Home Blog Page 1005

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

ദുബൈ. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. പിന്നാലെ ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാന്‍ മിസൈല്‍ നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ ഭീതിയുടെ പശ്ചാത്തലത്തില്‍ ദോഹയിലെ തന്ത്ര പ്രധാനമേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഖത്തര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ബഹ്റൈനിലും സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പലിന്റെ ബഹ്റൈനിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ പ്രതിരോധിച്ചതായും, ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഇസ്രയേല്‍ – യുഎസ് സംയുക്ത ആക്രമണത്തില്‍ ഒരു സ്ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അമേരിക്കയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതേസമയം, ഖമേനിയെ ടെഹ്‌റാനില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്

‌ഇറാന്റെ ഭീഷണി ഒഴിവാക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍‍ അദ്ദേഹം തയ്യാറായില്ല. ടെഹ്റാനില്‍ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ സ്‌ഫോടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. ഇസ്രായേലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളെ സജ്ജരാക്കാന്‍ മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെ ടെഹ്റാനില്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടന്നു. ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ അവരുടെ വ്യോമപാത അടച്ചു. ടെഹ്റാനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ മുഴങ്ങുന്നതിനിടെയാണ് പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം:മലങ്കര സഭ  ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച നല്ലതെന്നും സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്.

സഭാതര്‍ക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്. വട്ടശേരില്‍ തിരുമേനിയുടെ കാലം മുതല്‍ മലങ്കര സഭയുടെയും നിലപാട് ഇതു തന്നെയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും ആര്‍എസ്എസും നല്‍കിയിട്ടുള്ളത്. ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല. മലങ്കര സഭയുടെ അസ്തിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല. നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയ കുസ്തന്തീനോസ് ചക്രവര്‍ത്തിയും സഭകളുടെ യോജിപ്പാണ് ചര്‍ച്ച ചെയ്തത്. സഭാ സമാധനത്തിന് മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാല്‍ മാത്രം മതിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യാക്കോബായ സഭ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയനെ നേരില്‍ കാണാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും മോദി എക്‌സില്‍ കുറിച്ചു. സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

മന്ത്രി വീണ ജോർജ്ജിനെതിരെ കോടതിയില്‍ പരാതി

കണ്ണൂര്‍.മന്ത്രി വീണ ജോർജ്ജിനെതിരെ പരാതി. കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവം. കെ എസ് യു പ്രവർത്തകർക്കെതിരെ മന്ത്രി വ്യാജ പരാതി നൽകിയെന്ന് കോടതിയിൽ പരാതി. കോൺഗ്രസ്സ് നേതാവ് ടി ഒ മോഹനനാണ് പരാതി നൽകിയത്

മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചു. മന്ത്രിക്കും ഗൺമാനുമെതിരെ നടപടി സ്വീകരിക്കണം എന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.മന്ത്രി വീണ ജോർജിന് എതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നടന്നത് അനിവാര്യമായ സമരം.മന്ത്രിമാർക്ക് സമരത്തോട് പുച്ഛമാണ് എന്ന് ഷാഫി ആക്ഷേപിച്ചു.

സമരത്തിന് എതിരെ പറയുന്ന മന്ത്രിമാരും നേതാക്കളും അവരുടെ ചരിത്രം ഓർക്കണം. ആരോഗ്യമന്ത്രിക്ക് സ്ഥാനം ലഭിച്ചത് ലാറ്ററൽ എൻട്രിയിൽ. മറ്റ് മന്ത്രിമാർക്ക് അങ്ങനെയല്ല, പിന്നെ എന്താണ് സമരത്തോട് അലർജി

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്. തുടരന്വേഷണത്തിലും തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വിവാദ പ്രസംഗം ഫേസ്‌ബുക്കിൽ ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ട് നശിപ്പിക്കപ്പെട്ടതായും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ശാസ്‌ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ക്രൈംബ്രാ‌ഞ്ച് ശുപാർശ നൽകി. അതേസമയം, തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കിയിരിക്കുകയാണ്. അന്വേഷണപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.

രാജി ഉൾപ്പെടെയുള്ള സംഭവങ്ങളിലേക്ക് നയിച്ച സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത് സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു. ബ്രിട്ടീഷുകാർ തയ്യാറാക്കിയ ഭരണഘടന സാധാരണക്കാരെ കൊള്ളയടിക്കാൻ സഹായിക്കുന്നതാണെന്നായിരുന്നു വിവാദപരാമർശം. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

വിവാദപ്രസംഗത്തിൽ നേരത്തെ ലോക്കൽ പൊലീസ് നൽകിയ ക്ളീൻ ചിറ്റ് ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിൽ വീഴ്‌ചയുണ്ടായെന്നായിരുന്നു കോടതി നിരീക്ഷണം. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തണമെന്ന് കർശന നിർദേശവും നൽകി. പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

കാശുണ്ടോ ഇഷ്ടമുള്ളിടത്തുനിന്ന് കയറാം,ഇറങ്ങാം പുതിയ പരിഷ്കാരവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളില്‍ സേവനം ഉപയോഗിക്കാം.

തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. ചലോ ആപ്പില്‍ നോക്കിയാല്‍ ബസ് വരുന്നത് അറിയാനാകും. നിശ്ചിത സ്ഥലത്ത് ഏതുസമയത്ത് എത്തുമെന്ന് അറിയാനാകും. അതിന് അനുസരിച്ച് സ്ഥലത്ത് എത്തണം. യാത്രക്കാരെ കാത്തുനില്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുതന്നെ ആദ്യമാണ് പൊതുഗതാഗതമേഖലയില്‍ ഇത്തരം സംവിധാനം.

