറഞ്ഞു.

സർക്കാരിനോട് ഇടഞ്ഞ പ്രേംകുമാറിൻ്റെ അതൃപ്തി മുതലെടുക്കാൻ കോൺ​ഗ്രസ്; നടനുമായി ചർച്ച നടത്തി കോൺ​ഗ്രസ് നേതാക്കൾ

തിരുവനന്തപുരം: ഇടതു സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാറിനെ കോൺഗ്രസിലേക്ക് ‌കൊണ്ടു വരാനുള്ള നീക്കവുമായി നേതാക്കൾ. നടൻ പ്രേം കുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുകയാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ അതൃപ്തനാണ് പ്രേംകുമാർ. ഇതിൽ സർക്കാരിനെതിരെ കഴിഞ്ഞ ദിവസം പ്രേം കുമാർ തുറന്നടിച്ചിരുന്നു. സച്ചിദാനന്ദനെതിരെ നടപടിയെടുക്കാത്ത സർക്കാർ, തനിക്കെതിരെ ഏകപക്ഷീയമായ നടപടിയെടുത്തുവെന്നായിരുന്നു പ്രേംകുമാറിൻ്റെ വിമർശനം.

തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രേംകുമാറിന്‍റെ വിമര്‍ശനം. തന്നോട് സര്‍ക്കാര്‍ കാണിച്ചത് നീതിനിഷേധമാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സർക്കാർ മാന്യത കാണിച്ചില്ലെന്നും പ്രേംകുമാര്‍ തുറന്നടിച്ചു. യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ലെന്നും എന്തിനാണ് പുറത്താക്കിയതെന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ചതിനെതുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ആശാസമരത്തെ അനുകൂലിച്ച് പറഞ്ഞത് സദുദ്ദേശപരമായ അഭിപ്രായമാണ്. എന്നാൽ, ഇപ്പോള്‍ സച്ചിദാനന്ദനോട് കാണിക്കുന്നതല്ല തന്നോട് കാണിക്കുന്നതെന്നും ഗുരുതര പരാമര്‍ശം നടത്തിയിട്ടും സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുകയാണെന്നും പ്രേംകുമാര്‍ തുറന്നടിച്ചു. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രേംകുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും തുറന്ന വിമര്‍ശനം.

നൊമ്പരമായി സാകേത്, ആറ് ദിവസം തിരഞ്ഞു, യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയിൽ

വാഷിംഗ്ടണ്‍: യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യനെ (22) മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് സാകേതിനെ കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു.

സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാർത്ഥികളാണ് അറിയിച്ചത്. സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്ത് വരുന്നത്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്. അന്‍സ തടാകത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഇവിടെ ലാപ് ടോപ്പ് അടക്കം ബാഗും കണ്ടെത്തിയിരുന്നു.

കര്‍ണാടക സ്വദേശിയാണ് സാകേത് ശ്രീനിവാസയ്യ. 2025 ല്‍ ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടി. നിലവില്‍ യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥിയാണ്.

‘വിദേശനയം രാജ്യ താല്‍പ്പര്യം മുൻനി‌ർത്തി’, താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞ മറ്റന്നാൾ; മോദി പങ്കെടുത്തേക്കില്ല, പകരം ആളെ അയക്കും

ന്യൂഡൽഹി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ഫെബ്രുവരി 17-ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ചീഫ് അഡ്വൈസർ പ്രൊഫസർ മുഹമ്മദ് യൂനുസാണ് 13 രാജ്യങ്ങളുടെ നേതാക്കൾക്ക് ക്ഷണം നൽകിയത്.

