ശാസ്താംകോട്ട:ലഹരി ഉപയോഗവും വിൽപ്പനയും സംഭരണവും പൂർണമായും തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ‘തൂഫാൻ’ വിശാതെ കുന്നത്തൂർ താലൂക്ക്.മുമ്പ് ജില്ലയിൽ ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പോലീസ് സ്റ്റേഷനുകൾ കുന്നത്തൂർ താലൂക്കിലെ ശൂരനാടും ശാസ്‌താംകോട്ടയുമായിരുന്നു.
കുന്നത്തൂർ താലൂക്കിലെ ശൂരനാട് വടക്ക്,പോരുവഴി, കുന്നത്തൂർ പഞ്ചായത്തുകൾ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ ആയതിനാൽ വലിയ അളവിൽ തന്നെ ലഹരിക്കേസുകൾ പിടിക്കപ്പെടുമായിരുന്നു.മുമ്പ് ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് ശാസ്‌താംകോട്ട,ശൂരനാട് പോലീസ് നടത്തിയിരുന്നത്.ഓരോ മാസവും സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകളെ രാസ ലഹരിയുമായി പിടികൂടുന്നത് പതിവായിരുന്നു.എന്നാൽ ഇപ്പോഴത് പൂർണമായും നിലച്ചമട്ടാണ്.പോലീസിലെ സ്ഥലം മാറ്റം അനശ്ചിതമായി നീളുന്നതാണ് ഇതിനുള്ള കാരണമെന്നാണ് അറിയുന്നത്.ശേഷം തസ്‌തിക നിർത്തലാക്കി പഴയ പോലെ ശൂരനാട് സ്റ്റേഷനെയും ഉൾപ്പെടുത്തി ശാസ്‌താംകോട്ടയിൽ സി.ഐ നിയമിക്കുമെന്നാണ് അറിയുന്നത്.നിലവിലെ ശാസ്‌താംകോട്ട ഡിവൈഎസ്പിക്കും മാറ്റമുണ്ടാകും.നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് എത്തിയ എസ്എച്ച്ഒയും എസ്.ഐമാരുമാണ് നിലവിൽ ഇരു സ്റ്റേഷനുകളിലുമുള്ളത്.ഏത് നിമിഷവും സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കുന്നതിനാൽ ഇവർ ‘തൂഫാൻ’ വേട്ടയ്ക്ക് വലിയ പ്രാധാന്യം നൽകുന്നില്ലെന്നാണ് പറയപ്പെടുന്നത്.
‘തൂഫാൻ’ ആരംഭിച്ച ശേഷം സംസ്ഥാനത്താകെ നൂറുകണക്കിന് കേസുകൾ പിടി കൂടിയിട്ടും കുന്നത്തൂർ താലൂക്കിലെ സ്‌റ്റേഷനുകളിൽ ഒരെണ്ണം പോലും പിടികൂടാത്തതിൻ്റെ കാരണവും ഇതു തന്നെയെന്നാണ് ലഭിക്കുന്ന വിവരം.ഒരിടത്തും പരിശോധനകളും കാര്യമായി നടക്കുന്നില്ല.നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വൻതോതിൽ ലഹരി വിൽപ്പനക്കാരെ പിടി കൂടിയിരുന്നു.കഴിഞ്ഞ മേയ് മാസം
കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27),കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്.ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്നും 23ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ
യുവതി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.ശൂരനാട് തെക്ക് പതാരം തൃക്കുന്നപ്പുഴ വടക്ക് കൊച്ചുതറ കിഴക്കതിൽ രാഹുൽ കൃഷ്ണൻ(32) ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിവന്നതിന് കഴിഞ്ഞ വർഷം ശൂരനാട് പോലീസ് പിടികൂടിയിരുന്നു.ശൂരനാട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ യുമായി കൊല്ലം രണ്ടാംകുറ്റി കരിങ്കുളം അനന്തു ഭവനത്തിൽ അനന്തു(23),പെരിനാട് പാമ്പാലിൽ മനു രാജ് (25),പെരിനാട് പാമ്പാലിൽ
അയന്തി കോളനിയിൽ ബിനി രാജ് (26) എന്നിവർ മുമ്പ് പിടിയിലായിരുന്നു.ഇവരിൽ നിന്നും 1.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ പ്രകാശ്(21),മലപ്പുറം നിലമ്പൂർ മൈയൻതാണി വിളയിൽ വീട്ടിൽ അർജുൻ വി (21) എന്നിവർ ഉൾപ്പെടെ നിരവധി പേരെ ബാംഗ്ലൂരിൽ നിന്നെത്തിച്ച ലഹരി വസ്തുക്കളുമായി കഴിഞ്ഞ വർഷം പിടികൂടിയിരുന്നു.പോലീസ് സ്‌റ്റേഷൻ്റെ മൂക്കിൻ തുമ്പത്ത് ശാസ്‌താംകോട്ട തടാകതീരം കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും തകൃതിയാണെന്നും പരാതിയുണ്ട്.




































