ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അന്തർദേശീയ പാമ്പുകടി ബോധവത്ക്കരണ ദിനത്തിന്റെ ജില്ലാതല പരിപാടി കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ പി റ്റി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജനി മുഖ്യ പ്രഭാഷണം നടത്തി. ജില്ല എജ്യുക്കേഷൻ മീഡിയ ഓഫീസർ ശ്രീകുമാർ എസ് ദിനാചരണ സന്ദേശം നൽകി. വാർഡ് മെമ്പർ ജിഷ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ അജിത്കുമാർ, ഷാലിമ റ്റി, ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദുചന്ദ്ര എന്നിവർ സംസാരിച്ചു. ശെന്തുരണി വൈൽഡ്ലൈഫ് സാങ്ച്വറി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ലിജു താജുദീൻ ബോധവത്ക്കരണ ക്ലാസ് നയിച്ചു.
സെപ്റ്റംബർ 19 അന്തർദേശീയ പാമ്പുകടി ബോധവത്ക്കരണ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ സന്ദേശം “Snakebite Survivors and Rescuers – Champions for Change” (പാമ്പുകടി അതിജീവിച്ചവരും രക്ഷാപ്രവർത്തകരും മാറ്റത്തിനായുള്ള മുന്നണിപ്പോരാളികൾ) എന്നതാണ്.
2018 മുതലാണ് ഈ ദിനം ആചരിക്കുന്നത്. 2030-ഓടെ പാമ്പുകടി മൂലമുള്ള മരണവും വൈകല്യവും പകുതിയായി കുറയ്ക്കുന്നതിനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ NPPCSE (പാമ്പുകടി മൂലമുള്ള വിഷബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടി) നടപ്പിലാക്കിവരുന്നു.
പാമ്പുകടി ഒഴിവാക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കുകയും വേണം. ഷൂസ്, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനുമുമ്പ് പരിശോധിക്കണം.
പാമ്പുകടിയേറ്റാൽ
കടിയേറ്റയാളെ പരിഭ്രാന്തനാക്കാതെ ശാന്തനാക്കുക. കടിയേറ്റ ഭാഗം പരമാവധി അനക്കാതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. താലൂക്ക് തലത്തിലെയും അതിനു മുകളിലെയും ആശുപത്രികളിൽ ആവശ്യമായിടത്ത് ASV (Anti-Snake Venom – പാമ്പ് വിഷത്തിനെതിരായ പ്രതിവിഷം) ചികിത്സ ലഭ്യമാണ്.
കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കുകയോ രക്തം ഊറ്റിയെടുക്കുകയോ മുറുക്കി കെട്ടുകയോ ലേപനങ്ങൾ പുരട്ടുകയോ ചെയ്യരുത്. കടിച്ച പാമ്പിനെ അന്വേഷിച്ച് സമയം കളയരുത്; ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ കാത്തിരിക്കുകയുമരുത്.
യഥാസമയം ശരിയായ പ്രഥമശുശ്രൂഷയും ചികിത്സയും ലഭിച്ചാൽ പാമ്പുകടി മൂലമുള്ള ഗുരുതരമായ സങ്കീർണതകളും മരണവും ഒഴിവാക്കാൻ കഴിയും.




























