29.4 C
Kollam
Sunday 13th September, 2026 | 07:14:28 PM
Home News Breaking News കൊട്ടാരക്കരയില്‍ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

കൊട്ടാരക്കരയില്‍ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

കൊട്ടാരക്കര: മൂഴിക്കോട് യുവാവിനെ അയല്‍വാസി കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ചെമ്പട്ട്വിള പുത്തന്‍വീട്ടില്‍ ആദര്‍ശ് (30) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ നെല്ലിവിള വീട്ടില്‍ സുനില്‍കുമാര്‍ (40) ആണ് പ്രതി.
മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകിട്ട് പ്രതിയുടെ വീട്ടില്‍ ഇരുവരും മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സിറ്റൗട്ടില്‍ ഇരുന്ന ആദര്‍ശിനെ സുനില്‍കുമാര്‍ വീട്ടിലുണ്ടായിരുന്ന കോടാലിയെടുത്ത് വെട്ടുകയായിരുന്നു. നിരവധി വെട്ടേറ്റാണ് ആദര്‍ശ് മരിച്ചത്.
കൊലപാതകത്തിന് പിന്നാലെ ആദര്‍ശിന്റെ മൃതദേഹത്തില്‍ പൂക്കള്‍ വച്ച ശേഷം പ്രതി ബന്ധുവിന്റെ വീടിന് സമീപം പതുങ്ങിനിന്നു. വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പോകാന്‍ ആവശ്യപ്പെട്ടതോടെ പ്രതി തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചത്. പോലീസ് സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു.
തേവലപുരത്ത് നിന്നെത്തിയ സുനില്‍കുമാര്‍ രണ്ട് വര്‍ഷത്തോളമായി മൂഴിക്കോടാണ് താമസം. പരിസരവാസികളുമായി അധികം അടുപ്പം കാണിക്കാത്ത സ്വഭാവക്കാരനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി പോലീസ് കണ്ടെത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആദര്‍ശിന്റെ മാതാപിതാക്കള്‍: അശോകന്‍, അശോക. സഹോദരി: അശ്വതി.