കുന്നത്തൂർ:കുന്നത്തൂർ കൃഷിഭവനിലെ ഷെൽഫിൽ താവളമുറപ്പിച്ച രക്ത അണലി ജീവനക്കാരെ വിറപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 10ഓടെയാണ് സംഭവം.ഈ സമയം കൃഷിഭവൻ്റെ മതിൽ നിർമ്മാണത്തിനെത്തിയ ഈസ്റ്റ് ഇന്ത്യാ ബിൽഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ സുരേഷ്,അനന്ദു എന്നിവർ ചേർന്ന് അണലിയെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പാമ്പ് പിടുത്തം വശമില്ലാത്ത ഈ യുവാക്കൾ മനോധൈര്യം കൈമുതലാക്കിയാണ് അണലിയെ പിടി കൂടിയതെന്ന് പറഞ്ഞു.പിന്നീടാണ് അണലി വർഗത്തിലെ ഏറ്റവും അപകടകാരിയായ രക്ത അണലിയാണ് ഇതെന്ന് മനസിലാക്കാൻ കഴിഞ്ഞത്.
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ശാസ്താംകോട്ട കാർഷിക ഗ്രാമവികസന ബാങ്കിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച ഐസിഎസ് മിലാദേ ഷെരീഫ് ഹയർസെക്കൻ്ററി സ്കൂളിൽ നടക്കും.രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് പോളിംഗ്.
രൂപീകൃതമായ കാലം മുതൽ കോൺഗ്രസ് ഭരണത്തിലുള്ള ബാങ്കിൽ ഇക്കുറി കോൺഗ്രസിലെ ഔദ്യോഗിക -വിമതപക്ഷ സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുവെന്ന പ്രത്യേകതയുമുണ്ട്.120000 ത്തോളം അംഗങ്ങൾ മെമ്പർമാരായിട്ടുള്ള ഈ ബാങ്കിൽ മൂവായിരത്തോളം പേർ വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൊതു തെരഞ്ഞെടുപ്പു പോലെ വീറും വാശിയുമേറിയ പോരാട്ടമാണ് താലൂക്കിലെ 7 പഞ്ചായത്തുകളിലും ഇരുകൂട്ടരും നടത്തിവരുന്നത്.
13 അംഗ ഭരണസമിതിയിൽ 40 വയസിൽ താഴെ പ്രായമുള്ള ജനറൽ വിഭാഗത്തിൽ നിന്നും അമീർ നൂറുദീൻ കുട്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇദ്ദേഹം ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥിയാണ്.നിലവിലെ ബാങ്ക് പ്രസിഡൻ്റ് അരവിന്ദാക്ഷൻപിള്ള നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിലാണ് ഡിസിസി പ്രസിഡൻ്റ് അംഗീകാരം നൽകിയിരിക്കുന്നത്.ആർ.പങ്കജാക്ഷൻപിള്ള,സി.കെ പൊടിയൻ,ബിജുരാജൻ, വി.വേണുഗോപാല കുറുപ്പ്, വൈ.ഷാജഹാൻ,എസ്.സുഭാഷ്,സോമൻ പിള്ള,നസീറ,ലിസി.ജി,പി.കെ രവി,കെ.സുകുമാരർ നായർ,നാസില എന്നിവരാണ് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്.ഇവരിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുകുമാരർ നായരാണ് പ്രസിഡൻ്റ് സ്ഥാനാർത്ഥി.ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ പോയവർ,തങ്ങളുടെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചും നേതൃത്വത്തെ വെല്ലുവിളിച്ചുമാണ് വിമതപക്ഷത്ത് മത്സരിക്കുന്നത്.ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാറിൻ്റെ നേതൃത്വത്തിലാണ് വിമതപക്ഷം മത്സരരംഗത്തുള്ളത്.അതിനിടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തി
ശാസ്താംകോട്ട:കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ശൂരനാട് വടക്ക് പഞ്ചായത്തിലെ കനാലുകളിൽ കൂടി വെള്ളം തുറന്നു വിടാത്ത നടപടിയിൽ പ്രതിഷേധിച്ച് കൊട്ടാരക്കര കെഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.ശൂരനാട് വടക്ക് പ്രസിഡന്റ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.ശൂരനാട് വടക്ക് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.കനാലുകൾ തുറന്നുവിട്ടാൽ ഒരു പരിധിവരെ ഇത് പരിഹരിക്കാൻ കഴിയും.
ഫെബ്രുവരി അവസാനിക്കാറായിട്ടും ഇതുവരെയും കനാലുകൾ തുറന്നു വിടാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.അടിയന്തിരമായി കനാലുകൾ തുറന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ശ്രീലക്ഷ്മി അറിയിച്ചു,തിങ്കളാഴ്ചയോടുകൂടി ശൂരനാട് വടക്ക് പ്രദേശങ്ങളിൽ കനാൽ ജലം എത്തിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.പഞ്ചായത്ത് അംഗങ്ങളായ സുബൈർ,ശ്രീകുമാർ,ഷീജ ഷാജി,ഗ്രീഷ്മ,ജെസ്സി എന്നിവർ നേതൃത്വം നൽകി.
ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരു:ഉത്സവം തിങ്കളാഴ്ച കൊടിയേറും.മാർച്ച് 4ന് ആറാട്ടോടെ സമാപിക്കും.ഞായർ രാവിലെ 8.15ന് വാനര ഊട്ട്,മീനൂട്ട്,വൈകിട്ട് 5.45ന് കൈകൊട്ടിക്കളി,6.40ന് നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ആദരവും നടക്കും.ദേവസ്വം ബോർഡ് അംഗം കെ.രാജു ഉദ്ഘാടനം നിർവഹിക്കും.ഉപദേശക സമിതി പ്രസിഡൻ്റ് കെ.പി അജിതകുമാർ അധ്യക്ഷത വഹിക്കും.
രാത്രി 8ന് ഭക്തിസംഗീത സദസ്.23 ന് വൈകിട്ട് 7.30നും 8നും മദ്ധ്യേ തൃക്കൊടിയേറ്റ്,രാത്രി 8.15 ന് നൃത്തസന്ധ്യ.24ന് രാത്രി 7ന് കരോക്കെ ഗാനമേള,8.30ന് ത്രിഭംഗി.25ന് വൈകിട്ട് 6ന് സോപാനസംഗീതം,6.40ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 8ന് സ്റ്റേജ് സിനിമ.26 ന് രാത്രി 7ന് സാംസ്കാരിക സദസ്,7.45ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8ന് ഡാൻസ്.
27ന് വൈകിട്ട് 5.30ന് പഞ്ചാരിമേളം,രാത്രി 8ന് നൃത്തനാടകം.28ന് രാവിലെ 11ന് സമൂഹസദ്യ,രാത്രി 7ന് നടക്കുന്ന ആറാം ഉത്സവത്തിൻ്റെ 50-ാം വാർഷിക ആഘോഷം പി.സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.രാത്രി 8ന് മാജിക് ഷോ,8.30 ന് നാട്ടുപൂരം,9.30 ന് നൃത്തമെഗാഷോ,മാർച്ച് ഒന്നിന് രാവിലെ 10ന് ആയില്യംപൂജ,രാത്രി 7ന് ഗാനമേള,രാത്രി 9ന് മേജർ സെറ്റ് കഥകളി,മാർച്ച് രണ്ടിന് രാവിലെ 9.30ന് ഓട്ടൻതുള്ളൽ,11.15 ന് സമൂഹസദ്യ,11.30 ന് ഉത്സവബലി ദർശനം, 6.35ന് ചാക്യാർകൂത്ത്,രാത്രി 8.30ന് ഗാനമേള.3ന് രാത്രി 7ന് ഗാനമേള.
സമാപന ദിവസമായ നാലിന് രാവിലെ 8 നും 9നും മദ്ധ്യേ തൃകൊടിയിറക്ക്,വൈകിട്ട് നാലിന് ശാസ്താംകോട്ട പൂരം, 6ന് ആറാട്ട് എഴുന്നള്ളത്ത്കായൽവിളക്ക്,രാത്രി 9ന് സംഗീതസദസ്, 10ന് തിരു:ആറാട്ട്,ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായും പൂർണമായും ഹരിതചട്ടം പാലിച്ചു മാത്രമേ ഉത്സവം നടത്തുകയുള്ളുവെന്നും ഉപദേശക സമിതി പ്രസിഡൻ്റ് കെ.പി അജിത്കുമാർ,സെക്രട്ടറി കേരള ശശികുമാർ,വൈസ് പ്രസിഡൻ്റ് എസ്.രാധാകൃഷ്ണ പിള്ള,ഡോ.ബിജു പി.ആർ, വി.ബി ഉണ്ണിത്താൻ എസ്.ഷിബി എന്നിവർ പറഞ്ഞു.
