ചൂട് കൂടുന്നു;പച്ചക്കറി വിപണിയും പൊള്ളുന്നു

Advertisement

കൊച്ചി: കൊടും ചൂടിനെ തടുക്കാൻ ആളുകള്‍ പല വഴികളും നോക്കുകയാണ്. ഉഷ്‌ണതരംഗ സാധ്യത മുതലാക്കി കുക്കുമ്പർ (സാലഡ് വെള്ളരി), ചെറുനാരങ്ങ തുടങ്ങിയവ വിപണിയിലെ വിലകൂടിയ താരങ്ങളായി മാറി.
മുമ്പ് കിലോക്ക് 20-30 രൂപവരെ ആയിരുന്നു കുക്കുമ്പറിന് വില. 60രൂപയും നൂറില്‍ താഴെ നിന്ന ചെറുനാരങ്ങയ്ക്ക് 140 രൂപയുമാണ് എറണാകുളം മാർക്കറ്റിലെ മൊത്ത വില. പട്ടണം കടന്നാല്‍ ചെറുനാരങ്ങയുടെ ചില്ലറ വില്പന 200ന് മുകളിലാണ്. നാരങ്ങാവെള്ളവും സലാഡും ചൂടിനെ പ്രതിരോധിക്കുന്നതിനാലാണ് ഈ രണ്ട് ഫലവർഗങ്ങളുടേയും ഡിമാന്റ് ഉയർന്നത്. തമിഴ്നാട്ടിലും ചൂടിന് ശമനമില്ലാത്തതിനാല്‍ ഉത്പാദനം കുറഞ്ഞെന്നും വ്യാപാരികള്‍ പറയുന്നു.

ബീൻസിനും പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് 140 രൂപയിലെത്തിയതോടെ ഉപഭോക്താക്കള്‍ ബീൻസിനെ കൈവിട്ടു. പയർ വർഗങ്ങളില്‍ ബീൻസിനോട് കിടപിടിക്കാൻ കെല്‍പ്പുള്ള കൊത്തമരക്ക് 40 രൂപയേയുള്ളൂ എന്നതും ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അച്ചിങ്ങ, വെണ്ട, പീച്ചിങ്ങ എന്നിവയാണ് വിലകൂടിയ ഇനങ്ങള്‍. അച്ചിങ്ങയും വെണ്ടയും 30 ല്‍ നിന്ന് 60 രൂപയിലേക്ക് ഉയർന്നു. പീച്ചിങ്ങയ്ക്ക് 80രൂപയാണ് ഇന്നലത്തെ വില. തക്കാളി (40), കാബേജ് (50), പടവലം (50), മുരിങ്ങ (40), പച്ചമാങ്ങ (40), പാവയ്ക്ക (80-100) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.മുമ്പ് കുറുപ്പന്തറ, മുട്ടിയറ, ഓണക്കൂർ, തലയോലപ്പറമ്പ് മേഖലയില്‍ നിന്ന് ആവശ്യത്തിന് നാടൻ പാവയ്ക്ക എറണാകുളം വിപണിയില്‍ എത്തിയിരുന്നു. അതുപോലും പഴങ്കഥയായി. പച്ചക്കറി കൃഷിവികസനത്തിന് എന്ന പേരില്‍ വർഷംതോറും കോടികള്‍ ചെലവഴിച്ചിട്ടും കേരളത്തിന്റെ മണ്ണില്‍ വിളയുന്ന പച്ചക്കറികളൊന്നും എറണാകുളം മാർക്കറ്റില്‍ എത്തുന്നില്ല. ആകെയുള്ളത് തൃശൂർ മേഖലയില്‍ നിന്നുള്ള കൂർക്ക മാത്രമാണ്.

പച്ചക്കറിയും പഴവർഗങ്ങളും മുതല്‍ സകല നിത്യോപയോഗ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് അയല്‍ സംസ്ഥാനത്ത് മഴ പെയ്താലും വെയില്‍ കടുത്താലും വില നല്‍കേണ്ടിവരുന്നത് കേരളമാണ്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനത്തെ വ്യാപാരികള്‍ക്കും ഇടനിലക്കാർക്കും ഏത് സാഹചര്യവും വിദഗ്ദ്ധമായി മുതലെടുക്കുന്നു.

Advertisement