27.9 C
Kollam
Thursday 8th October, 2026 | 07:42:16 PM
Home News National വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്ന് ആരോപണം; ബിഗ് ബോസ് താരത്തിനെതിരെ ഇൻഫ്ലുവൻസർ

വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്ന് ആരോപണം; ബിഗ് ബോസ് താരത്തിനെതിരെ ഇൻഫ്ലുവൻസർ

ചെന്നൈ: തമിഴ് ബിഗ് ബോസ് താരം മുത്തുകുമരൻ ജഗദീശനെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹിദ അക്ദർ. വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്നും വിശ്വാസവും സ്നേഹവും മുതലെടുത്തെന്നുമാണ് വാഹിദയുടെ ആരോപണം. ആരോപണങ്ങൾക്ക് പിന്നാലെ വാഹിദ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയിച്ച് വാഹിദ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. ആത്മഹത്യാശ്രമത്തിന് പിന്നിലും മുത്തുകുമരനാണെന്ന് ആരോപിച്ച് നേരത്തെ വീഡിയോയും പങ്കുവച്ചിരുന്നു. മുത്തുകുമരനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ആരോപണങ്ങൾ.

പ്രണയത്തകർച്ചയിലൂടെ കടന്നുപോകുന്നതിനിടെയാണ് മുത്തുകുമരനെ പരിചയപ്പെട്ടതെന്നും പിന്നീട് അദ്ദേഹത്തിന്റെ സ്നേഹത്തിൽ വീണുപോയെന്നും വാഹിദ പറയുന്നു. താൻ ഒരു കുട്ടിയുടെ അമ്മയാണെന്ന കാര്യം അറിഞ്ഞിട്ടും വിവാഹം കഴിക്കാമെന്ന് മുത്തുകുമരൻ ഉറപ്പുനൽകിയെന്നും ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും ആരോപിച്ചു. എന്നാൽ പിന്നീട് വിവാഹത്തിന് താൽപര്യമില്ലെന്ന് മുത്തുകുമരൻ പറഞ്ഞതായും വാഹിദ ആരോപിക്കുന്നു.

തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട റീലുകളും വീഡിയോകളും പിന്നീട് വാഹിദ നീക്കം ചെയ്തു. അതേസമയം, ആരോപണങ്ങളിൽ മുത്തുകുമരന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here