തീവണ്ടിയാത്രയുടെ ആനന്ദ ലാവണ്യം, പുതുപ്പെണ്ണിനും ചെക്കനുമെന്താ തീവണ്ടിയില്‍ കാര്യം

Advertisement

കരുനാഗപ്പള്ളി . വിവാഹം വ്യത്യസ്തമാക്കുന്നതിനെപ്പറ്റിയുള്ള ഐഡിയക്കൊപ്പം വിവാഹത്തിന് എങ്ങനെയൊക്കെ പണം ധൂർത്തടിക്കാമെന്ന ചിന്തയിലാണ് യുവ തലമുറ. എന്നാൽ ഇവിടെ വ്യത്യസ്തരാവുകയാണ് ഈ നവദമ്പതികൾ. ചുരുങ്ങിയ ചെലവ് എന്നതിലുപരി പൊതു ഗതാഗത മാർഗം വിവാഹത്തിന് ഉപയോഗപ്പെടുത്താം എന്ന വ്യത്യസ്തമായ ഐഡിയകൂടി നടപ്പിലാക്കിയിക്കുകയാണ് ആനന്ദും ലാവണ്യയും. വിവാഹ സ്ഥലത്തേക്കും തിരികെ വധുവുമൊത്തുള്ള കന്നിയാത്രയും ട്രെയിൻ മാർഗ്ഗമാക്കിയാണ് ഇവർ വ്യത്യസ്തരായത്.

കരുനാഗപ്പള്ളി, വവ്വാക്കാവ്, സ്വാതിയിൽ അനിൽകുമാർ – താര ദമ്പതികളുടെ മകൻ ആനന്ദും തൃശ്ശൂർ, കോലഴി സ്വദേശികളായ സന്തോഷ് – ഇന്ദു ദമ്പതികളുടെ മകൾ ലാവണ്യയും തമ്മിലുള്ള വിവാഹം ബുധനാഴ്ച രാവിലെ 10.30 നും 11 മണിക്കും ഇടയിലുള്ള മുഹൂർത്തത്തിൽ തൃശ്ശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് നടന്നത്.

വിവാഹത്തിനായി വരൻ്റെ വീട്ടിൽ നിന്നും 52 പേരാണ് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പല ട്രെയിനുകളിലായി ഇവർ വെളുപ്പിന് 4.30 മുതൽ തൃശ്ശൂരിലേക്ക് തിരിച്ചു. വിവാഹം കഴിഞ്ഞ് എല്ലാവരും ജനശദാബ്ദിയിൽ വധൂവരന്മാരോടൊപ്പമായിരുന്നു തിരിച്ചുള്ള യാത്ര. തിരികെ 9 മണിയോടെ വവ്വാക്കാവിലെ വീട്ടിൽ ഇവർ എത്തിച്ചേർന്നു. വിവാഹ വേഷത്തിൽ വധൂവരന്മാരെ കണ്ടതും മറ്റു യാത്രക്കാർക്കും കൗതുകമായി. സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ സംഘം ആയിരുന്നു ട്രെയിനിൽ. ഇക്കാര്യം നേരത്തെ ഇവരെ അറിയിച്ചിരുന്നതായി അനിൽകുമാർ പറഞ്ഞു. വിവാഹ യാത്രയും വധുവിനോടൊപ്പമുള്ള മടക്കയാത്രയും ട്രെയിനിൽ ആക്കിയത് വ്യത്യസ്ത അനുഭവമായിരുന്നു എന്നാണ് വിവാഹത്തിൽ പങ്കെടുത്തവരും പറയുന്നത്. സോഫ്റ്റ് വെയർ എഞ്ചിനിയറായി എറണാകുളത്ത് ജോലി ചെയ്യുകയാണ് ആനന്ദ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് വധു ലാവണ്യ.

Advertisement