25.9 C
Kollam
Wednesday 26th August, 2026 | 10:36:22 AM
Home News Breaking News കോടതിയിലെ പ്രഹരത്തിന് പിന്നാലെ ഇന്ത്യയെ പരാമർശിച്ച് ട്രംപ്; ‘ഒരുമാറ്റവും ഉണ്ടാകില്ല’, ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്ന് മറുപടി

കോടതിയിലെ പ്രഹരത്തിന് പിന്നാലെ ഇന്ത്യയെ പരാമർശിച്ച് ട്രംപ്; ‘ഒരുമാറ്റവും ഉണ്ടാകില്ല’, ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്ന് മറുപടി

വാഷിങ്ടൺ: രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ഇന്ത്യയെ പ്രത്യേകം പരാമർശിച്ച് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. തന്റെ താരിഫ് ഭീഷണിയെത്തുടർന്ന് ചർച്ച ചെയ്ത മിക്ക വ്യാപാര കരാറുകളും പ്രാബല്യത്തിൽ തുടരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആരംഭിച്ചെന്നും ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. എല്ലാ ഡീലുകളും വ്യത്യസ്തമായ രീതിയിൽനടപ്പാക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. വിദേശ താൽപ്പര്യങ്ങൾ കോടതിയെ സ്വാധീനിച്ചുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇന്ത്യ-യുഎസ് വ്യാപാര കരാർ പുരോഗമിക്കുന്നു. ഇന്ത്യയുമായുള്ള തന്റെ ബന്ധം അതിശയകരമാണെന്നും വ്യാപാര കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യ പിന്മാറി. എന്റെ അഭ്യർത്ഥനപ്രകാരമായിരുന്നു പിന്മാറ്റം. പ്രതിമാസം 25,000 പേർ മരിക്കുന്ന ഭയാനകമായ യുദ്ധം പരിഹരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ താരിഫ് നൽകും. എന്നാല്‍, ഞങ്ങൾ താരിഫ് നൽകില്ല. മുമ്പ് ഇങ്ങനെയായിരുന്നില്ല. പ്രധാനമന്ത്രി മോദി ഒരു മികച്ച മാന്യനും മഹാനുമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അമേരിക്കയുടെ കാര്യത്തിൽ അദ്ദേഹം, എതിർത്തിരുന്ന ആളുകളേക്കാൾ വളരെ മിടുക്കനായിരുന്നു. അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. അതിനാൽ ഞങ്ങൾ ഇന്ത്യയുമായി ഒരു കരാർ ഉണ്ടാക്കി. ഇപ്പോൾ ഇത് ന്യായമായ ഇടപാടാണ്. ഞങ്ങൾ അവർക്ക് താരിഫ് നൽകുന്നില്ല. എന്നാല്‍, അവർ താരിഫ് നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് താരിഫ് ചുമത്തിയ ട്രംപിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകൾ പ്രധാനമാണെന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.