കൊച്ചി: നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സുഹൈലിന്റെ രക്ത, മൂത്ര സാമ്പിളുകളുടെ പരിശോധനാഫലം ഇന്നും ലഭിച്ചേക്കും. മറ്റ് രാസലഹരികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധനയിലൂടെ വ്യക്തമാകും.
അതേസമയം, മുഖ്യപ്രതിയുടെ പേരും ഇയാൾ മദ്യലഹരിയിലായിരുന്നെന്ന വിവരവും പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. മരിച്ചവരുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് റൂറൽ എസ്പി എസ്. സുദർശൻ പറഞ്ഞു.
പ്രതി ആരാണെന്നോ ഇയാൾ മദ്യപിച്ചിരുന്നെന്നോ സുഹൃത്തിന് അറിയില്ലായിരുന്നുവെന്നും അതിനാൽ മൊഴിയിൽ ഇക്കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് വിശദീകരണം. പിന്നീട് നടത്തിയ വൈദ്യപരിശോധനയുടെ റിപ്പോർട്ട് ലഭിച്ചപ്പോഴാണ് പ്രതി മദ്യപിച്ചിരുന്നതായി വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ റിമാൻഡ് റിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്തിയെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരമുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയെന്നും എസ്പി വ്യക്തമാക്കി.
കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് മജിസ്ട്രേട്ടാണെന്നും പൊലീസ് വിശദീകരിച്ചു.
ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ അമിതവേഗത്തിൽ സുഹൈൽ സജീവ് ഓടിച്ച മിനികൂപ്പർ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തിൽ വയനാട് കൽപ്പറ്റ മടക്കിമല സ്വദേശിനി ദേവിക (21), പാലക്കാട് കരിമ്പ സ്വദേശിനി ഗോപിക (21), കർണാടക സുള്ള്യ സ്വദേശിനി ഇയാസ് (21) എന്നിവർ മരിച്ചു.
അപകടവുമായി ബന്ധപ്പെട്ട് ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ജോയൽ (19), അമീൻ (19) എന്നിവർ റിമാൻഡിലാണ്.


























