27.6 C
Kollam
Friday 11th September, 2026 | 10:17:20 PM
Home News Breaking News മുംബൈ നഗരത്തിലെ 12 നില കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ വൻ തീപിടിത്തം, യുവതിയും കുഞ്ഞും മരിച്ചു;...

മുംബൈ നഗരത്തിലെ 12 നില കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിൽ വൻ തീപിടിത്തം, യുവതിയും കുഞ്ഞും മരിച്ചു; നാല് പേർക്ക് പരിക്ക്

മുംബൈ: മുംബൈ നഗരത്തിലെ വിലെ പാർലെ വെസ്റ്റിലെ ബാപ്റ്റിസ്റ്റ റോഡിലുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടര വയസുള്ള കുഞ്ഞും 23 കാരിയായ യുവതിയും മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അങ്കിത (23), അബീർ (രണ്ടര) എന്നിവരാണ് മരിച്ചത്. പാർഥ് (32), ഹിരൺ (64), യശസ്വി, അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്.

Also Read: ഇന്ന് കർക്കിടക വാവ് ;ബലിതർപ്പണത്തിന് ആയിരങ്ങൾ

ആകെ 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ രാത്രി 10:08 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അതിവേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് രാത്രി 10:16 ഓടെ ഇതിനെ ‘ലെവൽ 2’ ദുരന്തമായി പ്രഖ്യാപിച്ചു. പതിനൊന്നാം നിലയിൽ കുടുങ്ങിപ്പോയ നിരവധി നിവാസികളെ മുംബൈ ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവർത്തനത്തിനിടയിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരെ ബോധരഹിതരായ നിലയിൽ കണ്ടെത്തുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ബാന്ദ്രയിലെ നാനാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള ബാക്കി നാലുപേരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

കെട്ടിടത്തിലെ ഇടനാഴികളിലും പരിസരത്തും കട്ടിയിൽ പുക നിറഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടു മണിക്കൂറോളം നീണ്ട ശ്രമഫലമായി അർദ്ധരാത്രിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.