Home Blog Page 1026

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 5 വര്‍ഷം മുന്‍പാണ് ശസ്ത്രക്രിയ നടന്നത്.

സംഭവത്തില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്‌സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചെന്ന് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സംഭവത്തില്‍ നഴ്‌സിന്റെ വീഴ്ചയ്‌ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയില്‍ ജീവനക്കാര്‍ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്‌ലോര്‍ നഴ്‌സ് ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്‌സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സര്‍ജറിയുടെ ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തെ വേദനയ്‌ക്കൊടുവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ഉഷാ ജോസഫിന്റെ വയറ്റില്‍നിന്നും കത്രിക പുറത്തെടുത്തത്.

കരുനാഗപ്പള്ളിയില്‍ ഇലക്ട്രിക്കല്‍ ഗോഡൗണ്‍ കത്തി വന്‍നാശം

കരുനാഗപ്പള്ളി. പുള്ളിമാൻ ജംഗ്ഷന് സമീപം കഴിഞ്ഞദിവസം രാത്രി 12 കാലോട് കൂടിയാണ് സംഭവം ഉണ്ടായത് ബ്രൈറ്റ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ ആണ് കത്തി നശിച്ചത് അയ്യായിരത്തിലധികം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വിപുലമായ ഗോഡൗൺ ഏതാണ്ട് പൂർണമായും കത്തി നശിച്ചിരിക്കുകയാണ്.

വിലകൂടിയ ആഡംബര ലൈറ്റുകൾ ഫാനുകൾ തുടങ്ങിയവയുടെ വലിയ ശേഖരം പൂർണമായും കത്തി നശിച്ചു. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കായംകുളത്തു നിന്നും ഉള്ള എട്ട് യൂണിറ്റോളം ഫയർ എൻജിനുകൾ സ്ഥലത്ത് എത്തി ആണ് തീനിയന്ത്രണ വിധേയമാക്കിയത്.

എട്ടു കോടിയിൽ അധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറയുന്നു.കരുനാഗപള്ളി ഇടക്കുളങ്ങര സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇലക്ട്രിക്കൽ സ്ഥാപനം.

കൊല്ലത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വനിതാ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനും തട്ടിയത് 25 ലക്ഷം

ചവറ: ബില്ലുകളില്‍ ക്രമക്കേട് നടത്തി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ സൂപ്പർ മാർക്കറ്റ്‌ ജീവനക്കാർക്ക് എതിരെ കേസ്. കൊല്ലം ചവറയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ജീവനക്കാര്‍ ലക്ഷങ്ങള്‍ വെട്ടിച്ചത്. ബില്ലിങ് സ്റ്റാഫായ വനിതാ ജീവനക്കാരിക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചവറ സ്വദേശിനി ആതിര, സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരും ബില്ലുകളില്‍ ക്രമക്കേട് നടത്തി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് വെട്ടിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയാണ് തട്ടിപ്പ് നടന്നത്. സംശയം തോന്നിയ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത് പിന്നാലെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയാണ് ആതിര.
ബില്ലുകളില്‍ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ശരാശരി ഒരു ദിവസം 2500രൂപ വരെ ബില്ലിങ് സ്റ്റാഫ് വെട്ടിച്ചുവെന്നാണ് കരുതുന്നത്. ബില്‍ ആവശ്യപ്പെടാത്ത കസ്റ്റമേഴ്‌സിന് ഇവര്‍ ബില്ല് നല്‍കില്ല. ജീവനക്കാരിയുടെ ഇടപെടലില്‍ സംശയം തോന്നിയ ഉടമ സിസിടിവിയും ഒപ്പം സാധനങ്ങളുടെ സ്റ്റോക്കും പരിശോധിച്ചതോടെയാണ് വെട്ടിപ്പ് പുറത്തായത്.

