27.5 C
Kollam
Friday 18th September, 2026 | 11:15:35 PM
Home News Local ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 3 വര്‍ഷവും 1 മാസവും തടവ്

ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 3 വര്‍ഷവും 1 മാസവും തടവ്

കൊട്ടാരക്കര: ഓട്ടോറിക്ഷ ഡ്രൈവറെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷവും ഒരു മാസവും തടവും 25,500 പിഴയും ശിക്ഷ. കൊട്ടാരക്കര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എ. ഷാനവാസാണ് ശിക്ഷ വിധിച്ചത്. ചിതറ കിഴക്കുംഭാഗം മണിമന്ദിരം വീട്ടില്‍ വിനോദ് (50) ആണ് പ്രതി.
2022 ഡിസംബര്‍ 28ന് രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. കിഴക്കുംഭാഗം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുന്‍വിരോധത്തെ തുടര്‍ന്ന് കിഴക്കുംഭാഗം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഹരീഷ് കുമാറിനെ പ്രതി തടഞ്ഞുനിര്‍ത്തി തള്ളിയിട്ട ശേഷം കൈവശമുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ചിതറ പോലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ജി. അനില്‍കുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും അഞ്ച് തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക പരിക്കേറ്റ ഹരീഷ് കുമാറിന് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വെളിയം കെ. ഷാജി ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here