30 C
Kollam
Wednesday 23rd September, 2026 | 02:39:31 PM
Home News Local മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടും

മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടും

കല്ലട.മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ നീളം കൂട്ടാനുള്ള പ്രവൃത്തികൾക്ക് അനുമതി നൽകുന്ന ഘട്ടത്തിലേക്ക് നടപടികൾ നീങ്ങുന്നു.
കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടന ‘ദ് കോസി’നെ റെയിൽവേ അധികൃതർ രേഖാമൂലം അറിയിച്ചതാണിത്.

റെയിൽവേ സ്റ്റേഷനുകളുടെയാകെ നവീകരണത്തിന്റെ ഭാഗമായി, രണ്ട് വർഷം മുമ്പ് പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടി സൗകര്യങ്ങൾ വർദ്ധി പ്പിച്ചെങ്കിലും 16 കോച്ചുകൾ വരെയുള്ള ട്രെയിനുകൾ നിർത്താനുള്ള നീളമേ ഇവിടെ യുള്ളൂ.പ്ലാറ്റ്ഫോമുകളുടെ രണ്ട റ്റത്തുമായി ഒഴുകുന്ന മാട്ടയിൽ, വാഴയിൽ തോടുകൾ തടസ്സമാകുന്നതാണ് കാരണം.

1980 മുതൽ മലബാർ എക്സ്സ്‌പ്രസ്സിനുണ്ടായിരുന്ന സ്റ്റോപ്പ്‌ പോലും ഇതുമൂലം നിർത്തലാക്കി. മെമു ഒഴികെ മിക്ക ട്രെയിനുകൾക്കും ഇപ്പോൾ 21 മുതൽ 24 കോച്ചുകൾ വരെയുണ്ട്. പ്ലാറ്റഫോം കഴിഞ്ഞ് തോടിനു മുകളിലും ബോഗികൾ വന്നു നിൽക്കുന്നതിലെ അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് രണ്ട് പതിറ്റാണ്ട് മുമ്പ് സ്റ്റോപ്പ്‌ റദ്ദാക്കിയത്.അന്ന് മുതൽ തന്നെ പ്ലാറ്റ്ഫോം വികസനത്തിന്‌ വേണ്ടി നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു വരികയാണ്.

പ്ലാറ്റ്ഫോം നീട്ടുമ്പോൾ,തോടിനു മുകളിൽ കൂടി നിർമാണത്തിനുള്ള സാങ്കേതിക നടപടികൾ വേണ്ടി വരും. പ്ലാറ്റ്ഫോം വടക്കോട്ട് നീട്ടുമെന്നാണ് ആദ്യം കരുതിയതെങ്കിലും, സാങ്കേതിക വശങ്ങൾ കണക്കിലെടുത്ത് തെക്കോട്ടാകും നിർമാണമെന്ന് സൂചനയുണ്ട്.

യാത്രക്കാർക്കുള്ള നടപ്പാലത്തിന്റെ പണി പുരോഗമിക്കുന്നതായി ഡിവിഷണൽ വർക്സ് വിഭാഗം അധികൃതർ അറിയിച്ചതായി പ്രസിഡന്റ്‌ മംഗലത്ത് ഗോപാല കൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ പറഞ്ഞു. പടികളുടെ കോൺക്രീറ്റ് ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.അടുത്ത മാസം നടപ്പാലം യാത്രക്കാർക്ക് തുറന്നു കൊടുക്കാൻ കഴിയും.

കണ്ണങ്കാട് തെക്കേകരയിൽ നിന്നും റെയിൽപ്പാതയ്ക്ക് സമാന്തരമായി റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് റോഡ്‌ നിർമ്മിക്കുന്ന കാര്യം നിലവിൽ പരിഗണനയിൽ വന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇതു സംബന്ധിച്ച യോഗത്തിൽ വി. എസ്. പ്രസന്നകുമാർ, കിടങ്ങിൽ മഹേന്ദ്രൻ, എൻ. അംബുജാക്ഷ പണിക്കർ, ഡി. ശിവപ്രസാദ്, പി. വിനോദ്, എസ്. സോമരാജൻ, എ. കെ. സഹജൻ, കളത്തറ ശാന്ത കുമാർ എന്നിവർ പങ്കെടുത്തു.