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നിലീന്‍ സാന്ദ്ര വിവാഹിതയാകുന്നു

കരിക്കിന്റെ വെബ് സീരീസിലൂടെയാണ് ശ്രദ്ധ നേടിയ നടി നിലീന്‍ സാന്ദ്ര വിവാഹിതയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിലീന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. യുവ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ് ആണ് വരന്‍. ദൈവം തനിക്കായി അയച്ചു തന്ന അനുഗ്രഹമെന്നാണ് തന്റെ പ്രതിശ്രുത വരനെക്കുറിച്ച് നിലീന്‍ സാന്ദ്ര പറയുന്നത്.
തങ്ങളുടെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. തന്റെ ആത്മസുഹൃത്തിനെയാണ് വിവാഹം കഴിക്കുന്നതെന്നാണ് നിലീന്‍ പറയുന്നത്. സിനിമയിലും നീലിൻ അഭിനയിച്ചിട്ടുണ്ട്. ആവാസവ്യൂഹം, 2018 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ എഴുത്തിലും കയ്യടി നേടിയിട്ടുണ്ട്. റോക്ക് പേപ്പര്‍ സിസേഴ്‌സ്, സാമര്‍ഥ്യശാസ്ത്രം എന്നീ സീരിസുകള്‍ നിലീന്‍ എഴുതിയിട്ടുണ്ട്. ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിന്‍ ഗിരീഷ്.

ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനാകാൻ സിനദിന്‍ സിദാൻ

ലോക ഫുട്ബോൾ ഇതിഹാസ താരം സിനദിന്‍ സിദാൻ ഫ്രാന്‍സ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനായി സ്ഥാനമേല്‍ക്കുന്നു. ഈ വര്‍ഷം അരങ്ങേറുന്ന ലോകകപ്പിനു ശേഷം മുന്‍ നായകന്‍ കൂടിയായ ദിദിയര്‍ ദെഷാംപ്‌സ് കോച്ചിന്റെ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സിദാന്‍ ഫ്രഞ്ച് ഡഗൗട്ടിലെത്തും. പരിശീകനാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും സിദാനും തമ്മില്‍ വാക്കാല്‍ കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1998ല്‍ ദെഷാംപ്‌സ് നായകനായി ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു സിദാന്‍. 1998ലെ ബാല്ലണ്‍ ഡി ഓര്‍ ജേതാവ് കൂടിയാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ സിദാന്‍. റയലിന്റെ പരിശീലകനായി വെട്ടിത്തിളങ്ങി പടിയിറങ്ങിയ സിദാന്‍ പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. റയലിനൊപ്പം ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ റെക്കോര്‍ഡും സ്ഥാപിച്ചാണ് ഇതിഹാസം നീണ്ട ഇടവേളയിലേക്ക് കടന്നത്.

2021ലാണ് റയലിന്റെ ഡഗൗട്ടില്‍ നിന്നു സിദാന്‍ മടങ്ങിയത്. ഈ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ എണ്ണം പറഞ്ഞ ഫുട്ബോൾ ക്ലബുകളും പല ദേശീയ ടീമുകളും സിദാനെ പരിശീകനായി എത്തിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും തിരിച്ചു വരവെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു.

തമിഴ് ചലച്ചിത്ര നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണൻ  കൊല്ലപ്പെട്ടു…ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച നിലയിൽ മൃതദേഹം

കൊടൈക്കനാൽ: തമിഴ് ചലച്ചിത്ര നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണൻ (60) കൊല്ലപ്പെട്ടു. കൊടൈക്കനാലിലെ സ്വകാര്യ ബംഗ്ലാവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.


ബംഗ്ലാവിൽ അതിക്രമിച്ചു കയറിയവർ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. വിനോദസഞ്ചാരികൾക്കായി വാടകയ്ക്ക് നൽകുന്ന ബംഗ്ലാവിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് യുവാക്കൾ ഇവിടെ താമസിച്ചിരുന്നു.


സൂര്യനാരായണനെ കാണാതായ സമയത്ത് ഇവർ ബംഗ്ലാവിൽ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.


അതേ സമയം കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2018ൽ വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ സൂര്യനാരായണൻ പ്രതിയായിരുന്നു.


