29.7 C
Kollam
Friday 18th September, 2026 | 06:38:25 PM
Home News Breaking News നന്ദിഗ്രാമിൽ നാടകീയ നീക്കങ്ങൾ, മമതയുടെ സ്ഥാനാർത്ഥി പിന്മാറി; ഇരു തൃണമൂൽ വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നവും...

നന്ദിഗ്രാമിൽ നാടകീയ നീക്കങ്ങൾ, മമതയുടെ സ്ഥാനാർത്ഥി പിന്മാറി; ഇരു തൃണമൂൽ വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നവും അനുവദിച്ചു

കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ടതിന് പിന്നാലെ മമത ബാനർജിക്ക് അടുത്ത തിരിച്ചടിയായി നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ നിന്ന് അവരുടെ സ്ഥാനാർത്ഥി പിന്മാറി. അധ്യാപികയായ സഞ്ചിത പ്രധാൻ ഡേയെ ആണ് മമത ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Also Read: വാഹനാപകടത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് പരുക്ക്

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടതിന് പിന്നാലെയാണ് സഞ്ചിത നാമനിർദേശ പത്രിക പിൻവലിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സഞ്ചിതയുടെ പിന്മാറ്റം. മമതയെ സംബന്ധിച്ച് രാഷ്ട്രീയമായും വൈകാരികമായും ഏറെ പ്രാധാന്യമുള്ള ഒരു സീറ്റിൽ സഞ്ചിതയെ പോലെ ഒരു പുതുമുഖ സ്ഥാനാർത്ഥിയെ നിർത്തിയത് ഏറെ കൗതുകമുണർത്തിയിരുന്നു. സ്ഥാനാർത്ഥി പിന്മാറിയതോടെ നന്ദിഗ്രാമിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ മമത വിഭാഗം തീരുമാനിച്ചു.

പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചു. മമത ബാനർജി നയിക്കുന്ന വിഭാഗത്തിന് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ഫുട്ബോൾ താരം (Football Player) എന്ന ചിഹ്നവുമാണ് ലഭിച്ചത്. അരൂപ് റോയ് നയിക്കുന്ന വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്ന പേരും കവർ (Envelope) ചിഹ്നവും അനുവദിച്ചു. പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഇരു ഗ്രൂപ്പുകളെയും അംഗീകൃത രാഷ്ട്രീയ പാർട്ടികളായി പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പാർട്ടിയുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള ആഭ്യന്തര തർക്കത്തെ തുടർന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പൂക്കളും പുല്ലും എന്ന ചിഹ്നവും മരവിപ്പിച്ചിരുന്നു.

ഒക്ടോബർ 6-ന് നന്ദിഗ്രാം, റെജിനഗർ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാാമിലും ഭവാനിപൂരിലും വിജയിച്ചതോടെ ഒരിടത്ത് രാജി അനിവാര്യമായി വന്നു. അദ്ദേഹം ഭവാനിപൂർ നിലനിർത്തി നന്ദിഗ്രാമിൽ രാജിവച്ചു. രണ്ടിടത്ത് വിജയിച്ച ആം ജനതാ ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമയൂൺ കബീർ രാജിവച്ചതിനെ തുടർന്നാണ് റെജിനഗർ സീറ്റ് ഒഴിവുവന്നത്.

മമത ബാനർജിക്കും TMC വിമതർക്കും തിരിച്ചടി; പാർട്ടി ചിന്ഹവും പേരും ഉപയോഗിക്കാൻ കഴിയില്ല

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 36 പ്രകാരമുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി, പാർട്ടിയുടെ പുതിയ പേരും ചിഹ്നങ്ങളുമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഈ പേരും ചിഹ്നവും തുടരും എന്നാണ് അറിയിപ്പ്. പാർട്ടിയുടെ സംഘടനാപരമായ അധികാരം, ദേശീയ വർക്കിംഗ് കമ്മിറ്റിയുടെ സാധുത, ഭാരവാഹികളുടെ നിയമനം എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

ഋതബ്രത ബാനർജി പിന്തുണയ്ക്കുന്ന അരൂപ് റോയ് വിഭാഗം, നിലവിലുള്ള ദേശീയ വർക്കിംഗ് കമ്മിറ്റിയുടെ കാലാവധി 2025 ഫെബ്രുവരി 11-ന് അവസാനിച്ചുവെന്നും അതിനാൽ അതിന് സാധുതയില്ലെന്നും വാദിക്കുന്നു. എന്നാൽ പാർട്ടി ഭരണഘടനയിലെ ഭേദഗതി വഴി ദേശീയ വർക്കിംഗ് കമ്മിറ്റിയുടെയും മറ്റ് സമിതികളുടെയും കാലാവധി മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തിയിട്ടുണ്ടെന്ന് മമതാ ബാനർജി വിഭാഗം നേതാക്കൾ അവകാശപ്പെടുന്നു.

1968-ലെ ഇലക്ഷൻ സിംബൽസ് ഓർഡറിലെ പാരഗ്രാഫ് 15 പ്രകാരം യഥാർത്ഥ പാർട്ടിയെ ഏത് വിഭാഗമാണ് പ്രതിനിധീകരിക്കുന്നത് എന്ന് തീരുമാനിക്കാൻ വിശദമായ പരിശോധന ആവശ്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അത് പൂർത്തിയാകുന്നതുവരെ, മുൻഗണന അടിസ്ഥാനത്തിൽ മൂന്ന് പേരുകളും ചിഹ്നങ്ങളും സമർപ്പിക്കാൻ ഇരു വിഭാഗങ്ങളോടും ആവശ്യപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here