25.6 C
Kollam
Wednesday 12th August, 2026 | 09:07:32 AM
Home News Local പ്രധാന പാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ വന്‍ അപകടക്കെണിയുമായി കെഎസ്ഇബി

പ്രധാന പാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ വന്‍ അപകടക്കെണിയുമായി കെഎസ്ഇബി

ശാസ്താംകോട്ട. ചവറ പ്രധാന പാതയില്‍ വേങ്ങ പൊട്ടക്കണ്ണന്‍മുക്കില്‍ വന്‍ അപകടക്കെണിയുമായി കെഎസ്ഇബി. നിരവധി അപകടങ്ങള്‍ നടന്ന ഇവിടുത്തെ എസ് വളവില്‍ വീതികൂട്ടണം എന്ന ആവശ്യം പരിഗണിച്ച് റോഡ് പണിയില്‍ വര്‍ഷങ്ങള്‍മുമ്പ് ഇവിടുത്തെ കുഴി മണ്ണിറക്കി സൈഡ് വാള്‍കെട്ടി വീതി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വളവില്‍നില്‍ക്കുന്ന 11കെവി പോസ്റ്റ് നിരവധി പരാതിയുണ്ടായിട്ടും കെഎസ്ഇബി മാറിയിട്ടില്ല. അക്കാരണത്താല്‍ തന്നെ വീതി വര്‍ദ്ധിപ്പിച്ചതിന്‍റെ ഗുണം വാഹനയാത്രക്കാര്‍ക്ക് കിട്ടിയിട്ടില്ല. നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ മുമ്പും ഒരു കാര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. വളവില്‍ നിയന്ത്രണം വിട്ട് ഒരു കാര്‍ മരത്തിലിടിച്ച സംഭവവുമുണ്ടായി.

ഇപ്പോള്‍ ബ്ളോക്കുകള്‍ നിരത്തി ഇവിടെ വീണ്ടും വീതിയിലാക്കി. അത് കൂടുതല്‍ വിനയായിട്ടുണ്ട്. റോഡിന്‍റെ വീതി കൂടി എന്നു വിചാരിച്ച് വളവില്‍ തിരിയുന്ന വാഹനങ്ങള്‍ പോസ്റ്റില്‍ തട്ടാനുള്ള സാധ്യത ഏറെയാണ്. പോസ്റ്റുമാറ്റി വീതി വര്‍ധിപ്പിച്ച സ്ഥലം പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതേപോലെ അപകടാവസ്ഥയില്‍ ആദിക്കാട്ട് മുക്കിലും ഒരു പോസ്റ്റ് വളവില്‍തന്നെ കെഎസ്ഇബി നിലനിര്‍ത്തിയിട്ടുണ്ട്. അപകടം മുന്നില്‍കണ്ട്. പോസ്റ്റ് മാറ്റാന്‍ കെഎസ്ഇബി തയ്യാറാകാത്തപക്ഷം സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.