മൈനാഗപ്പള്ളി വേങ്ങ കുളങ്ങരത്തറയിൽ റഹിയ മൻസിൽ സുബൈർ കുട്ടി ( 68 ) നിര്യാതനായി (റഹിയ ബ്രിക്സ് വേങ്ങ, എസ് & എസ് വെജിറ്റബിൾസ് ഭരണിക്കാവ്, ഹോട്ടൽ സഫയർ ശാസ്താംകോട്ട ) കബറടക്കം നാളെ (ഞായർ ) രാവിലെ 9 ന് പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ
ഭാര്യ. സീനത്ത്
മക്കൾ. ഷീബ, ഷാനവാസ്, ഷീന. മരുമക്കൾ. പരേതനായ താഹ ,റാണി,അഡ്വ. മുഹമ്മദ് ബഷീർ
മലപ്പുറം: ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്നയെയാണ് (20) വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചിയാനൂര്‍ അരുവായില്‍ അസറിന്റെ ഭാര്യയാണ് അസ്ന. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. രണ്ടുദിവസം മുമ്പാണ് അസ്ന ചങ്ങരംകുളത്തുള്ള സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഭര്‍ത്താവ് അസര്‍ എടപ്പാളിലെ ഒരു ഇലക്ട്രിക്കല്‍ കടയിലെ ജീവനക്കാരനാണ്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് തന്നെ നടത്തും.
തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന്‍ പുറത്തുവിട്ടു. ആഗോള ആശുപത്രി ശൃംഖലയായ അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ തീറെഴുതിയെന്നും അവര്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു
പി വണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് എന്നുപറയുന്ന കമ്പനിക്ക് 2021 വരെ കേരളത്തില്‍ യതൊരു തരത്തിലുമുള്ള ബിസിനസും ഉണ്ടായിരുന്നില്ല. ബ്ലാക് സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ഉപകമ്പനിയാണ് ഇതെന്നും കേരളത്തിലെ പത്തോളം വരുന്ന പ്രൈവറ്റ് കമ്പനികളെ ഇവര്‍ വാങ്ങിക്കൂട്ടിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇത് വലിയൊരു ആശുപത്രി ശൃംഖലയാണ്. പാവപ്പെട്ടവരുടെ ജീവിതം വിറ്റുകൊണ്ടാണ് കേരളത്തില്‍ പടര്‍ന്നുപന്തലിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രിയും കൂട്ടരും ആ കകമ്പനിക്ക് ഒരുക്കിയതെന്നും ശോഭ പറഞ്ഞു.
2021ല്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷം പതിമൂന്ന് ലക്ഷത്തോളം അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ അത് ഏഴരലക്ഷമായി കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം തേടി പ്രതിവര്‍ഷം 1.10 ലക്ഷം മേജര്‍ സര്‍ജറികള്‍ നടന്നുവെങ്കില്‍ അത് 89000 ആയി കുറഞ്ഞു. അത് ഇതിന്റെ ഭാഗമാണെന്നും ശോഭ ആരോപിച്ചു. മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ ഒരാള്‍ പോലും ചികിത്സ തേടി കേരളത്തിന്റെ ആരോഗ്യമേഖലയെ സമീപിക്കുന്നില്ല. ഒന്നുകില്‍ കേരളത്തിന് പുറത്ത്, അല്ലെങ്കില്‍ ഇന്ത്യക്ക് പുറത്ത് എന്നുള്ള രീതിയിലാണ് മുന്നോട്ടുപോകുന്നത്. നാലുകോടി രൂപ പാര്‍ട്ടി ഫണ്ട് വാങ്ങിയാണ് അമേരിക്കന്‍ സാമ്രജ്യത്വ കമ്പനിയെ കൊണ്ടുവന്നത്. അവര്‍ കേരളത്തില്‍ തിരുവന്തപുരം. കൊല്ലം. കോട്ടയം. എറണാകുളം, മലപ്പുറം, പാലക്കാട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന സ്വകാര്യ ആശുപത്രിയെ വാങ്ങിക്കൂട്ടിയെന്നും ശോഭ പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 മുതല്‍ 2023വരെ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 5556 കോടി രൂപ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതില്‍ ആലപ്പുഴ ജില്ലക്ക് മാത്രമായി 230 കോടിയില്‍ അധികം നല്‍കിയിട്ടുണ്ട്. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍, മനുഷ്യവിഭവമൊരുക്കല്‍ എന്നിവയ്ക്കാണ് ഇത്രയും തുക നല്‍കിയത്.
ജീവന്‍രക്ഷകരാവുന്നതിനു പകരം ചില ഡോക്ടര്‍മാര്‍ ആരാച്ചാര്‍ പോലെ പ്രവര്‍ത്തിക്കുകയാണ്. പൊതുസമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യതപ്പെട്ട വ്യക്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സമരത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അവരെ കാണാന്‍ സമയമില്ലെന്നാണ്. അവരുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ സമയം കൊടുക്കാത്തത് മൂലം നഷ്ടം പാവപ്പെട്ട രോഗികള്‍ക്കാണ്. മേജര്‍ ശസ്ത്രക്രിയ, ഒപി എന്നിവ മുടങ്ങിയിരിക്കുകയാണെന്നും ശോഭ പറഞ്ഞു.
കോട്ടയം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ തന്ത്രി രാജീവര് കണ്ഠരരുടെ വിഷയത്തില്‍ പഴയ നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ പുതിയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. കേസ് തുടരുകയാണല്ലെയെന്നും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടത്തുന്നതും നടപടി സ്വീകരിക്കുന്നതും സര്‍ക്കാരാണ്. അതിന് മുകളില്‍ കോടതിയുണ്ട്. കേസ് തീര്‍ന്നിട്ടില്ല. പിന്നെ എന്തിനാണ് ധൃതി പിടിച്ച് അഭിപ്രായം പറയേണ്ടത്. ആരാണ് കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടുപിടിക്കട്ടെ. അതിന് മുന്‍പേ താന്‍ കയറി അഭിപ്രായം പറയേണ്ടതില്ല’- സുകുമാരന്‍ നായര്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ഈ വിഷയത്തില്‍ തന്ത്രിക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുകുമാരന്‍ നായരുടെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണികപോലുമില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ 41 ദിവസം ജയിലില്‍ കിടത്തിയതെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് രാജീവ് കണ്ഠരരും അഭിപ്രായപ്പെട്ടിരുന്നു. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു. അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ പറഞ്ഞിരുന്നു.
മുംബൈ: പാവയ്ക്ക വിഭവമുണ്ടാക്കിയതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലാണ് സുമിത്ര പെത്കുലെ എന്ന 65കാരിയെ മകന്‍ ജഗദീഷ് പെത്കുലെ (37) മര്‍ദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജഗദീഷിന്റെ അമിതമദ്യപാന ശീലം മൂലം രണ്ട് മാസം മുമ്പ് ഭാര്യ വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് ഇഷ്ടമല്ലാത്ത പാവയ്ക്ക എന്തിനാണ് പാചകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. തുടര്‍ന്ന് ജഗദീഷ് അമ്മയെ ക്രൂരമായി മര്‍ദിച്ചു. മകന്റെ മര്‍ദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്നാണ് അവര്‍ കരുതിയത്. അതിനാല്‍ ആദ്യം അവഗണിക്കുകയായിരുന്നു. സംശയം തോന്നിയ ചിലരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദ്, എൻഡിഎ വൈസ് ചെയർമാൻ എ എൻ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ബിജെപിയിലേക്ക് കടന്നുവന്നതിൽ സന്തോഷമെന്നും കോൺഗ്രസ് നൽകിയ സ്നേഹവും വാത്സല്യവും നന്ദിയോടെ സ്മരിക്കുന്നുവെന്നും രശ്മി പറഞ്ഞു. 2021ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.