27.8 C
Kollam
Sunday 4th October, 2026 | 08:24:37 PM
Home News National ‘ദൃശ്യം’ കണ്ടു; 2,000 കിലോമീറ്റർ യാത്ര ചെയ്ത് പിതാവിനെ കൊലപ്പെടുത്തി

‘ദൃശ്യം’ കണ്ടു; 2,000 കിലോമീറ്റർ യാത്ര ചെയ്ത് പിതാവിനെ കൊലപ്പെടുത്തി

പട്ന: തിയേറ്ററിൽ ‘ദൃശ്യം 3’ കണ്ടതിന് പിന്നാലെ 2,000 കിലോമീറ്ററോളം യാത്ര ചെയ്ത് പിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ സമസ്തിപുരിൽ ഉറങ്ങിക്കിടന്ന പിതാവ് രഘുവീർ സാഹ്നിയെ (50) കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ ശിവ് ശങ്കറാണ് (26) അറസ്റ്റിലായത്.

ഗുജറാത്തിലെ സൂറത്തിൽ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന ശിവ് ശങ്കർ, ‘ദൃശ്യം 3’ കണ്ടശേഷമാണ് പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബസ്വത്തിനെച്ചൊല്ലി പിതാവുമായി ഇയാൾക്ക് നിരന്തരം തർക്കമുണ്ടായിരുന്നു.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ഇയാൾ സൂറത്തിൽനിന്ന് സമസ്തിപുരിലെത്തിയത്. വീട്ടിലെത്തിയ ശേഷം പിതാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി പട്ടോറി റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങി. എന്നാൽ സ്റ്റേഷനിലെത്തിയപ്പോൾ ഫോൺ ഓൺ ചെയ്ത് ഭാര്യയെ വിളിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.

കൊലപാതക ദിവസം ഇയാളുടെ ഫോൺ പട്ടോറി സ്റ്റേഷൻ പരിധിയിലുണ്ടായിരുന്നതായി സൈബർ പരിശോധനയിൽ കണ്ടെത്തി. ഏകദേശം 36 മണിക്കൂറിന് ശേഷം ഫോൺ വീണ്ടും സൂറത്തിൽ ഓണായതും പൊലീസിന് സംശയം ശക്തമാക്കി. തുടർന്ന് സൂറത്തിലെത്തിയ അന്വേഷണസംഘം ശിവ് ശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാതിരുന്നതും അന്വേഷണത്തിൽ സംശയത്തിനിടയാക്കിയിരുന്നു. ‘ദൃശ്യം’ സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here