ബംഗളൂരു: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് കബാബ് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. കടയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് തിളച്ച എണ്ണ തെറിച്ചുവീണാണ് പൊള്ളലേറ്റത്. ബന്നാർഘട്ടയ്ക്ക് സമീപം ഒക്ടോബർ 28നായിരുന്നു അപകടം.
ബസവരാജ്, മുനികൃഷ്ണ, മഞ്ജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി ബൈക്കുകളിൽ ഇടിച്ച കാർ പിന്നീട് കബാബ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയിലെ ചൂടുള്ള എണ്ണ തെറിച്ച് സമീപത്തുണ്ടായിരുന്നവരുടെ ദേഹത്ത് വീണു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ കടയിലേക്ക് ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ബന്നാർഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




























