Home News National ഇന്ത്യയില്‍ മാക്ബുക്, ഐപാഡ് ശ്രേണിയിലെ ഉല്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ച് ആപ്പിള്‍

ഇന്ത്യയില്‍ മാക്ബുക്, ഐപാഡ് ശ്രേണിയിലെ ഉല്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ച് ആപ്പിള്‍

Advertisement

മുംബൈ : ഇന്ത്യയില്‍ മാക്ബുക്, ഐപാഡ് ശ്രേണിയിലെ ഉല്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ച് ആപ്പിള്‍. ചില പ്രീമിയം മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. വില വര്‍ധനവുണ്ടാകുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സൂചന നല്‍കിയിരുന്നു. പുതിയ നിരക്കുകള്‍ ആപ്പിള്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

നിരവധി മാക്ബുക്ക് മോഡലുകള്‍ വിപണിയിലെത്തിയ സമയത്തെ നിരക്കിനേക്കാള്‍ വലിയ വില വര്‍ധനവിലാണ് ഇപ്പോള്‍ ആപ്പിള്‍ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ വേരിയന്റുകള്‍ക്ക് പുറമെ ആപ്പിളിന്റെ പുതിയ ബഡ്ജറ്റ് ലാപ്ടോപ്പിന്റെ വിലയും കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്കന്‍ വിപണിയിലും ആപ്പിള്‍ ഈ വില വര്‍ധനവ് നടപ്പിലാക്കിയിട്ടുണ്ട്.

എം5 ചിപ്പോടുകൂടിയ മാക്ബുക് എയറിന്റെ (13 ഇഞ്ച്) പ്രാരംഭ വില 1,19,900 രൂപയായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 30,000 രൂപയുടെ വര്‍ധനവോടെ 1,49,900 രൂപയിലെത്തി. ഇതേ ശ്രേണിയിലെ 15 ഇഞ്ച് വേരിയന്റിന്റെ വില 1,44,900 രൂപയില്‍ നിന്ന് 35,000 രൂപ ഉയര്‍ന്ന് 1,79,900 രൂപയായി മാറി.

മാക്ബുക്ക് പ്രോ ശ്രേണിയിലാണ് വില വര്‍ധനവ് ഏറ്റവും കൂടുതല്‍ പ്രകടമായിരിക്കുന്നത്. എം5 ചിപ്പും 16 ജിബി റാമുള്ള ബേസ് 14 ഇഞ്ച് മാക്ബുക്ക് പ്രോ മുന്‍പ് 1,69,900 രൂപക്കാണ് പുറത്തിറങ്ങിയത്. ഇതിപ്പോള്‍ 2,39,900 രൂപക്കാണ് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70,000 രൂപയുടെ വന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്. ഇന്ത്യയില്‍ സമീപകാലത്ത് ആപ്പിള്‍ വരുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഏറ്റവും കുറഞ്ഞ നിരക്കില്‍ ആപ്പിള്‍ വിപണിയിലെത്തിച്ച ‘മാക്ബുക്ക് നിയോ’യുടെ വിലയില്‍ 10,000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ ബജറ്റ് മോഡലിന്റെ വില വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാവും. അതേസമയം മാക്ബുക് പ്രോ (14 ഇഞ്ച്) എം5 മാക്സ് വേരിയന്റിന് ഒറ്റയടിക്ക് 1 ലക്ഷം രൂപയാണ് കൂട്ടിയിരിക്കുന്നത്.

ഐപാഡ് ശ്രേണിയിലും സമാനമായ രീതിയില്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എം4 പ്രോസസ്സറുള്ള 11 ഇഞ്ച് ഐപാഡ് എയര്‍ മുന്‍പ് 64,900 രൂപക്കാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് 25,000 രൂപയുടെ വര്‍ധനവോടെ 89,900 രൂപയായി. കഴിഞ്ഞ വര്‍ഷം 99,990 രൂപക്ക് വിപണിയിലെത്തിയ എം5 ചിപ്പും 256 ജിബി ബേസ് സ്റ്റോറേജുമുള്ള ഐപാഡ് പ്രോയുടെ വില ഇപ്പോള്‍ 1,39,900 രൂപയായും വര്‍ധിച്ചു.

മെമ്മറിയാണ് ആപ്പിളിന്റെ വിപണന തന്ത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം. ഉയര്‍ന്ന ബേസ് റാം, യൂണിഫൈഡ് മെമ്മറി ആര്‍ക്കിടെക്ചര്‍ എന്നിവയോടെയാണ് പുതിയ മാക്ബുകുകളും ഐപാഡുകളും വിപണിയിലെത്തുന്നത്. എന്നാല്‍ എഐ കുതിപ്പോടെ ഇത്തരം മെമ്മറി ചിപ്പുകളുടെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് പ്രധാന കാരണം.

ഘടകഭാഗങ്ങളുടെ വില ഇത്രയും വേഗത്തില്‍ വര്‍ധിക്കുന്നത് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്. ആപ്പിളിന്റെ ഈ വിലവര്‍ധനവ് വിദ്യാര്‍ഥികള്‍, പഴയ മോഡലുകളില്‍ നിന്ന് പുതിയതിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍, ആപ്പിള്‍ ഇക്കോസിസ്റ്റത്തിലേക്ക് പുതുതായി പ്രവേശിക്കാന്‍ ഒരുങ്ങുന്ന ഉപയോക്താക്കള്‍ എന്നിവരുടെ തീരുമാനങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here