കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സിപിഎം ജില്ലാ സെക്രട്ടറി നാളെ ഹാജരാകണമെന്ന് ഇ ഡി ; കൂടുതൽ നേതാക്കൾക്ക് ഇന്ന് നോട്ടീസ് നൽകിയേക്കും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ബുധനാഴ്ച (നാളെ) ഹാജരാകാനാണ് നിർദേശം. രണ്ടാംഘട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കൂടുതൽ നേതാക്കൾക്ക് ഇന്ന് നോട്ടീസ് നൽകുമെന്ന് അറിയുന്നു.മുൻ മന്ത്രി എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്ക് ഇന്ന് നോട്ടീസ് നൽകിയേക്കും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതല കൂടിയുള്ള നേതാക്കളെയാണ് ഇ ഡി ലക്ഷ്യമിടുന്നത്.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം എന്നിവരെ നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായണ് ഇപ്പോൾ എംഎം വർഗീസിനെ വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും 6 തവണ എംഎം വർഗീസിന് ഇഡി നോട്ടീസ് നൽകിയിരുന്നു.4 തവണ ഹാജരായി.

സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനും, ധനമന്ത്രാലയത്തിനും, റിസർവ് ബാങ്കിനും ഇഡി ഇന്നലെ കൈമാറി. കരുവന്നൂർ കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കേരളത്തിലെ ബി ജെ പി പ്രവർത്തകർക്ക് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നിർണായ നീക്കം.

Advertisement