ഇന്ത്യയ്ക്ക് പുറമെ ചൈന, സൗദി അറേബ്യ, പാകിസ്താൻ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങലിലെ തലവൻമാർക്കരും ക്ഷണമുണ്ട്. ബംഗ്ലാദേശ് പാർലമെന്‍റ് ഹൗസിന്‍റെ സതേൺ പ്ലാസയിലാണ് ചടങ്ങുകൾ നടക്കുക. ആദ്യം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും, തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെയും കാബിനറ്റിന്റെയും സത്യപ്രതിജ്ഞയും നടക്കും. ചീഫ് ഇലക്ഷൻ കമ്മീഷണർ എഎംഎം നാസിർ ഉദ്ദീൻ താരിഖ് റഹ്മാന് സത്യവാചകം ചൊല്ലിക്കൊടുക്കും. മോദി ചടങ്ങില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണൻ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണല്‍ പാർട്ടി വൻ വിജയമാണ് നേടിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് തന്‍റെ പ്രഥമ പരിഗണന എന്ന് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ പറഞ്ഞു. പുതിയ ബംഗ്ലാദേശിന്‍റെ പിറവി സംഭവിച്ചിരിക്കുന്നു എന്നാണ് ഇടക്കാല സർക്കാരിന്‍റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനൊപ്പം ചില സുപ്രധാന നിയമ ഭേദഗതികളിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്ന നിയമ ഭേദഗതി വോട്ടർമാർ അംഗീകരിച്ചു. പാർലമെന്റിന് പുതിയ ഉപരിസഭ രൂപീകരിക്കാനുള്ള തീരുമാനത്തിനും ഹിതപരിശോധനയിൽ അംഗീകാരം കിട്ടി. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും ഫലം റദ്ദാക്കണമെന്നും ഇപ്പോൾ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.

തോല്‍വി അംഗീകരിച്ച് ജമാഅത്ത്
എന്നാല്‍ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിക്ക് നേട്ടമുണ്ടാക്കാനായില്ല. സഖ്യത്തിന് നൂറു സീറ്റു പോലും തികച്ച് ലഭിച്ചില്ല. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്‍റെ നായകർ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിക്കും നേട്ടം ഉണ്ടാക്കാനായില്ല. ജമാഅത്തുമായി ഉണ്ടാക്കിയ സഖ്യം സിറ്റിസൺ പാർട്ടിക്ക് വലിയ ക്ഷീണമായി. തോൽവി അംഗീകരിച്ച ജമാഅത്ത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചു.

താരിഖിന്‍റെ മുന്നിലുള്ളത് കനത്ത വെല്ലുവിളി

ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ അധികാര കസേരയിലേക്ക് എത്തുമ്പോൾ മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ ആണ്. ആഭ്യന്തരമായി വലിയ സംഘർഷങ്ങൾ ബംഗ്ലാദേശ് നേരിടുന്ന കാലത്താണ് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുന്നത്. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. 300 അംഗ പാർലമെന്റിൽ ഇരുന്നൂറിലേറെ സീറ്റുകളിൽ ബിഎൻപി വിജയം നേടി. ജമായത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല.

അധികാരം പുതുമയല്ല താരിഖ് റഹ്മാന്. ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകൻ. നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും രാജ്യത്തിൻറെ പ്രസിഡന്റുമായ പിതാവ് സിയാവുർ റഹ്മാൻ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 1981 ൽ. അന്ന് താരിഖ് റഹ്മാന് വെറും 16 വയസ്. സിയാവുർ റഹ്മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്റെ വഴികളിൽ കരുത്തനായി താരിഖ് റഹ്മാൻ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാർട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി താരിഖ് റഹ്മാൻ.

കടയിലെ വാക്കുതര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐയെ പുറത്തു കാത്തുനിന്ന് കുത്തിവീഴ്ത്തി

കോഴിക്കോട്: വാക്കുതര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐക്ക് നേരെ ആക്രമണം. കോഴിക്കോട് ടൗണ്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. എടക്കാട് സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് വൈകിട്ട് 5.15ഓടെ കോഴിക്കോട് ടൗണ്‍ സിറ്റി സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. പരിക്ക് ഗുരുതരമല്ല. ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന് നേരെ എതിര്‍വശത്തുള്ള ഹോട്ടലില്‍ ചായ കുടിക്കാനെത്തിയതായിരുന്നു പ്രമോദ്. അവിടെയുള്ള ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഷാഫി സ്ഥലത്തെത്തുന്നത്.

ഹോട്ടലില്‍ പുറത്തേക്കിറങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പ്രമോദ് ഷാഫിയെ ആക്രമിക്കുകയായിരുന്നു. വയറിന്റെ ഭാഗത്താണ് കുത്തേറ്റത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Summary