ഡിണ്ടിഗൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബംഗ്ലാവിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ആലിനെ അനുസ്മരിച്ചത്.


നാലുപേർ‌ക്ക് പുതുജീവനേകിയാണ് ആലിൻ മടങ്ങിയത്. മസ്തിഷ്കമരണം സംഭവിച്ചതിനുപിന്നാലെ ആലിന്റെ ഹൃദയവാൽവ്, കരൾ, വൃക്കകൾ, നേത്രപടലം എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഹൃദയവാൽവും കരളും വൃക്കകളും അന്നുതന്നെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തെത്തിച്ചു. ഗ്രീൻ കോറിഡോർ ഒരുക്കി 3.15 മണിക്കൂർ കൊണ്ടാണ് അവയവങ്ങളെത്തിച്ചത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടിക്കാണ് കരൾ നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

വയറിളക്കവും ഛർദ്ദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛർദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.

കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം.

ലസ്നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകള്‍ മിൻസയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവർക്ക് ഡ്രിപ്പ് നല്‍കി. മറ്റുള്ളവർക്ക് ചികിത്സയും നല്‍കി. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്ന കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണംതന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. കടവന്ത്രയിലെ അനാശാസ്യ കേന്ദ്രത്തിലെത്തിയ കോട്ടയം സ്വദേശിക്കെതിരെ അനാശാസ്യ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമെടുത്ത കേസുകള്‍ റദ്ദാക്കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റേതാണ് ഉത്തരവ്.

യുവതികളെ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ചതും അനാശാസ്യത്തിനു പ്രേരിപ്പിച്ചതും ഹര്‍ജിക്കാരനല്ലെന്നു കോടതി വിലയിരുത്തി. അനാശാസ്യ കേന്ദ്രത്തില്‍ നിന്നു 50 മീറ്റര്‍ അകലെ കുരിശുപള്ളി ഉള്ളതിനാല്‍ പൊതുസ്ഥലത്തിനു സമീപമെന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ ഇവിടെ ആരാധനാ കര്‍മങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതു ആരാധനാലയമായി കണക്കാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.

എറണാകുളം ഗാന്ധി നഗറിലെ വാടക വീട്ടില്‍ കഴിഞ്ഞ വര്‍ഷം കടവന്ത്ര പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ റാക്കറ്റ് പിടിയിലായത്.

ശാസ്താംനട ജംഗ്ഷനിൽ മുറിച്ചു മാറ്റിയ കൂറ്റൻ മരം പാതയോരത്ത് ഉപേക്ഷിച്ചത് ഭീഷണിയാകുന്നു

പോരുവഴി:വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയ പാതയിൽ ശാസ്താംനട ജംഗ്ഷനിൽ മുറിച്ചു മാറ്റിയ കൂറ്റൻ മരം പാതയോരത്ത് ഉപേക്ഷിച്ചത് അപകട ഭീഷണിയാകുന്നു.ഒരു മാസത്തിൽ അധികമായി മരം മുറിച്ചു മാറ്റിയിട്ട്.ഇതിൻ്റെ കൂറ്റൻ വണ്ണമുള്ള തായ തടികളാണ് തിരക്കേറിയ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനു മുൻപിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത്.

സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഇവിടെയാണ് ബസ് കയറാൻ നിൽക്കുന്നത്.ബസ്സുകൾ എത്തുമ്പോൾ കയറാനായി ഓടിയെത്തുന്നവർ തടിയിൽ തട്ടി വീഴുന്നത് പതിവാണ്.മാത്രമല്ല തിരക്കേറിയ പാതയിൽ രാത്രികാലങ്ങളിൽ വാഹനാപകടങ്ങളും പതിവാണ്.തടിയിൽ റിഫ്ളക്ടർ പോലും സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.അടിയന്തിരമായി മുറിച്ചിട്ടിരിക്കുന്ന മരം ഇവിടെ നിന്നും മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.