27.1 C
Kollam
Sunday 23rd August, 2026 | 09:53:58 PM
Home News Kerala നവവധുവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

നവവധുവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്നയെയാണ് (20) വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചിയാനൂര്‍ അരുവായില്‍ അസറിന്റെ ഭാര്യയാണ് അസ്ന. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.
രണ്ടുദിവസം മുമ്പാണ് അസ്ന ചങ്ങരംകുളത്തുള്ള സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഭര്‍ത്താവ് അസര്‍ എടപ്പാളിലെ ഒരു ഇലക്ട്രിക്കല്‍ കടയിലെ ജീവനക്കാരനാണ്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് തന്നെ നടത്തും.