പാവുമ്പയില്‍ യുവാവിന്‍റെ ദുരൂഹ മരണം :സൈനികനായ സഹോദരന്‍ അറസ്റ്റില്‍

Advertisement

യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ബിഎസ്എഫ് സൈനികനായ സഹോദരന്‍ പോലീസ് പിടിയില്‍. കരുനാഗപ്പള്ളി പാവുമ്പ വടക്ക്, വാലേത്ത് വീട്ടില്‍ റെജി (34) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഇന്നലെ രാവിലെ 8 മണിയോടെ പ്രതിയുടെ സഹോദരന്‍ റോയി വീട്ടില്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് മരണപ്പെട്ടു കിടക്കുന്നു എന്ന വിവരമറിഞ്ഞ് പോലീസ് എത്തി മൃതദേഹം പരിശോധിക്കുകയും അസാധാരണമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരുന്നു.

കൊല്ലപ്പെട്ട റോയി

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റെന്നും അന്തരികാവയവങ്ങള്‍ക്ക് പരക്കേറ്റിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടിന്‍ പ്രകാരം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സഹോദരന്‍ കുറ്റം സമ്മതിച്ചത്. മരണമടഞ്ഞ റോയി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്. അന്നും മദ്യലഹരിയില്‍ അച്ഛനുമായി ഇയാള്‍ വഴക്കിടുന്നത് കണ്ട് റെജി സഹോദരനെ പിടിച്ചുമാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്യ്തു. ഇതാണ് മരണത്തിലേക്ക് നയിക്കാന്‍ ഇടയായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ബി.എസ്.എഫ് സൈനികനായ റെജി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം ഓച്ചിറ ഇന്‍സ്പെക്ടര്‍ നിസാമുദീന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി സ്റ്റേഷന്‍ എസ്.ഐ സുജാതന്‍ പിള്ള, എ.എസ്.ഐ വേണുകുട്ടന്‍, എസ്.സിപിഒ അനീഷ്, സിപിഒ രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement