24.7 C
Kollam
Saturday 18th July, 2026 | 08:54:13 AM
Home News Local ഡിവൈഎഫ്ഐ നേതാവായ ഷിബിൻ ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും തട്ടിയെടുത്തത് 27 ലക്ഷം

ഡിവൈഎഫ്ഐ നേതാവായ ഷിബിൻ ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും തട്ടിയെടുത്തത് 27 ലക്ഷം

ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് പഞ്ചായത്തിൽ നിന്നും തട്ടിയെടുത്തത് 27 ലക്ഷം രൂപയെന്ന് പോലീസ്.പ്രോജക്ട് അസിസ്റ്റൻ്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്.പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസ്സെടുത്ത ശാസ്താംകോട്ട സി.ഐ പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയ്യാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഈ തുക എബിൻ്റെ മാതാവിൻ്റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്.ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.2017ൽ പിൻവാതിൽ നിയമനത്തിലൂടെയാണ് എബിൻ പഞ്ചായത്തിൽ കടന്നുകൂടിയത്.ഇ- ഗ്രാം പോർട്ടൽ വഴിയാണ് തട്ടിപ്പ് നടത്തിയത്.പ്രോജക്ട് അസിസ്റ്റൻ്റിന്റെ ജോലി ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ജിയോ ടാകിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുക എന്നതുമാണ്.

എന്നാൽ സമാന്തര പ്രസിഡൻ്റായി പഞ്ചായത്തിൽ വിലസിയ എബിനെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയത് എൽഡിഎഫ് ഭരണ സമിതിയാണ്.തട്ടിപ്പ് നടത്താൻ സിപിഎമ്മിൻ്റെ നേരിട്ടുള്ള സഹായം ലഭിച്ചിരുന്നതായാണ് സൂചന.തട്ടിയെടുത്ത പണം പാർട്ടി നേതാക്കൾക്കും ജനപ്രതികൾക്കും അടുത്ത പ്രവർത്തകർക്കുമൊപ്പം ധൂർത്തടിക്കാനായി ഉപയോഗിച്ചിരുന്നതായാണ് പറയപ്പെടുന്നത്.അതിനിടെ എബിൻ നടത്തിയ തട്ടിപ്പിനെ കുറിച്ച്
മുൻ പഞ്ചായത്ത് ഭരണസമിതിക്കും നിലവിലെ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ വ്യക്തമായി അറിയാമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി പൊതു സമൂഹത്തിനുമുന്നില്‍ ഡിവൈഎഫ്‌ഐക്ക് അവമതിപ്പുണ്ടാക്കിയ എബിന്‍ കെ ഷിബുവിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയതായി ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്‌റ് എസ് സന്തോഷ് സെക്രട്ടറി എസ് സുധീര്‍ഷാ എന്നിവര്‍ അറിയിച്ചു.