27.7 C
Kollam
Sunday 13th September, 2026 | 07:38:51 PM
Home News Local കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയിലൂടെ മെമു സര്‍വ്വീസ് ആരംഭിക്കണം; എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയിലൂടെ മെമു സര്‍വ്വീസ് ആരംഭിക്കണം; എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം ചെങ്കോട്ട റെയില്‍വേ പാതയിലൂടെ മെമു സര്‍വ്വീസ് ആരംഭിക്കണമെന്നും, കൊല്ലം ദക്ഷിണ റയില്‍വേയുടെ മെമു ഹബ്ബായി മാറുമ്പോള്‍ കൊല്ലം – ചെങ്കോട്ട മെമു സര്‍വ്വീസിന് മുന്‍ഗണന നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ന്യുഡല്‍ഹിയില്‍ റയില്‍വേ മന്ത്രി അശ്വനി വൈഷണവിനെ നേരില്‍ കണ്ട് നിവേദനം നല്‍കിയാണ് ആവശ്യം ഉന്നയിച്ചത്.

പാതയിലെ തീവണ്ടികള്‍ പൂര്‍ണ്ണമായും ഐ.സി.എഫില്‍ നിന്നും എല്‍.എച്ച്.ബി ലേയ്ക്ക് മാറ്റുക, കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, വേഗത കൂട്ടുക, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുക, രാവിലെയും വൈകുന്നേരവും കൊല്ലം – ചെങ്കോട്ട പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കുക പാതയിലൂടെ ഓടുന്ന തീവണ്ടിയില്‍ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പാസഞ്ചര്‍ ട്രെയിനുകളും മെമ്മു സര്‍വ്വീസുകളും ആവശ്യത്തിനില്ലാത്തതിനാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് പാതയുടെ പ്രയോജനം ലഭിക്കുന്നില്ല. ചെറിയ സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. മെമു/പാസഞ്ചര്‍ സര്‍വ്വീസ് രാവിലെയും വൈകുന്നേരവും കൊല്ലം ചെങ്കോട്ട പാതയില്‍ വേണമെന്നാവശ്യം വര്‍ദ്ധിച്ചു വരികയാണ്. പാതയുടെ ഗേജ് മാറ്റത്തിനും വൈദ്യുതീകരണത്തിനുമായി 500 കോടിയിലേറെ രൂപ മുടക്കിയിട്ടും പാത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ഗേജ് മാറ്റത്തിന് മുമ്പുണ്ടായിരുന്ന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കണം. എല്‍എച്ച്ബി കോച്ചുകള്‍ ഘടിപ്പിച്ചാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. കോച്ചുകളുടെ എണ്ണ കുറവ് മൂലം തിരക്ക് വര്‍ദ്ധിക്കുകയും വേഗത കുറവ് യാത്രാ സമയം കൂട്ടുകയും ചെയ്യുന്നു. റയില്‍പ്പാത കമ്മീഷന്‍ ചെയ്തിട്ടും അതിന്റെ പ്രയോജനം പാത കടന്ന് പോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ലഭ്യമാകാത്ത സാഹചര്യമാണ്. തെന്മല, ആര്യങ്കാവ് തുടങ്ങി വളരെപ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ പോലും എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് നിലവിലില്ല. ദക്ഷിണ ഭാരതത്തിലെ പ്രകൃതി ഭംഗി കൊണ്ട് ആകര്‍ഷണീയമായതും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിചേരാന്‍ കഴിയുന്നതുമായ കൊല്ലം – ചെങ്കോട്ട പാതയില്‍ വിസ്റ്റാഡോം കോച്ച് അനുവദിക്കേണ്ടത് അനിവാര്യമാണ്. റയില്‍വേയ്ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ നടപ്പാക്കാന്‍ കഴിയുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കി കൊല്ലം – ചെങ്കോട്ട പാത പരമാവധി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.