25.6 C
Kollam
Tuesday 18th August, 2026 | 09:38:58 AM
Home News Kerala മുന്‍കൂട്ടി അറിയിപ്പൊന്നും നല്‍കാതെ എഴുന്നൂറോളം ജീവനക്കാരെ മെഡിക്കല്‍ കോഡിങ് കമ്പനി പിരിച്ചുവിട്ടു

മുന്‍കൂട്ടി അറിയിപ്പൊന്നും നല്‍കാതെ എഴുന്നൂറോളം ജീവനക്കാരെ മെഡിക്കല്‍ കോഡിങ് കമ്പനി പിരിച്ചുവിട്ടു

കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കല്‍ കോഡിങ് കമ്പനി മുന്‍കൂട്ടി അറിയിപ്പൊന്നും നല്‍കാതെ ഏഴുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. ‘കോറോ ഹെല്‍ത്ത്’ എന്ന കമ്പനിയാണ് പിരിച്ചുവിടല്‍ മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജീവനക്കാരെ അറിയിച്ചത്. എച്ച്.ആര്‍ വിഭാഗം ഓരോരുത്തര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയായിരുന്നു മാനേജ്മെന്റിന്റെ ഈ ക്രൂരമായ നടപടി. സാധാരണയായി തൊഴില്‍ കരാറുകളില്‍ പറയുന്ന നോട്ടീസ് കാലയളവ് പോലും പാലിക്കാന്‍ കമ്പനി തയ്യാറായില്ല. പല ജീവനക്കാരും തങ്ങളുടെ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാനായി രാവിലെ ഏഴേമുക്കാലോടെ തന്നെ ലോഗിന്‍ ചെയ്ത് ജോലിയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരുമെന്ന ഭയത്താല്‍ അതികഠിനമായി അധ്വാനിച്ചവര്‍ക്ക് ലഭിച്ച സമ്മാനം അപ്രതീക്ഷിതമായ പുറത്താകല്‍ മാത്രമായിരുന്നു.

കമ്പനിക്ക് ലാഭമില്ലെന്നും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നുമാണ് മാനേജ്മെന്റ് നിരത്തുന്ന ന്യായീകരണം. എന്നാല്‍, പതിനായിരത്തോളം ജീവനക്കാരുള്ള സ്ഥാപനം ഉത്തര്‍പ്രദേശിലും ഹൈദരാബാദിലും പുതിയ റിക്രൂട്ട്മെന്റുകള്‍ നടത്തുമ്പോള്‍ കേരളത്തിലെ മാത്രം ജീവനക്കാരെ ഒഴിവാക്കുന്നത് വിവേചനമാണെന്ന് ഇവര്‍ ആരോപിക്കുന്നു.

കമ്പനിയുടെ ഔദ്യോഗിക സീലുകള്‍ പോലുമില്ലാത്ത കടലാസിലാണ് പലര്‍ക്കും പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്തവരെ കൈകാര്യം ചെയ്യാന്‍ സുരക്ഷാ ജീവനക്കാരെന്ന പേരില്‍ ഗുണ്ടാസംഘത്തെ നിയോഗിച്ചെന്നാണ് ജീവനക്കാരുടെ ആരോപണം.

ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നതാണ് ജീവനക്കാരുടെ പ്രാഥമിക ആവശ്യം. ഇനി ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നില്ലെങ്കില്‍, ഈ പെട്ടെന്നുള്ള നടപടിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പഠനത്തിനും മറ്റ് സാമ്പത്തിക ബാധ്യതകള്‍ക്കും മധ്യേ നില്‍ക്കുന്ന പലരും തൊഴില്‍ നഷ്ടപ്പെട്ടതോടെ വലിയ പ്രതിസന്ധിയിലാണ്. നീതി ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.