Home Blog Page 1031

വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴ. വണ്ടാനം മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഡോക്ടര്‍ ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമില്‍ ഉള്‍പ്പെട്ട നഴ്‌സ് ആണ് ധന്യ.

2021 മെയ് 12നാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫ് ശസ്ത്രക്രിയ നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയിലെ വീഴ്ച കാരണം ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി ഗീതയുടെ നിര്‍ദേശം.

അതേസമയം ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

കൗമാരക്കാരിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്ന് പഠനം

കൗമാരക്കാരിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ബോൺമൗത്ത് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൗമാരക്കാർക്കിടയിൽ മാനസികാരോഗ്യ ‌പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്.

10-19 വയസ്സ് പ്രായമുള്ളവരിൽ ഏഴിൽ ഒരാൾക്ക് (14.3%) ആഗോളതലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇവ വലിയതോതിൽ തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും തുടരുന്നു. കൗമാരക്കാർക്കിടയിലെ രോഗങ്ങളുടെയും വൈകല്യങ്ങളുടെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് വിഷാദം. 15-29 വയസ്സ് പ്രായമുള്ളവരിൽ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്.

പഞ്ചസാര ചേർത്ത പാനീയങ്ങളുടെ ഉപഭോഗം കൗമാരക്കാർക്കിടയിൽ ഉത്കണ്ഠയ്ക്കുള്ള സാധ്യത 34 ശതമാനം വർദ്ധിപ്പിച്ചതായി പഠനത്തിൽ കണ്ടെത്തി. ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു.

പഠനത്തിനായി, ഭക്ഷണക്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ച നിരവധി മുൻ പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ ഗവേഷകർ വിശകലനം ചെയ്തു. പൊണ്ണത്തടി, ടൈപ്പ്-2 പ്രമേഹം തുടങ്ങിയ മോശം ഭക്ഷണശീലങ്ങളുടെ ശാരീരിക പ്രത്യാഘാതങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് എന്ന് ന്യൂട്രീഷൻ ലക്ചററും പഠനത്തിന്റെ സഹ-രചയിതാവുമായ ഡോ. ക്ലോയ് കേസി പറഞ്ഞു.

സോഡകൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള ജ്യൂസുകൾ, സ്ക്വാഷുകൾ, മധുരമുള്ള ചായ, കാപ്പി എന്നിവ പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര പാനീയങ്ങളുടെ ഉപഭോഗവും മാനസികാരോഗ്യ ലക്ഷണങ്ങളും അളക്കുന്ന സർവേ ഡാറ്റ സംഘം ഉപയോഗിച്ചു.

കൗമാരക്കാരിൽ ഉത്കണ്ഠ ലക്ഷണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗം സ്ഥിരമായി കാരണമാകുമെന്ന് പഠനം കണ്ടെത്തി. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗവും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ നേരിട്ട് ഉത്കണ്ഠയ്ക്ക് കാരണമാകുമെന്ന് ഇത് കാണിക്കുന്നില്ല. പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപഭോഗവും യുവാക്കളിൽ ഉത്കണ്ഠാ രോഗങ്ങളും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധം ഈ പഠനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് പണിമുടക്കും

rep image

കൊച്ചി. ശമ്പള വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.

അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് ആനുപാതികമായ ശമ്പള വര്‍ധന, യു.ജി.സി. സ്‌കെയില്‍ ശമ്പളം നടപ്പിലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക. എന്‍.എച്ച്.എം., പാലിയേറ്റീവ് കെയര്‍, എം.എല്‍.എസ്.പി., എച്ച്.ഡി.എസ്., ഇ.എം.ടി. ജീവനക്കാര്‍ക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

സമരത്തില്‍ എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. തൃശ്ശൂരില്‍ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനത്തോടെ സമരത്തിന്റെ അടുത്ത ഘട്ടങ്ങള്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്‌. മെഡിക്കൽ കോളേജ് ഐഎംസിഎച്ച് സൂപ്രണ്ട് ആണ് മനുഷ്യാവകാശ കമ്മീഷനെ ഈ കാര്യം അറിയിച്ചത്. പ്രസവ മുറിയിൽ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ തുടർന്നായിരുന്നു മോശം പെരുമാറ്റം.

ഒന്നാം വർഷ പി ജി ഡോക്ടർ ആണ് ഇവരോട് മോശമായി പെരുമാറിയത്. വിഷയത്തിൽ ഡോക്ടറോട് വിശദീകരണം ചോദിച്ചതായും ആശുപത്രി അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 2022ഓഗസ്റ്റ് 17നാണു മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. ഡോക്ടർ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം നൽകിയത്.

സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തിൽ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും.

രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏഴരയോടെയാണ് പ്രതിഷേധം തുടങ്ങിയത്. വീടിനുമുന്നിലേക്ക് ഇരച്ചെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ റീത്ത് വെക്കുകയായിരുന്നു. ഇതു തടയാൻ പൊലീസ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്.

മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയില്‍ തള്ളിക്കയറി റീത്തുവച്ച് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷം തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടര്‍ന്നു.

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ‘കാലന്റെ ആരോഗ്യ വകുപ്പായി’ മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തത്തി. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി.

സര്‍ക്കാര്‍ ബ്രാൻഡി ‘മിന്നൽ മാജിക്’; മലബാര്‍ മിസ്റ്ററി എന്ന പേരില്‍ മാറ്റം, അരലിറ്ററിന് 400 രൂപ

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്നാക്കി ബെവ്കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം നടത്തുന്നത്.

ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. 13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.

ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും നേരത്തെ ബെവ്കോ എംഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങിയത്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേസിൽ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു. പരസ്യം വിവാദമായതോടെ ബെവ്കോ ഇങ്ങനെയൊരു പരസ്യമേ നൽകിയിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

കോടതിയിലെ പ്രഹരത്തിന് പിന്നാലെ ഇന്ത്യയെ പരാമർശിച്ച് ട്രംപ്; ‘ഒരുമാറ്റവും ഉണ്ടാകില്ല’, ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്ന് മറുപടി

വാഷിങ്ടൺ: രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ഇന്ത്യയെ പ്രത്യേകം പരാമർശിച്ച് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. തന്റെ താരിഫ് ഭീഷണിയെത്തുടർന്ന് ചർച്ച ചെയ്ത മിക്ക വ്യാപാര കരാറുകളും പ്രാബല്യത്തിൽ തുടരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്നും ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. എല്ലാ ഡീലുകളും വ്യത്യസ്തമായ രീതിയിൽനടപ്പാക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. വിദേശ താൽപ്പര്യങ്ങൾ കോടതിയെ സ്വാധീനിച്ചുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇന്ത്യ-യുഎസ് വ്യാപാര കരാർ പുരോഗമിക്കുന്നു. ഇന്ത്യയുമായുള്ള തന്റെ ബന്ധം അതിശയകരമാണെന്നും വ്യാപാര കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യ പിന്മാറി. എന്റെ അഭ്യർത്ഥനപ്രകാരമായിരുന്നു പിന്മാറ്റം. പ്രതിമാസം 25,000 പേർ മരിക്കുന്ന ഭയാനകമായ യുദ്ധം പരിഹരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ താരിഫ് നൽകും. എന്നാല്‍, ഞങ്ങൾ താരിഫ് നൽകില്ല. മുമ്പ് ഇങ്ങനെയായിരുന്നില്ല. പ്രധാനമന്ത്രി മോദി ഒരു മികച്ച മാന്യനും മഹാനുമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അമേരിക്കയുടെ കാര്യത്തിൽ അദ്ദേഹം, എതിർത്തിരുന്ന ആളുകളേക്കാൾ വളരെ മിടുക്കനായിരുന്നു. അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. അതിനാൽ ഞങ്ങൾ ഇന്ത്യയുമായി ഒരു കരാർ ഉണ്ടാക്കി. ഇപ്പോൾ ഇത് ന്യായമായ ഇടപാടാണ്. ഞങ്ങൾ അവർക്ക് താരിഫ് നൽകുന്നില്ല. എന്നാല്‍, അവർ താരിഫ് നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് താരിഫ് ചുമത്തിയ ട്രംപിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകൾ പ്രധാനമാണെന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലപ്പുറത്ത് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയർത്തി, സെയിൽസ്മാൻ മുസ്തഫയുടെ മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം :ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നുപോയി. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു.

പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ആഴക്കൂടുതലും ക്രെയിന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസ്സവും റോപ്പ് ഘടിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിക്കാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ചതുപ്പില്‍ ആഴത്തിലുള്ള ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ അക്രമമെന്ന് പരാതി

കുന്നത്തൂർ:കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകൻ്റെ തല അടിച്ചു പൊട്ടിച്ച ആർഎസ്എസ് പ്രവർത്തകർ ഒളിവിൽ.ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പ്രിഥ്വിരാജ് പ്രസാദിന് (23) നേരെ കഴിഞ്ഞ 17 ന് ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആക്രമണം നടന്നത്.

കെട്ടുകാഴ്ച നടക്കുന്നതിടെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകർ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ കുമരംചിറ കളത്തട്ടിന് സമീപം വച്ച് രാത്രി 10.30 ഓടെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.

ദണ്ഡ്,ഇടിവള,വടിവാൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.പിന്നീട് ആക്രമണത്തിന് ഇരയായ പ്രിഥ്വിരാജിനെ വലിച്ചിഴച്ച് കെട്ടുകാഴ്ച നടന്ന വയലിൽ എത്തിച്ച് അതി ക്രൂരമായി വീണ്ടും ആക്രമിക്കുകയുണ്ടായി.അസഭ്യം പറഞ്ഞു കൊണ്ട് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയായിരുന്നു ആക്രമണം.ആക്രമണത്തിൽ സാരമായി പരിക്കേറ്റ പ്രിഥ്വിരാജ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇയ്യാളുടെ പിതാവിൻ്റെ സഹോദരൻ്റെ മകനെ മുൻപ് ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തമാണ് ആക്രമണമെന്നാണ്
പോലീസ് പറയുന്നത്.അക്രമി സംഘത്തെ കണ്ടുനിന്ന നാട്ടുകാർ കൈയ്യേറ്റം ചെ.്തതായും പറയപ്പെടുന്നു.സംഭവത്തിൽ ശൂരനാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ആർഎസ്എസ് പ്രവർത്തകരായ ആകാശ്,അച്ചു,നന്ദു,കിച്ചു,വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന കണ്ടാലറിയാവുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം ഒത്തുതീർപാക്കാൻ ബിജെപി നടത്തിയ ശ്രമം വിജയിച്ചില്ല.

പ്രശ്നം മാധ്യമങ്ങളിൽ നിന്നും ഒളിച്ചു വയ്ക്കാന്‍ പൊലീസും ശ്രമിച്ചതായി ആക്ഷേപമുണ്ട്.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുഖ്യ പ്രരുകളിൽ ഒന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റായ രാജി പ്രസാദിൻ്റേത്.