അക്ഷയ സംരംഭകരാകാൻ അവസരം

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കൊല്ലം ജില്ലയിലെ 70 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 53 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ  12 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക്  5 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

അടിസ്ഥാന യോഗ്യത:  പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും  വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.

 
ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/

 
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്.  മറ്റു വിവരങ്ങൾക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0474-2767605 എന്ന നമ്പറിലോ,  adpoklm.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പൊങ്കാലയ്ക്ക് സൗകര്യമൊരുക്കണം,വിശ്രമിക്കാനായി മസ്ജിദും വീടുകളും അവരുടെ മുന്നില്‍ തുറക്കപ്പെടണം,പാളയം ഇമാം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി.  നോമ്പ് കാലമാണെങ്കിലും തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണമെന്നും വിശ്രമിക്കാനനായി മസ്ജിദും വീടുകളും അവരുടെ മുന്നില്‍ തുറക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.  ജുമാ നമസ്കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്.

”എനിക്ക് ഇന്ന് എൻ്റെ പ്രിയ സഹോദരീ സഹോദരൻമാരോട് പ്രത്യേകമായ ഒരു കാര്യം പറയാനുണ്ട്. അടുത്ത ദിവസം ആറ്റുകാൽ പൊങ്കാലയാണ്. ലക്ഷക്കണക്കിനു ഹൈന്ദവ സഹോദരിമാരും നിരവധി കുട്ടികളും ഈ തലസ്ഥാന നഗരത്തിലേക്ക് എത്തും. നമ്മൾ റമദാൻ നോമ്പിലാണ് എന്നതു ശരി തന്നെ. പക്ഷേ, പൊങ്കാലയിടാൻ വരുന്ന സഹോദരിമാർക്കും കുട്ടികൾക്കും, പ്രത്യേകിച്ചും ഈ കൊടുംചൂടുകാലത്ത്, വെള്ളവും ഭക്ഷണവും നൽകാൻ അതൊരു തടസ്സമായിക്കൂടാ” ഇമാം പറഞ്ഞു.

വർഷങ്ങളായി നമ്മൾ ചെയ്യുന്ന കാര്യമാണിത്. കഴിഞ്ഞ തവണയും റമദാൻ നോമ്പും ആറ്റുകാൽ പൊങ്കാലയും ഒന്നിച്ചാണു വന്നത്. അന്നും നമ്മൾ സാഹോദര്യത്തിൻ്റെ പതിവു രീതികളിൽ ഒരു മാറ്റവും വരുത്തിയില്ല.അത് കൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്കായി നമ്മുടെ പള്ളികളും വീടുകളും തുറന്നിടണം എന്നും അദ്ദേഹം വ്യക്തമാക്കി.

പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍കമ്പനി ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍കമ്പനി ജീവനക്കാരന്‍ മരിച്ചു. ആളൂര്‍ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠന്‍ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഹരിയാന സ്വദേശിയായ ട്രെയിലര്‍ ഡ്രൈവറുടെ പേരില്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.

തൃശ്ശൂര്‍ ഭാഗത്തേക്കുള്ള നാലാമത്തെ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെയായിരുന്നു അപകടം. ഫാസ്ടാഗില്‍ പണമില്ലാതെ ബൂത്തില്‍ കയറിയ ടോറസ് ലോറി ട്രാക്കില്‍നിന്ന് മാറ്റുന്നതിന് പിന്നിലുണ്ടായിരുന്ന ട്രെയിലര്‍ പിറകിലേക്ക് എടുത്തപ്പോഴാണ് മണികണ്ഠനെ ഇടിച്ചത്.

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയില്‍ എത്തും. ഉച്ചയ്ക്ക് 2.10- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും.

തുടര്‍ന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. രാത്രി കൊച്ചിയില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച 11-ന് തൃശ്ശൂരില്‍ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങിപ്പോകും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മുതല്‍ 7 വരെയും ഞായറാഴ്ച രാവിലെ 8 മുതല്‍ 11 വരെയുമാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാത്തുരുത്തി ജങ്ഷന്‍ മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെയുള്ള വില്ലിങ്ടണ്‍ ഐലന്‍ഡ്, നേവല്‍ ബേസ്, തേവര,എം.ജി. റോഡ്, ബാനര്‍ജി റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് ഭാഗങ്ങളിലാണ് ഗതാഗതനിയന്ത്രണവും ഡ്രോണ്‍ നിയന്ത്രണവും.

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി ബി.ഒ.ടി. പാലം, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം, കുണ്ടന്നൂര്‍ ജങ്ഷന്‍, വൈറ്റില, കടവന്ത്ര, കെ.കെ. റോഡ്, ഹൈക്കോടതി ജങ്ഷന്‍, ബോള്‍ഗാട്ടി ജങ്ഷന്‍ വഴി കണ്ടെയ്‌നര്‍ ഭാഗത്തേക്ക് പോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം. വൈപ്പിന്‍ ഭാഗത്തുനിന്ന് ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജങ്ഷനില്‍നിന്ന് കലൂര്‍, കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍ വഴിപോകണം. അല്ലെങ്കില്‍ ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ജങ്കാര്‍ ഉപയോഗിക്കണം.

തേവര ഫെറി ഭാഗത്തുനിന്ന് കലൂര്‍-ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറുവാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കെ.കെ. റോഡ്, കലൂര്‍ ജങ്ഷന്‍ വഴി പോകണം. വൈറ്റില ഭാഗത്തുനിന്നും ഇടപ്പള്ളി ഭാഗത്തുനിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് വി.വി.ഐ.പി. യാത്ര നടക്കുന്ന സമയത്ത് ഹൈക്കോര്‍ട്ട് ജങ്ഷന്‍ വരെ മാത്രമേ പോകാന്‍ സാധിക്കൂ. എം.ജി. റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും.