Home News National സുഹൃത്തുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി

സുഹൃത്തുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി

സുഹൃത്തുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ലങ്കര്‍ ഹൗസിലുള്ള ഹോട്ടല്‍ മുറിയിലാണ് സംഭവം. അല്‍വാല്‍ സ്വദേശിനിയായ 26കാരി രേണുകയാണ് മരിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ ഒരു പബ്ബില്‍ ജോലിചെയ്തുവരികയായിരുന്നു. രേണുകയ്‌ക്കൊപ്പം മുറിയെടുത്ത യുവാവിനെ കണ്ടെത്തിയെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രേണുകയും ഒരു യുവാവും ചേര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ഈ യുവാവ് ഹോട്ടലില്‍ നിന്നും പോവുകയും ചെയ്തു. തുടര്‍ന്ന് രാത്രിയോടെ ഭക്ഷണം കഴിച്ച് കിടന്ന രേണുകയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഹോട്ടല്‍ ജീവനക്കാരാണ് രേണുകയുടെ മരണവിവരം പൊലീസിനെ അറിയിച്ചത്.

ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പ്രകാരം രാത്രി 11.56ഓടെയാണ് രേണുക ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഇതിന് ശേഷം അവിടെ ആരും വന്നുപോയിട്ടുമില്ല. രേണുകയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സുഹൃത്തിനെ 12.24ഓടെ വിഡിയോ കോള്‍ ചെയ്തതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രേണുക ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു. സത്യ എന്ന സുഹൃത്തുമായാണ് രേണുക ആ രാത്രി വിഡിയോ കോളില്‍ സംസാരിച്ചത്. രേണുകയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രേണുകയ്ക്ക് ഒപ്പം മുറിയെടുത്ത സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here