പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ കുതിക്കുന്നു… മുംബൈ ഇന്ത്യൻസിനെ തകർത്ത് എറിഞ്ഞത് ആറ് വിക്കറ്റിന്

ഐപിഎല്ലിൽ തുടര്‍ച്ചയായി മൂന്നാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയം. ഇതോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. പോയിന്റ് പട്ടികയില്‍ അവര്‍ ഏറ്റവും അവസാന സ്ഥാനത്താണ്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന കുറഞ്ഞ സ്‌കോര്‍ മാത്രമാണ് ഉയര്‍ത്തിയത്. രാജസ്ഥാന്‍ 15.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു ജയം പിടിച്ചു. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയം ആഘോഷിച്ചത്.
നാലാമനായി എത്തിയ റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ നെടുംതൂണായി മാറി. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. താരം 39 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 54 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കളി തീരുമ്പോള്‍ ശുഭം ദുബെ എട്ട് റണ്‍സുമായി പുറത്താകാതെ ഒപ്പം നിന്നു.

യശസ്വി ജയ്‌സ്വാള്‍ (10), ജോഷ് ബട്‌ലര്‍ (13), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12) എന്നിവര്‍ അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി. പിന്നീട് നാലാം വിക്കറ്റില്‍ റിയാനൊപ്പം ആര്‍ അശ്വിന്‍ ചേര്‍ന്നതോടെ രാജസ്ഥാന്‍ തിരിച്ചെത്തി. ഇടയ്ക്ക് അശ്വിന്‍ (16) മടങ്ങിയെങ്കിലും റിയാന്‍ പരാഗ് ഒരറ്റം കാത്ത് ജയം ഉറപ്പിച്ചു.

Advertisement