Home News Local കുന്നത്തൂരിലെ ജനവാസ മേഖലയിൽ കള്ള് ഷാപ്പ്:ശക്തമായ പ്രതിഷേധവുമായിനാട്ടുകാർ

കുന്നത്തൂരിലെ ജനവാസ മേഖലയിൽ കള്ള് ഷാപ്പ്:ശക്തമായ പ്രതിഷേധവുമായിനാട്ടുകാർ

Advertisement

കുന്നത്തൂർ:ജനവാസ മേഖലയിൽ കള്ള് ഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.കുന്നത്തൂർ പഞ്ചായത്ത് 12-ാം വാർഡിൽ പുത്തനമ്പലം റോഡിൽ കരിമ്പിൻപുഴ മഹാദേവർ ക്ഷേത്രത്തിന് സമീപമാണ് അനധികൃതമായി ഷാപ്പ് സ്ഥാപിക്കാൻ ശ്രമം നടന്നത്.

പാലക്കാട് സ്വദേശിയുടെ ലൈസൻസിൽ തൊടിയൂർ സ്വദേശിയായ കരാറുകാരനാണ് രണ്ട് മാസം മുമ്പ് ഷാപ്പ് സ്ഥാപിക്കാനെത്തിയത്.തുടക്കത്തിൽ പ്രതിഷേധം ശക്തമായതോടെ കരാറുകാരൻ ഷാപ്പ് പ്രവർത്തിപ്പിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു.കളക്ടറുടെയും എക്‌സൈസിൻ്റെയു അനുമതിയോടെയാണ് തങ്ങൾ ഷാപ്പ് നടത്താൻ എത്തിയതെന്നും,പഞ്ചായത്തിൻ്റെയോ നാട്ടുകാരുടെയോ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കരാറുകാരൻ്റെ നിലപാട്.എന്നാൽ ചൊവ്വാഴ്ച പകൽ 2.30 ഓടെ പാലക്കാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിൽ കള്ള് നിറച്ച കുപ്പികളും ബോർഡും നിരീക്ഷണ ക്യാമറാ സംവിധാനങ്ങളെല്ലാം ഒരുക്കി കരാറുകാരനും സംഘവും എത്തുകയായിരുന്നു.സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.തുടർന്ന് വാർഡ് മെമ്പർ അനില,പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി അനുപമ ഉൾപ്പെടെ മറ്റ് പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.

ഇതിനിടയിൽ എത്തിയ പൊലീസ് ഷാപ്പ് നടത്തിപ്പുകാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും പ്രദേശവാസികളോട് തട്ടിക്കയറിയതായും പരാതിയുണ്ട്.സംഘർഷാവസ്ഥ നിലനിൽക്കെ മടങ്ങിയ പൊലീസ് ഏറെ നേരം കഴിഞ്ഞാണ് മടങ്ങി കെത്തിയത്.ഇതിനിടയിൽ നടത്തിപ്പുകാരൻ്റെ കൂടെയെത്തിയവർ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചതായും പ്രദേശവാസിയായ ദിലീപ് എന്നയാൾക്ക് പരിക്കേറ്റതായും പറയപ്പെടുന്നു.പ്രതിഷേധം ശക്തമായതോടെ കട പൂട്ടി താക്കോൽ ശാസ്‌താംകോട്ട പൊലീസിനു കൈമാറി.ഒരു ഭാഗത്ത് കല്ലടയാറും മറുഭാഗത്ത് ആഴത്തിൽ ചെളിയെടുത്ത പാടശേഖരങ്ങളും ഉൾപ്പെടുന്ന,ഏത് നിമിഷവും ദുരന്തം സംഭവിച്ചേക്കാവുന്ന ഭാഗത്തെ പ്രധാന റോഡിനോട് ചേർന്ന കാലഹരണപ്പെട്ട കെട്ടിടത്തിലാണ് ഷാപ്പ് പ്രവർത്തിക്കാൻ ശ്രമം നടന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here