റോയലായി തുടങ്ങി രാജസ്ഥാന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തോടെ തുടക്കം. ആദ്യ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ജയന്റ്സിനെ 20 റണ്‍സിനു വീഴ്ത്തിയാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി. മറുപടി നല്‍കിയ ലഖ്നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ ഒതുങ്ങി.
11 റണ്‍സിനിടെ മൂന്ന് മുന്‍ നിര വിക്കറ്റുകളും നഷ്ടപ്പെട്ട ലഖ്നൗ പിന്നീട് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, നിക്കോളാസ് പൂരാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കരകയറ്റിയത്. എന്നാല്‍ അന്തിമ വിജയത്തിലെത്താന്‍ അതു തികഞ്ഞില്ല.
പൂരാന്‍ 41 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതം 64 റണ്‍സെടുത്തു. രാഹുല്‍ 44 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 58 റണ്‍സും കണ്ടെത്തി.
13 പന്തില്‍ രണ്ട് വീതം സിക്സും ഫോറും തൂക്കി 26 റണ്‍സെടുത്തു ദീപക് ഹൂഡയും കരുത്തായി. എന്നാല്‍ മറ്റൊരാളും രണ്ടക്കം കടന്നില്ല.
ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ നേടി. നാന്ദ്രെ ബര്‍ഗര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. സഞ്ജു 52 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും സഹിതം 82 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. 33 പന്തിലാണ് താരം 50ല്‍ എത്തിയത്. കളി തീരുമ്പോള്‍ സഞ്ജുവിനൊപ്പം ധ്രുവ് ജുറേലും പുറത്താകാതെ ക്രീസില്‍. താരം 12 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 20 റണ്‍സെടുത്തു.
യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്‌ലര്‍ (11) എന്നിവര്‍ പുറത്തായതതിനു പിന്നാലെ ഒന്നിച്ച സഞ്ജു സാംസണ്‍- റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാനെ തുണച്ചത്. റിയാന്‍ പരാഗിനെ നാലാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം ഫലം കണ്ടു. താരം 29 പന്തുകള്‍ നേരിട്ട് 43 റണ്‍സെടുത്തു. ഒരു ഫോറും മൂന്ന് സിക്‌സും പറത്തി. ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് പുറത്തായ മറ്റൊരു രാജസ്ഥാന്‍ ബാറ്റര്‍. താരം അഞ്ച് റണ്‍സ് മാത്രമാണ് എടുത്തത്. ലഖ്‌നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തു. മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Advertisement