ചവറ ക്ഷേത്രത്തിനുള്ളിലെ കൊല , മൊബൈല്‍ഫോണിനുവേണ്ടി വഴക്കിട്ടതിനു ശേഷം

പ്രതി ബിജു

ചവറ.സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് മൊബൈല്‍ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍. കേസില്‍ പ്രതിയായ യുവാവ് പോലീസ് പിടിയില്‍. കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ കണ്ണന്‍ മകന്‍ ബിജു(38) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. മധുരൈ ബോഡിലൈനില്‍ ഇല്ലിയാസ് നഗറില്‍ വേലുതേവര്‍ മകന്‍ മഹാലിംഗം(54) ആണ് ഇയാളുടെ അക്രമത്തില്‍ തലക്ക് അടിയേറ്റ് മരണമടഞ്ഞത്.

നീണ്ടകര പുത്തന്‍തുറ കൊന്നയില്‍ ക്ഷേത്രത്തിലെ പുനരുദ്ധാരണ ജോലിക്കായി എത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും അതിനിടയില്‍ മൊബൈല്‍ ഫോണിനെ ചൊല്ലി ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്യ്തു. തര്‍ക്കത്തിനൊടുവില്‍ കിടന്നുറങ്ങിയ മഹാലീംഗത്തെ പ്രതി പണിയായുധം ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് മാരകമായി പരിക്ക്പറ്റിയതിനെ തുടര്‍ന്ന് പ്രതി അപകടം പറ്റിയെന്ന് പറഞ്ഞ് ആംബുലന്‍സ് വിളിച്ച് വരുത്തുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ എത്തി പരിശോധിച്ചപ്പോള്‍ മഹാലിംഗം മരിച്ചതായി മനസ്സിലാക്കുകയും വിവരം ക്ഷേത്രഭാരവാഹികളെ അറിയിക്കുകയും ചെയ്യ്തു. ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ ചവറ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗ്രേഷ്യസ്, നൗഫല്‍, ഗോപാലകൃഷ്ണന്‍, എ.എസ്.ഐ അബ്ദുള്‍ റഹൂഫ്, സിപിഒ മാരായ അനു, രഞ്ജിത്ത്, ജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Advertisement