25.6 C
Kollam
Wednesday 12th August, 2026 | 07:34:10 AM
Home News Local കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ച്‌ പണം കവർന്നിരുന്ന മോഷ്ടാവ് പിടിയിലായി

കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ച്‌ പണം കവർന്നിരുന്ന മോഷ്ടാവ് പിടിയിലായി

കൊല്ലം :പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിലെയും ആരാധനാലയങ്ങളിലെയും കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ച്‌ പണം കവർന്നിരുന്ന മോഷ്ടാവ് പിടിയിലായി.

കല്ലിയോട് തേവന്നൂർ ചരുവിള പുത്തൻവീട്ടില്‍ അജീഷിനെയാണ് (30) പൂയപ്പള്ളി പൊലീസ് സാഹസികമായി പിടികൂടിയത്.

മീയന നാഗയക്ഷിക്കാവ്, പ്ലാങ്കുഴി മറുത അപ്പൂപ്പൻകാവ്, ചെങ്കൂർ അമ്പലംകുന്ന് വലിയവിള ഭഗവതി ക്ഷേത്രം ഉള്‍പ്പെടെയുള്ള നിരവധി ആരാധനാലയങ്ങളിലെ വഞ്ചികള്‍ കുത്തിത്തുറന്ന് കാണിക്കപ്പണം അപഹരിച്ച കേസുകളിലെ പ്രതിയാണ് ഇയാള്‍. ആരാധനാലയങ്ങള്‍ കൂടാതെ അമ്പലംകുന്ന് മേഖലയിലെ നിരവധി കടകള്‍ കുത്തിത്തുറക്കാൻ ശ്രമിച്ചതിന് പിന്നിലും അജീഷാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

തേവന്നൂർ പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന് പണം കവർന്ന കേസ് ഉള്‍പ്പെടെയുള്ള നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അജീഷ് മുൻപും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ മോചിതനായ ശേഷവും ഇയാള്‍ കവർച്ച തുടരുകയായിരുന്നു. അടുത്തിടെ നടന്ന വഞ്ചി മോഷണങ്ങളെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും പ്രതിയെ നിരീക്ഷിച്ചു വരികയുമായിരുന്നു. തുടർന്ന് ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം അതിരാവിലെയാണ് പൊലീസ് സംഘം പ്രതിയെ വളഞ്ഞു പിടികൂടിയത്.

പൂയപ്പള്ളി സി.ഐ ഷാജിമോന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രജനീഷ് മാധവൻ, ബാലാജി എസ്. കുറുപ്പ്, ബിനു ജോർജ്, രാജേഷ്, കൃഷ്ണകുമാർ, മധുസൂദനൻ, സി.പി.ഒമാരായ റിജു, അൻവർ, അജി രാജൻ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് മോഷണക്കേസുകള്‍ക്കും തുമ്പുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.