കൊല്ലം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ പോലീസിന്റെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ പുറത്ത്. പത്തനംതിട്ട കടമ്പനാട് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതി ഏനാത്ത് പോലീസ് അന്വേഷിച്ചില്ലെന്നാണ് ആരോപണം. ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള ദിവസം ഭർത്താവുമായി മകൾക്ക് തർക്കമുണ്ടായിരുന്നുവെന്നും യുവതിയുടെ ഫോൺ ഭർത്താവ് കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകിയിരുന്നു. യുവതിയുടെ പിതാവ് പോലീസിന് നൽകിയ പരാതിയുടെ പകർപ്പ് പുറത്തു വന്നു.
2026 ഫെബ്രുവരി 14 ന് പുലർച്ചെ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച പിതാവ് അന്വേഷണം ആവശ്യപ്പെട്ട് ഏനാത്ത് പോലീസിനെ സമീപിച്ചു. എന്നാൽ ഈ പരാതിയിൽ ആവശ്യമായ അന്വേഷണം നടന്നില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.മകളുടെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസം ഭർത്താവ് അനിൽകുമാറുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആത്മഹത്യയ്ക്ക് പിന്നിൽ ഭർത്താവുമായുള്ള തർക്കത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നായിരുന്നു പിതാവിന്റെ ആവശ്യം.മാത്രമല്ല, യുവതിയുടെ ഫോൺ ഭർത്താവ് കൊണ്ടുപോയെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ പരാതിയിൽ അന്വേഷണം നടത്താൻ ഏനാത്ത് പോലീസ് തയ്യാറായില്ല.യുവതി ആത്മഹത്യ ചെയ്തതിന്റെ പിറ്റേ ദിവസമാണ് പിതാവ് പരാതി നൽകിയത്.
ഭർത്താവിനെതിരെ പരാതി നിലനിൽക്കെ, കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
നിലവിൽ കേസിൽ പുനരന്വേഷണം ആരംഭിച്ചതോടെയാണ് നിർണായക വഴിത്തിരിവുണ്ടാകുന്നത്. യുവതിയുടെ ഭർത്താവ് അനിൽകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസ്,അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ പുറത്ത്
Advertisement































